ബെംഗളൂരൂ: സോഫ്ട്വെയര് കയറ്റുമതി രംഗത്തെ മൂന്നാമത്തെ വമ്പന്‍ ഗ്രൂപ്പായ അസിം പ്രേംജിയുടെ വിപ്രോയുടെ ലാഭത്തില്‍ ഇടിവ്. ഇതേത്തുടര്‍ന്ന് പ്രേംജി ശമ്പളത്തില്‍ 63 ശതമാനം കുറവുവരുത്തി. ലാഭത്തില്‍ 4.69 ശതമാനമാണ് കുറവുണ്ടായത്.
71.4 ലക്ഷമാണ് പ്രേംജിയുടെ വാര്‍ഷിക വരുമാനം. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇത് 1.93 കോടിയായിരുന്നു. അമേരിക്കയിലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ചസ് കമ്മിഷന് മുമ്പാകെ കമ്പനി സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം അഞ്ചു ശതമാനത്തിനടുത്ത് ഇടിഞ്ഞിരുന്നു. 8,514 കോടി രൂപയായാണ് അറ്റാദായം താഴ്ന്നത്. ഇതാണ് പ്രതിഫലം കുറയ്ക്കാന്‍ കാരണം.
അസിം പ്രേംജിയുടെ മകനും കമ്പനിയുടെ ചീഫ് സ്ട്രാറ്റജി ഓഫീസറുമായ റിഷാദ് പ്രേംജിയുടെ ശമ്പളവും കുറഞ്ഞിട്ടുണ്ട്. 3,03,198 ഡോളറില്‍ (ഏതാണ്ട് രണ്ടു കോടി രൂപ) നിന്ന് 2,33,479 ഡോളര്‍ (ഏതാണ്ട് 1.54 കോടി രൂപ) ആയാണ് റിഷാദിന്റെ ശമ്പളം കുറഞ്ഞത്.
അതേസമയം, 2016 ഫെബ്രുവരിയില്‍ സിഇഒ പദവിയിലെത്തിയ ആബിദലി നീമൂച്വാലയുടെ ശമ്പളം ഉയര്‍ന്നിട്ടുണ്ട്. 20.8 ലക്ഷം ഡോളര്‍ (ഏതാണ്ട് 13.7 കോടി രൂപ) ആയാണ് അദ്ദേഹത്തിന്റെ ശമ്പളം ഉയര്‍ന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസില്‍ നിന്നാണ് ഇദ്ദേഹം വിപ്രോയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: