കോങ്ങാട്: ഒറ്റപ്പാലം താലൂക്കിലെ പത്ത് പഞ്ചായത്തുകള്‍ അടങ്ങുന്ന പാലിയേറ്റീവ് ജീവനക്കാര്‍ രോഗികളുടെ മനസ്സിന് ഉന്മേഷം പകരാന്‍ അവരെ ബാഹുബലി സിനിമക്ക് കൊണ്ടുപോയി.
വിവിധ പഞ്ചായത്തുകളില്‍ നിന്നായി അരക്ക് താഴെ തളര്ന്നവര്,ഉയരത്തില്‍ നിന്ന് വീണ് പരിക്കുപറ്റിയവര്‍, പോളിയോ ബാധിച്ചവര്‍ കാന്‍സര്‍ രോഗികള്‍, പരസഹായത്തോടെ ജീവിക്കുന്നവരടങ്ങുന്ന അറുപതോളം പേരും അവരുടെ കുടുബാംഗങ്ങളുമടക്കം നൂറ്റി ഇരുപതോളം പേരെയാണ് ഒറ്റപ്പാലം ജാസ് തിയ്യേറ്ററില്‍ സിനിമ കാണാന്‍ കൊണ്ടുപോയത്.
ശാരീരികമായി തളര്‍ന്ന ഇവരുടെ മാനസിക ഉന്മേഷം വീണ്ടെടുക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രവര്‍ത്തനമെന്ന് സിസ്റ്റര്‍ ആശ പറഞ്ഞു.
തിയ്യറ്ററില്‍ പോയി സിനിമ കാണുക എന്നത് ഒരിക്കലും സാധിക്കില്ല എന്നു കരുതിയിരിക്കുമ്പോഴാണ് സിസ്റ്റര്‍മാരും ജീവനക്കാരും ചേര്‍ന്ന് ഇങ്ങനെ ഒരു സൗകര്യം ഒരുക്കിയത്. തിയ്യറ്ററില്‍ മണിക്കൂറോളം ഒതുങ്ങി ഇരിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല പലരും. ഇടക്കിടെ പലരെയും എണീപ്പിച്ചു നിര്‍ത്തിയും പുറത്തു കൊണ്ടുപോയി കൊണ്ടുവന്നും സിസ്റ്റര്മാര് കൂടെ നിന്നു.
എണ്‍പത് രൂപ വരുന്ന ടിക്കറ്റ് പകുതിയോളം കുറച്ചു നല്കി തിയ്യറ്റര്‍ അംഗങ്ങളം ഈ ഉദ്യമത്തിന് കൂടെ നിന്നു. സിനിമക്ക് ശേഷം മനിശ്ശേരിയിലെ വരിക്കാശ്ശേരി മനയിലായിരുന്നു മുഴുവന്‍ പേര്‍ക്കുമുള്ള ഭക്ഷണം.നാടന്‍ പാട്ടിന്റെ അനുഭൂതി നല്കി തിര ഗ്രൂപ്പും പങ്കാളിയായി. വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ച പരിപാടിയോടെ പലരും പുതിയ മനുഷ്യരായി മനസ്സു തുറന്ന് ചിരിച്ചാണ് മടങ്ങിയത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പ്രിയ,പാലിയേറ്റീവ് സ്റ്റാഫ് നേഴ്ന് ആശാ ബിജു,സോജ , എന്നിവര്‍ നേതൃത്വം നല്കി.വരിക്കാശ്ശേരി മനയിലെ ഹരി,മുനിസിപ്പാലിറ്റി ജീവനക്കാര്‍ ,കമ്മ്യൂണിറ്റി നേഴ്സുമാര്‍,ഡിടിഎച്ച് പ്രവര്‍ത്തകരായ ബിജുവും അംഗങ്ങളും എന്നിവര്‍ നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: