പാലക്കാട്: ജീവിതത്തിന്റെ നിറങ്ങള്‍ ചോര്‍ന്നൊലിക്കുമ്പോഴും പ്രകൃതിയെ പച്ചപ്പിന്റെ കുടചൂടിപ്പിക്കാനുള്ള ഒറ്റയാള്‍ പോരാട്ടത്തിലാണ് സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവര്‍.
സ്നേഹത്തിന്റെയും കരുതലിന്റെയും തണല്‍ വിരിച്ച് ശ്യാംകുമാറെന്ന നാല്പ്പത്തിയാറുകാരന് യാത്ര തുടരുകയാണ്. പ്രകൃതിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തേങ്കുറുശ്ശി കരിപ്പാന്‍കുളങ്ങര വീട്ടില്‍ ശ്യാംകുമാറിന്റെ പ്രവര്‍ത്തനം കേവലം പരിസ്ഥിതി ദിനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.രണ്ടുപതിറ്റാണ്ടിനിടെ ഇരുപതിനായിരത്തിലധികം വൃക്ഷത്തൈകളാണ് ഇദ്ദേഹം നട്ടുപിടുപ്പിച്ചത്. യാത്ര ഇന്നും തുടരുന്നു.ശ്യാംകുമാറിന്റെ ദിവസം തുടങ്ങുന്നതു തന്നെ പ്രകൃതിക്കുവേണ്ടിയാണ്.
എന്നാല്‍ താന്‍ കടന്നുപോകുന്ന വഴികളില്‍ തണല്‍മരങ്ങള്‍ വച്ചുപിടിപ്പിച്ചും അവയ്ക്ക് വേലികെട്ടി സംരക്ഷണമൊരുക്കിയും വെള്ളം നനയ്ക്കുന്നതിന് ഒരു കുപ്പിവെള്ളം അതിനടുത്ത് സ്ഥാപിച്ചായിരിക്കും മടങ്ങുക.
പത്ര ഏജന്റായിരുന്ന ഇദ്ദേഹം വായനയിലൂടെയാണ് പരിസ്ഥിതിയോടടുത്തത്.ശാര്‍ങ്ധരമുനിയുടെ വൃക്ഷായുര്‍വേദമെന്ന ഗ്രന്ഥത്തിലെ ഒരു മരം പത്ത് സല്പുത്രന്മാര്ക്കും തുല്യമെന്ന ചൊല്ലാണ് ഹരിതവത്ക്കരണത്തിലേക്ക് ശ്യാംകുമാറിനെ നയിച്ചത്.
പത്രവിതരണത്തിനുശേഷം ചെടികളുമായി പുറത്തിറങ്ങും. മാഹാളികുടം, മന്ദത്തുകാവ് എന്നിവിടങ്ങളിലായിരുന്നു ആദ്യം വൃക്ഷത്തൈ നട്ടത്. പിന്നീടത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു.കഴിഞ്ഞ എട്ട് വര്‍ഷമായി ഓട്ടോ ഓടിക്കുന്ന അദ്ദേഹം പക്ഷേ തന്റെ ദിനചര്യകള്‍ മുടക്കിയില്ല.രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വണ്ടിയില്‍ ഒരു കാന്‍വെള്ളവും , കമ്പിപ്പാരയും, കുറച്ച് തൈകള്‍ കരുതിയിട്ടുണ്ടാവും. യാത്രക്കാരെയിറക്കി റോഡരികില്‍ തൈനട്ട് വേലിയൊരുക്കി ഒരുകുപ്പിയില്‍ ചെറിയ ദ്വാരമിട്ട് വെള്ളമൊഴിച് വയ്ക്കും.
എവിടെയൊക്കെ ചെടി നട്ടിട്ടുണ്ടെന്ന് ശ്യാംകുമാറിന് കൃത്യമായി അറിയാം. ഓരോവട്ടം അതുവഴിപോകുമ്പോഴും വെള്ളം നിറച്ചു വയ്ക്കും.യാത്രക്കാരക്കും തൈകള്‍ നല്‍കാറുണ്ട്.
തേങ്കുറുശ്ശി,പെരുവെമ്പ്, കൊടുവായൂര്‍ എന്നിവിടങ്ങളില്‍ നട്ട തൈകളിന്ന് പടര്‍ന്ന് പന്തലിച്ച് നില്ക്കുന്നു. മാത്രമല്ല പാലക്കാട് മുതല്‍ ഒറ്റപ്പാലം വരെയും തൈകള്‍ നട്ടിട്ടുണ്ട് ഉങ്ങ്,കരിമരുത്, മണിമരുത്, മേയ് ഫ്ല്വര്, മാവ്,ഞാവല്‍,ഡിവിഡിവി, സിംഗപ്പൂര്‍ചെറി, ഇരപ്പ തുടങ്ങി വിവിധയിനം മരങ്ങളാണ് നടുന്നത്. ചെടികള്‍ക്ക് ചുറ്റും പുല്ലുവെട്ടുന്നതിനും മറ്റുമായി നാട്ടുകാരില്‍ നിന്നും സഹായം ലഭിക്കാറുണ്ട്. അതേസമയം മരസംരക്ഷണത്തിന് ഫണ്ടില്ലെന്ന് പറഞ്ഞ് വനം വകുപ്പ് കയ്യൊഴിയാറുമുണ്ട്.
2010ല്‍ ആറുമാസത്തേക്ക് വനംവകുപ്പില്‍ വാച്ചറായിജോലി ലഭിച്ചിരുന്നു. ജോലിക്കിടെ മരങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലകളക്ടര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് ഇവ നീക്കം ചെയ്യുവന്‍ ഉത്തരവിറക്കുകയുമുണ്ടായി. ശ്യാംകുമാറിന്റെ പരിസ്ഥിതി സ്നേഹത്തിന്റെ കഥകള്‍ എറണാകുളത്തെ മംഗളവനമെന്ന പക്ഷിസങ്കേതത്തിന്റെ ഇരുവശത്തുമുള്ള മരങ്ങള്‍ പറഞ്ഞുതരും.
റിട്ട ഹൈക്കോടതി ജസ്റ്റിസ് കെ.സുകുമാരന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് അവിടെ മരംവച്ചത്. ലക്ഷദീപില്‍ ജോലി ചെയ്യുന്ന സൃഹൃത്തിനും മരത്തൈയും വിത്തുകളും നല്‍കിയിരുന്നു. മക്കളുടെ പിറന്നാള്‍ ദിനങ്ങളിലും, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം മരിച്ചപ്പോള്‍ കശുമാവും, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിച്ചപ്പോള്‍ പൂവരസും നട്ടിരുന്നു. വിവാഹങ്ങള്‍ക്കും മറ്റും മരത്തൈകളാണ് സമ്മാനമായി നല്‍കാറുള്ളത്.
പാലക്കാടിന്റെ മുഖമുദ്രയായ കരിമ്പനകള്‍ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അഞ്ഞൂറോളം കരിമ്പനകള്‍ നട്ടുവളര്‍ത്തുന്നുണ്ട്. വനംവകുപ്പിന് ആയിരം വൃക്ഷത്തൈകളും നല്‍കിയിട്ടുണ്ട്.വേനലില്‍ വലയുന്ന കുരുവികളും,ജീവജാലങ്ങളും ദാഹമകറ്റാന്‍ ശ്യാംകുമാറിന്റെ വീട്ടിലെത്തും. കഴിഞ്ഞ അഞ്ചുവര്‍ഷമായി വീട്ടിലെ പറമ്പിലെ മരങ്ങളില്‍ ചെറിയ മണ്‍കുടങ്ങില്‍ വെള്ളം നിറച്ച് തൂക്കിയിട്ടിട്ടുണ്ട്.അവയക്ക് തീറ്റയും നല്‍കുന്നുണ്ട്.
രാവിലെ നേരത്തെ തന്നെ പക്ഷികള്‍ക്കായി ഒരുക്കിയ പാത്രം കഴുകി വൃത്തിയാക്കി വെള്ളം നിറച്ചു വയ്ക്കും. ദാഹജലവും തീറ്റയും തേടി 22തരം പക്ഷികളാണ് എത്താറുള്ളത്. ഇതില്‍ പലരും പറമ്പില്‍ തന്നെ കൂടൊരുക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാട്ടുപന്നികള്‍, പരുന്ത്, മലമ്പാമ്പ് എന്നിവയെ രക്ഷിച്ച് വനംവകുപ്പിന് കൈമാറിയിട്ടുണ്ട്.
പരിസ്ഥിതി സ്നേഹി എന്നതിനു പുറമെ സാമൂഹിക പ്രവര്‍ത്തകനും കൂടെയാണ് ശ്യാംകുമാര്‍. റോഡിലെ കുഴികളില്‍പെട്ടുള്ള വാഹനാപകടങ്ങള്‍ പതിവായപ്പോള്‍ നടപടിആവശ്യപ്പെട്ടു.റോഡുകളിലെ കുഴികള്‍ അടക്കുന്നതിന് ബന്ധപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കുകയും അവ അടപ്പിക്കുകയും ചെയ്തു.റോഡുകളില്‍ ദിശാസൂചിക സ്ഥാപിക്കുന്നതിന് നടപടിയുണ്ടാക്കി. താന്‍പഠിച്ച മാനാംകുളമ്പ് എല്‍പി സ്കൂളിന്റെ ശോചനീയവസ്ഥ കണ്ട് ഇത്തവണ പ്രവേശോത്സവത്തിനു മുന്നോടിയായി പെയ്ന്റടിച്ച് വൃത്തിയാക്കി.
ഇതിനകം ശ്യാംകുമാറിനെ തേടി നിരവധി പുരസ്കാരങ്ങളെത്തി. 2012ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര, 2016ല്‍ പരിസ്ഥിതിസംരക്ഷണ സംഘത്തിന്റെ ഭൂമിമിത്ര, 2011ല്‍ ജൈവവൈവിധ്യ ബോര്‍ഡിന്റെ ഹരിത പുരസ്കാരം, ഓയിസ്ക പുരസ്കാരം,പ്രകൃതിമിത്ര തുടങ്ങി വിവിധ പുരസ്കാരങ്ങള്‍ക്ക് ഉടമയാണ് അദ്ദേഹം.
കൈയേറ്റവും മലിനീകരണവും നിള നിത്യരോഗിയാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: