പാലക്കാട്: 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പ്രത്യേക കാര്‍ഷിക മേഖല നടപ്പാക്കുന്നതിന് പ്രാഥമിക ചര്‍ച്ച തുടങ്ങി.
സംസ്ഥാനത്തെ 14 മേഖലകളാക്കി തിരിച്ച് ഓരോന്നിനും പ്രത്യേക ശ്രദ്ധ നല്കി വികസിപ്പിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയില്‍ നെല്‍കൃഷി വികസിപ്പിക്കുന്നതിനാണ് ജില്ലയില്‍ ലക്ഷ്യമിടുന്നത്. വിള ഉത്പാദനത്തിനായി മാത്രം പ്രതിവര്‍ഷം 600 കോടിയോളം സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. ഇതു കൂടാതെ 10 കോടി സം
സ്ഥാനത്ത് പ്രത്യേക കാര്‍ഷികമേഖലയ്ക്കായി ഇത്തവണ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പദ്ധതിയുടെ നിര്‍വഹണത്തിന് മുന്‍പുള്ള പ്രാഥമിക ചര്‍ച്ചയ്ക്കായി ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ:പി.കെ.രാമചന്ദ്രന്, അംഗം ഡോ:ആര്.രാംകുമാര്‍ എന്നിവര്‍ കര്‍ഷകസംഘടനകളുടെയും പാടശേഖരസമിതികളുടെയും പ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അധ്യക്ഷയായി .
വിത്ത്, മണ്ണ്, വിജ്ഞാന വ്യാപനം, ജലലഭ്യത, യന്ത്രവത്കരണം, വിപണനം, സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ കര്‍ഷക-പാടശേഖര സമിതി പ്രതിനിധികള്‍ വിവിധ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
*10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്പാദിപ്പിച്ച വിത്തുകളാണ് ഇപ്പോഴും കര്‍ഷകര്‍ ഉപയോഗിക്കുന്നത്. അത്യുത്പാദന ശേഷിയുള്ള പുതിയ വിത്തുകള്‍ ലഭ്യമാക്കണം.
*വിളയിറക്കുന്നതിന് മുന്‍പ് തന്നെ കര്‍ഷകര്‍ പാടത്ത് വന്ന് മണ്ണ് പരിശോധന നടത്തി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കണം.
*കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമയബന്ധിതമായി കര്‍ഷകരിലെത്തിക്കാന്‍ ഫീല്‍ഡ്തലത്തില്‍ കൃഷി ഓഫീസര്‍മാര്‍ പ്രവര്‍ത്തിക്കണം. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണം.
*ജില്ലയില്‍ ഒമ്പത് ഡാമുകളുടേയും സംഭരണശേഷി വര്‍ധിപ്പിക്കാനും വെള്ളം തുറന്ന് വിടുന്ന കനാലുകള്‍ വൃത്തിയാക്കാനും നടപടി സ്വീകരിക്കണം. കനാല്‍ കൈയ്യേറ്റവും മാലിന്യ നിക്ഷേപവും തടയണം.
*കര്‍ഷകതൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ തൊഴില്‍ സേനകള്‍ രൂപവത്കരിക്കണം. ഉപയോഗിക്കാന്‍ എളുപ്പമുള്ള ആധുനിക യന്ത്രങ്ങള്‍ ലഭ്യമാക്കണം.
*കൊയ്ത്ത് കഴിഞ്ഞയുടന്‍ നെല്ല് സംഭരിക്കുകയും കര്‍ഷകര്‍ക്കുള്ള താങ്ങ് വില കാലതാമസമില്ലാതെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുകയും ചെയ്യണം.
*കടത്ത്കൂലി കര്‍ഷകര്‍ കൊടുക്കുന്ന സാഹചര്യം ഒഴിവാക്കണം. ജില്ലയില്‍ കൂടുതല്‍ സംഭരണ സൗകര്യങ്ങളുണ്ടാവണം.
നിലവില്‍ രണ്ടര ഹെക്റ്ററില്‍ താഴെ കൃഷി ചെയ്യുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.
ഈ പരിധി ഒഴിവാക്കിയാല്‍ കൂടുതല്‍ കാര്‍ഷിക മേഖലയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുമെന്നും തരിശ് കിടക്കുന്ന ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കണമെന്നും 75 ശതമാനം സബ്സിഡിയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി പ്ലാനിങ് ബോര്‍ഡ് പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: