തിരുവനന്തപുരം: ഗോത്രാചാരങ്ങള്‍ തെരുക്കൂത്താക്കുന്നതില്‍ നിന്നും ജില്ലാപഞ്ചായത്തും ഐടിഡിപിയും പിന്‍മാറണമെന്ന് ആദിവാസി മഹാസഭ. ജില്ലാ പഞ്ചായത്തും, ഐടിഡിപിയും തിരുവനന്തപുരം വിജെറ്റി ഹാളില്‍ ഗോത്ര വിശ്വാസങ്ങള്‍ തകര്‍ത്ത് നടത്തുന്ന‘അഗസ്‌ത്യോത്സവം പരിപാടിക്ക് എതിരെയാണ് ആദിവാസി മഹാസഭയുടെ പ്രതിഷേധം. ഗോത്രവിഭാഗങ്ങള്‍ പ്രത്യേകിച്ച് കാണിക്കാര്‍ സമുദായം ആരാധനയുടേയും ഭാഗമായി ക്ഷേത്രങ്ങളിലും ദൈവസാന്നിദ്ധ്യമുള്ളിടത്തും മാത്രം നടത്തിവരുന്ന ചാറ്റുപാട്ട് അഗസ്‌ത്യോത്സവത്തില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ചാറ്റുപാട്ട് കലാരൂപമല്ല, ദൈവസാന്നിദ്ധ്യം വിളിച്ചുവരുത്തി പരിഹാര കര്‍മ്മങ്ങള്‍ ചെയ്യുന്നതും മലദേവന്മാരെ ചാറ്റുപാട്ട് പാടി ശുദ്ധി വരുത്തി പൂജകൊടുക്കുന്നതുമായ ഗോത്രാചാരമാണ്. സര്‍ക്കാരും, രാഷ്‌ട്രീയ നേതൃത്വങ്ങളും പലപ്പോഴും തങ്ങളുടെ പരിപാടി പൊലിപ്പിച്ച് കാണിക്കുന്നതിനും, ആളെ കൂട്ടുന്നതിനുമായി ചാറ്റുപാട്ടിനെ തരം താഴ്‌ത്തി ഉപയോഗിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധവും, ഗോത്രവിഭാഗങ്ങളുടെ വിശ്വാസത്തിന്‍മേലുള്ള അവഹേളനവുമാണ്. ഈ നീക്കം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അംഗീകരിക്കാന്‍ കഴിയില്ലാ എന്നും ആദിവാസി മഹാസഭ അഭിപ്രായപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് സമരം സംഘടിപ്പിക്കുന്നതിനും, ആദിവാസി മഹാസഭ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു
















