തിരുവനന്തപുരം: തലസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാതെ മെഡിക്കല്‍കോളേജ് ആശുപത്രയിലെ ബ്ലഡ്ബാങ്ക്. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ജൂനിയര്‍ ലാബ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളിലാണ് ജീവനക്കാരുടെ കുറവ്. ഡെങ്കിപ്പനി ബാധിച്ച് പ്ലേറ്റ്‌ലറ്റ് കുറയുമ്പോള്‍ ആകെയുള്ള ചികിത്സ രോഗിക്ക് പ്ലേറ്റ്‌ലറ്റ് നല്‍കുക എന്നതുമാത്രമാണ്. തിരുവനന്തപുരത്ത് ഇരുപതിലധികം ബ്ലഡ് ബാങ്കുകളുണ്ടെങ്കിലും മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കാവശ്യമായ രക്തവും രക്തഘടകങ്ങളും മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള ബ്ലഡ് ബാങ്കില്‍ നിന്നു മാത്രമേ സ്വീകരിക്കുകയുള്ളൂ. മാത്രമല്ല, മറ്റ് ആശുപത്രികള്‍ക്കും ആര്‍സിസിയിലെ ഉള്‍പ്പെടെയുള്ള രോഗികള്‍ക്കും ആവശ്യമെങ്കില്‍ ഇവിടുന്ന് രക്തവും രക്തഘടകങ്ങളും നല്‍കണമെന്നാണ് വ്യവസ്ഥ.
100 പേരില്‍ നിന്നും രക്തം ശേഖരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം 250 പേര്‍ എത്തുന്നുണ്ട്.രക്തമെടുക്കുന്നതിന് നിലവില്‍ ട്രെയിനികളെയാണ് ഉപയോഗിക്കുന്നത്. ശേഖരിക്കുന്ന രക്തം ഘടകങ്ങളാക്കുന്നതിനോ പരിശോധന കുറ്റമറ്റ രീതിയില്‍ നടത്തുന്നതിനോ ക്രോസ്മാച്ച് ചെയ്ത് രോഗികള്‍ക്കു നല്‍കുന്നതിനോ ആവശ്യത്തിന് ജീവനക്കാരില്ല. പനി നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ടി വാര്‍ഡുകളില്‍ കൂടുതല്‍ നെഴ്‌സുമാരെയും ലാബുകളില്‍ ടെക്‌നീഷ്യന്മാരെയും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബ്ലഡ് ബാങ്കില്‍ അഞ്ച് ടെക്‌നീഷ്യന്മാരെയെങ്കിലും അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ടെങ്കിലും നിയമിച്ചിട്ടില്ല. നിലവിലുള്ള ട്രെയിനിമാരെ രക്ത ശേഖരണത്തിനു മാത്രമായാണ് വിനിയോഗിക്കുന്നത്. ടെക്‌നീഷ്യന്മാരെ നിയമിക്കുന്ന കാര്യത്തില്‍ അനാസ്ഥ തുടരുകയാണ്. ആരോഗ്യ വകുപ്പിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.
















