നാത്തൂന്‍പോരിന്റെ ഗതി സന്ധികളില്‍ ഇഴകോര്‍ത്ത കഥയെന്ന നിലയിലാണ് ‘നല്ല തങ്ക’യുടെ പ്രമേയം കെ.വി. കോശിയും കുഞ്ചാക്കോയും സ്വീകാര്യമായി കണ്ടത്. അതിനവരെ പ്രേരിപ്പിച്ചത് കഥാ ചര്‍ച്ചയില്‍ സജീവസാന്നിദ്ധ്യമായിരുന്ന അന്നമ്മ കുഞ്ചാക്കോയാണ്. ചിത്രം വിജയിച്ചു. സ്വാഭാവികമായും അടുത്ത ചിത്രം ഇതിലും വലിയ വിജയമാകണമെന്നാകുമല്ലോ മോഹം.
അതിനായി കഥകള്‍ തേടിയ മൂവര്‍സംഘം ഒരു പോരിന്റെ കഥ തന്നെ മതി ഇത്തവണയും എന്നുറപ്പിച്ചു. പലവഴി തേടി ഒടുവില്‍ അവര്‍ ഒരു കഥയുടെ നക്കല്‍ തട്ടിക്കൂട്ടി. സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരെ ക്ഷണിച്ചുകൊണ്ടുവന്നു കഥാചര്‍ച്ചയില്‍ പങ്കാളിയാക്കി കഥയൊന്നു മിനുക്കിയെടുത്തു. ഭാവതരുടെ കൂടെ നിര്‍ദ്ദേശപ്രകാരം എഴുത്തുചുമതല മുതുകുളം രാഘവന് പിള്ളയെ ഏല്‍പ്പിച്ചു.
സ്വതന്ത്രഭാവനയില് വിരിഞ്ഞ പ്രമേയമായിരുന്നില്ല. ‘ജീവിതനൗക’യുടേതെന്നു സമര്‍ത്ഥിക്കുന്ന ചേലങ്ങാട്ടു ഗോപാലകൃഷ്ണന് ഒരു ബംഗാളി ചിത്രത്തിന്റെ വികൃതാനുകരണം മാത്രമാണിതെന്ന് ചൂണ്ടിക്കാട്ടുന്നു. എന്തായിരുന്നാലും അതൊരു തര്ക്കവിഷയമാക്കുവാന് മാത്രം മറ്റ് ‘ജീവിതനൗക’യുടെ കഥാതന്തുവിനില്ല.
ഒരു ധനികപ്രഭുവിന്റെ കാര്യസ്ഥനായ രാജുവിന്റെ കോളജ് വിദ്യാര്‍ത്ഥിയായ അനുജന് സോമന് ദരിദ്രപരിവൃത്തത്തില്നിന്നും വന്ന ലക്ഷ്മിയുമായി പ്രണയത്തിലാകുന്നു. ദുരാഗ്രഹിയും സ്വാര്‍ത്ഥയുമായ രാജുവിന്റെ പത്നി ജാനുവിന്റെ അടുത്ത ബന്ധുവായ സരളയെ സോമനെക്കൊണ്ടു വിവാഹം കഴിപ്പിക്കണമന്ന മോഹം അതോടെ തകരുന്നു. രാജു ,സോമന്-ലക്ഷ്മിമാരുടെ വിവാഹം നടത്തിക്കൊടുക്കുന്നു.
അവര്‍ രാജുവിനോടൊപ്പം താമസമാക്കുമ്പോള്‍ ജ്യേഷ്ഠത്തിയമ്മയായ ജാനു ലക്ഷ്മിയുടെ കുടിലിലേക്ക് താമസം മാറുന്നു. സോമന് ജോലി തേടി പോയി സ്ഥലത്തില്ലാതിരുന്ന തക്കം നോക്കി രാജുവിന്റെ മുതലാളി കാമവെറി പൂണ്ട് സുന്ദരിയായ ലക്ഷ്മിയെ ബലാല് പ്രാപിക്കുവാന്‍ ശ്രമിക്കുന്നു. അതു നടക്കാതെ വന്നപ്പോള്‍ തന്റെ സ്വാധീനമുപയോഗിച്ച് അയാള്‍ അവളെ നാട്ടില്നിന്നുമോടിക്കുന്നു…
ജീവിക്കുവാന്‍ വേണ്ടിയുള്ള അലച്ചിലിനിടയില്‍ ലക്ഷ്മി ഒരു നാടകനടിയായി. നാടകത്തിലെ അവളുടെ അഭിനയം കാണാനിടവന്ന രാജുവിന്റെ മനസ്സലിയുന്നു. മാനസാന്തരം വന്ന രാജു അവളെ വീണ്ടും സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു താമസിപ്പിക്കുന്നു. പിന്നെ കഥ സുഖപര്യവസാനത്തിലേക്ക് നീങ്ങുന്നു.
ഇങ്ങനെ തട്ടിക്കൂട്ടിയെടുത്ത ഒരു കഥയായിരുന്നിട്ടും ‘ജീവിതനൗക’ മൂന്നുപതിറ്റാണ്ടിനുശേഷവും പ്രേക്ഷകര്‍ക്ക് ആസ്വാദ്യതരമായ ഒരു ചലച്ചിത്രാനുഭമായി നിലനിന്നുവെങ്കില്‍ അതിനു കാരണമെന്താകാം? നിയതമായി അളന്നുകുറിച്ചു മാത്ര തിരിച്ചു ചൂണ്ടിക്കാട്ടാനാവില്ല, എന്തായിരുന്നാലും അതിനെ കലയുടെ പൊതുവെയും സിനിമയുടെ പ്രത്യേകിച്ചും രസക്കൂട്ടിന്റെ സവിശേഷമായ രസതന്ത്രമായേ അതിനെ കാണാനാകൂ.
യുക്തികൊണ്ടോ സാമാന്യവല്ക്കരണംകൊണ്ടോ അതിനെ അടയാളപ്പെടുത്താനാകില്ല. കഴിയുമായിരുന്നുവെങ്കില്‍ ആ കുറിപ്പടി എല്ലാ ചിത്രങ്ങള്‍ക്കും വിജയം കൊയ്യുന്നതിന് എന്നേ അവലംബമാകുമായിരുന്നു. സംവിധാനത്തിലെ പ്രത്യേക സ്പര്‍ശമാകാം, മുഹൂര്ത്തങ്ങളിലെ, സംഭാഷണങ്ങളിലെ ഹൃദയാവര്‍ജ്ജക ശക്തിയാകാം, സംഗീതവും ദൃശ്യാവിഷ്ക്കാരവും തമ്മിലുള്ള ശ്രുതിയിണക്കമാകാം, അഭിനയപ്രകാശനത്തിലെ ചില അസാധാരണനിറവാകാം…
എന്നായിരുന്നാലും അത് കാണിമനസ്സിലെ സ്വീകാര്യതയുടെ ഇതേപോലെ പ്രവചനതീതവും അളവുകള്ക്കതീതവുമായ രസതന്ത്രവുമായി അനുപാതപ്പെട്ടു മാത്രമാണ് നിവര്‍ത്തിതമാകുന്നത്. അജ്ഞാതവും അവര്‍ണനീയവുമായ ചില അലരുകള്‍ അവിഭാജ്യമായി ഇഴചേരുന്നതുകൊണ്ടാണല്ലോ, ഒരു പ്രകാശനം കലയായി മാറുന്നത്.
ഇവിടെ പവിത്രന് പറഞ്ഞ ഒരു വാചകം ഓര്‍ത്തുപോകുന്നു.
മോഹനും ഞാനും ചേര്‍ന്നൊരുക്കിയ ‘വിട പറയും മുമ്പേ…’ തിയറ്ററുകളില്‍ നിറസദസ്സുമായി വിജയയാത്ര തുടരുന്ന നാളുകളില്‍ എവിടെയോ സെക്കന്റ് ഷോയ്ക് ചിത്രം കണ്ടശേഷം രാമചന്ദ്രന് കള്ളിക്കാട്ടുമൊന്നിച്ച് പവിത്രന് പാതിരാ കഴിഞ്ഞ നേരത്ത് വടക്കാഞ്ചേരി, ഗസ്റ്റ് ഹൗസിലെത്തി.
ഭരതന്റെ ‘പാളങ്ങളു’ടെ ചിത്രീകരണത്തിനെ അവിടെ താമസിച്ചിരുന്ന നെടുമുടി വേണുവിനെയും എന്നെയും വിളിച്ചുണര്‍ത്തി. താഴത്തെ മരച്ചുവട്ടിലെ തറയില്‍ ചമ്രംപടിഞ്ഞിരിക്കുമ്പോള്‍ ‘വിടപറയും മുമ്പേ’യിലെ ചില അംഗങ്ങള്‍ കണ്ട് അത് സിനിമയാണെന്നും ഞാനെഴുതി വേണു അഭിനയിച്ച മോഹന്‍ സംവിധാനം ചെയ്ത രംഗങ്ങളാണെന്നും അറിയാമായിരുന്നിട്ടും താന്‍ കുടുകുടെ കരഞ്ഞുപോയ കഥ പവി ഏറ്റുപറഞ്ഞു. എന്നിട്ട് സ്വന്തം വിസ്മയിച്ചു:
”എന്താ ഞാനങ്ങിനെ കരയാന്‍?”
പവിത്രന് തന്നെ സ്വയം അതിനുത്തരവും പറഞ്ഞു:
”കരയുവാനുള്ള നൈസര്‍ഗികമായ വാസനകൊണ്ടുതന്നെയാവണം… അത്വന്നെയാവണം….”
ചിത്രമിറങ്ങി മൂന്നുപതിറ്റാണ്ടുകള്‍ ക്കുശേഷം എറണാകുളത്തെ മേനക ടാക്കീസിലിരുന്നു ‘ജീവിതനൗക’ കാണുമ്പോള്‍ അതിലെ എല്ലാ കൃത്രിമത്വത്തിനുമിടയിലും ഞാനതില്‍ ലയിച്ചുപോയെങ്കില്‍ അതിനു കാരണവും പവിത്രന് പറഞ്ഞ ഈ നൈസര്‍ഗ്ഗിക വാസന തന്നെയാവണം.
അതിന്റെ തംബുരു ഉണര്‍ന്ന് സ്വീകാര്യതയുടെ വിജയരാഗം അതില്‍നിന്നു താനേ ഉയിര്‍ക്കുകയാണ്. ഓരോ തവണയും ഓരോരോ കാരണങ്ങളില്‍, ആവര്‍ത്തനങ്ങള്‍ക്കു പിടിതരാതെ അതിവിദഗ്ദ്ധമായി ഒഴിഞ്ഞ വിജയരാഗം ഉണരുന്നു. ഒരു പകുതി സത്യത്തിനു മറുപാതി മായയെന്നു പൂര്‍വ്വസൂരികള്‍ പറഞ്ഞത് താരതമ്യങ്ങളില്ലാത്ത ഈ പ്രതിഭാസത്തെ മനസ്സില്‍ കണ്ടിട്ടുതന്നെ.
തിക്കുറിശ്ശി, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, മുതുകുളം, എസ്.പി. പിള്ള, ആദിമൂലം, നാണുക്കുട്ടന് മാത്തപ്പന്, സോമന്‍പിള്ള, മുളവന ജോസഫ്, ആര്യ കലാനിലയം രാമുണ്ണി, ബി.എസ്. സരോജ, ജാനമ്മ, ബേബി ഗിരിജ, ജഗദമ്മ എന്നിവരോടൊപ്പം ചെങ്ങന്നൂരിലെ പ്ലാമ്മൂട്ടില്‍ ഗോവിന്ദന്റെ മകള്‍ പങ്കജവല്ലിയും ‘ജീവിതനൗക’യില്‍ അഭിനയിച്ചിരുന്നു.
കഥാപ്രസംഗ വേദിയിലായിരുന്നു പങ്കജവല്ലിയുടെ ആദ്യരംഗ പ്രത്യക്ഷം. അവിടെ അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകാഭിനയത്തിലേക്ക് തിരിഞ്ഞു. ‘അരുണോദയ’ത്തില്‍ അഭിനയിക്കുമ്പോല്‍ ട്രൂപ്പിലെ മൃദംഗകലാകാരനായിരുന്ന നാണുക്കുട്ടന് നായരുമായി പ്രണയത്തിലായി. രജിസ്റ്റര്‍ വിവാഹം നടത്തി.
വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ട ഇവരുടെ ഈ ധിക്കാരം പൊറുക്കുവാന്‍ അന്നത്തെ ജാതിവ്യവസ്ഥയുടെ കാവല്‍ തമ്പ്രാക്കള്‍ തയ്യാറായില്ല. പലയിടത്തുനിന്നും ഒളിച്ചോടി ഒളിച്ചോടി ഓച്ചിറ പരബ്രഹ്മോദയ നടനസഭയില്‍ നാണുക്കുട്ടന് മൃദംഗക്കാരനും പങ്കജവല്ലി ചെറിയ റോളിലഭിനയിക്കുന്ന നടിയുമായി ചേക്കേറി.
‘ജീവിത നൗക’യില്‍ നാണുക്കുട്ടന് നായര്‍ക്കൊരു ഹാസ്യവേഷം കിട്ടി. അദ്ദേഹത്തിന്റെ കദനകഥ കേട്ടു മനസ്സലിഞ്ഞു. ഉദയാ ഭാരവാഹികള്‍ പങ്കജവല്ലിയ്ക്കും ഒരു ചെറുഹാസ്യ വേഷം നല്കി. റിഹേഴ്സലില്‍ ആ വേഷത്തില്‍ അവര്‍ വന്‍ പരാജയമായി. പരീക്ഷണാര്‍ത്ഥം ജാനുവിന്റെ വേഷം ഒന്നഭിനയിപ്പിച്ചുനോക്കിയപ്പോള് ഒന്നാന്തരം. ‘ജീവിതനൗക’യില്‍ പോരുകാരിയായ ജാനുവായി പങ്കജവല്ലി നിറഞ്ഞാടി.
നൂറ്റന്‍പതിലേറെ ചിത്രങ്ങളില്‍ പങ്കജവല്ലി പിന്നീടഭിനയിച്ചു. അതില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാറ്റി നിറുത്തിയാല്‍ പിന്നീടുള്ളവയില്‍ ആടിയതത്രയും പോരുകാരി നാത്തൂന്റെയും അമ്മായിയമ്മയുടെയും വേഷങ്ങള്‍ ആയിരുന്നു. അതു സിനിമയുടെ ശീലശാഠ്യം. (പങ്കജവല്ലിയുടെ കൊച്ചുമകളാണ് പ്രശസ്ത നടി കാവേരി.)
‘ജീവിത നൗക’യുടെ വന്‍വിജയത്തോടെ മുതുകുളം രാഘവന്‍പിള്ള മലയാള സിനിമയിലെ താരവിലയുള്ള ആദ്യ എഴുത്തുകാരനായി. ”പക്ഷേ, അതൊരു വലിയ ‘പക്ഷേ’യായി. മുതുകുളത്തിന്റെ ജീവിതം, കലാസപര്യ പഠിക്കേണ്ട പാഠപുസ്തകമാണെന്ന് ടി.ഇ. വാസുദേവന്‍ പറയുമായിരുന്നു. നടനായിരുന്നു; എഴുത്തുകാരനായിരുന്നു; പലതുമായിരുന്നു. ധാരാളം പണം ആ കൈവെള്ളയിലെത്തി. അതേപോലെ വാര്‍ന്നൊലിച്ചും പോയി.
ഒന്നും ശേഷബാക്കിയായില്ല. അതിനിടയില്‍ കൂനിന്മേല് കുരുപോലെ ഒരു ചിത്രം നിര്‍മിക്കുവാനും ഇറങ്ങിപ്പുറപ്പെട്ടു. തനിക്കും പ്രേക്ഷകാഭിരുചിയ്ക്കുമിടയിലൂടെ ഒഴുകിപ്പോയ കാലത്തെ തിരിച്ചറിയായ്ക മൂലം ചിത്രം കടുത്ത സാമ്പത്തിക ബാധ്യതകളഉടെ ഋണക്ലേശപ്പെരുക്കം ശിരസ്സില്‍ കയറ്റിവച്ചു മുടങ്ങിനിന്നു.
കേരള സര്‍ക്കാരിന്റെ മുടങ്ങിയും മുടങ്ങാതെയും വരുന്ന അവശകലാകാരന്മാര്ക്കുള്ള പെന്ഷന് മണിഓര്‍ഡര്‍ കാത്തു പരവശനായി മദിരാശിയിലെ വടപളനി പോസ്റ്റ് ഓഫീസില്‍ നിത്യനിദാന ഉല്കണ്ഠകളോടെ ഇരിക്കുകയായിരുന്ന മുതുകുളത്തെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.
ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് മണി ഓര്ഡറിനുവേണ്ടിയുള്ള മുതുകുളത്തിന്റെ നൊമ്പരപ്പെടുത്തുന്ന ആ കാത്തിരിപ്പിനെക്കുറിച്ചു സംവിധായകനായ കമല്‍ എഴുതിയിരുന്നു. സിനിമയുടെ രീതിശീലങ്ങള്‍ അങ്ങനെആണ് എന്നത് വിധി നിവര്‍ത്തുന്ന ന്യായമുഖം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: