പഞ്ചായത്തതിര്‍ത്തിയില്‍ മദ്യം വില്‍ക്കണോ എന്നു നിശ്ചയിക്കാനുള്ള അവകാശം പ്രാദേശിക ഭരണകൂടത്തിനുണ്ടായിരുന്നത് നീക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് 15 മിനുട്ടു യോഗം മതിയായിരുന്നു. പശുവിനെ കൊന്ന് ഇഷ്ടാനുസരണം ഇറച്ചിവില്ക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള സമരം നയിക്കാന്‍ നിമിഷ നേരം മതിയായിരുന്നു നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും. പക്ഷേ, കുടിവെള്ളം മുട്ടിച്ചവര്ക്കെതിരേ വിരലനക്കാന്‍ പതിറ്റാണ്ടുപിന്നിട്ടിട്ടും സമയമില്ല. വിചിത്രമായിത്തോന്നാം സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍, അതിന് മുന്നണി-കക്ഷി രാഷ്ട്രീയ ഭേദങ്ങളില്ല.
ലോക പരിസ്ഥിതി ദിനമാണ് നാളെ, ജൂണ്‍ അഞ്ചിന്. ഒരു പഞ്ചായത്ത്, പെരുമാട്ടി പഞ്ചായത്ത്, അവിടത്തെ ജനങ്ങള്‍ അന്താരാഷ്ട്ര കുത്തകക്കമ്പനിയോടു നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളത്തിനെക്കുറിച്ചുള്ള ചിന്തയ്ക്ക് ഏറെ പ്രസക്തിയുണ്ട്.പറഞ്ഞു വരുന്നത്, അതെ, പ്ലാച്ചിമടയെക്കുറിച്ചുതന്നെയാണ്. പാലക്കാട് ജില്ലയിലെ പ്ലാച്ചിമട. കുടിവെള്ള സംരക്ഷണത്തിന് നടത്തിയ സമരത്തിലൂടെ ലോകശ്രദ്ധ നേടിയ പ്ലാച്ചിമട.
”പാഴ്ച്ചിരി കണ്ടമ്മൃതിയെ മറന്നു മറന്നു മറന്നേ പോകും പാവം മാനവ ഹൃദയം” എന്ന സുഗതകുമാരിക്കവിതാ വരികള്‍ ഏറെ യാഥാര്‍ത്ഥ്യമാണ്. ഒരു മഴ കണ്ടാല്‍ വരള്‍ച്ചയെ മറക്കുന്ന മനസ്സാണ് മലയാളിക്കെന്നു തോന്നിപ്പോകും. ജൂണ്‍ പിറന്നാല്‍പ്പിന്നെ അടുത്ത ഏപ്രിലാകണം ചിന്ത’ചൂടാ’കാന്‍. പക്ഷേ, പ്ലാച്ചിമടക്കാര്‍ക്ക് അങ്ങനെയല്ല, അവരുടെ സമിതി ഇപ്പോഴും സമര മുഖത്താണ്! 15 വര്‍ഷമായി!!
2002 മാര്‍ച്ചില്‍ കൊക്കോകോള കമ്പനി, ഹിന്ദുസ്ഥാന്‍ ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്ലാച്ചിമടയില്‍ പ്രവര്‍ത്തനം തുടങ്ങി. ഒരു പുതിയ കമ്പനി നാട്ടില്‍ തുടങ്ങി, പ്രദേശത്തെ 450 പേര്‍ക്ക് താല്‍ക്കാലിക-സ്ഥിര വേതന ജോലികള്‍ കിട്ടി, കാര്യങ്ങള്‍ മുന്നോട്ടു പോകവെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ചുറ്റുവട്ടത്തെ കിണറ്റിലെ വെള്ളത്തിനു ദുര്‍ഗന്ധം. മെല്ലെമെല്ലെ വെള്ളം കേടാകുന്നിടത്തിന്റെ വിസ്തൃതികൂടി. കമ്പനി കൃഷിയാവശ്യത്തിന് കര്‍ഷകര്‍ക്കു നല്കിയ ‘വളം’ വിനിയോഗിച്ച കര്‍ഷകര്‍ സന്തുഷ്ടരായി.
കൂടുതല്‍ പ്രദേശത്തേക്ക് വെള്ളം മലിനമാകുന്ന കാര്യം ശ്രദ്ധയില്‍ പെട്ട അദ്ധ്യാപകന് നരേന്ദ്ര നാഥാണ് കമ്പനിയുടെ ചതി ആദ്യം തിരിച്ചറിഞ്ഞത്. അങ്ങനെ ജനങ്ങള്‍ ഉണര്‍ന്നു, പ്രദേശത്ത് ശുദ്ധ ജലം വിതരണം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു. കമ്പനി തലകുലുക്കിയതല്ലാതെ വേണ്ട രീതിയില്‍ നടപ്പാക്കിയില്ല. ഒരുപക്ഷേ, അത് അനുഗ്രഹമായി. അല്ലായിരുന്നെങ്കില്‍ കൊക്കോകോള എന്ന കൊള്ളക്കമ്പനിയുടെ ലക്ഷ്യം കുറച്ചെങ്കിലും സാധിച്ചുപോയേനെ.
2002 ഏപ്രില്‍ 22 ന് ആദിവാസി ഗോത്രസഭാ നേതാവ് സി. കെ. ജാനു, പ്ലാച്ചിമട ഫാക്ടറിക്കു മുന്നില്‍ സമരം ഉദ്ഘാടനം ചെയ്തു- കമ്പനി പ്ലാച്ചിമട വിടുക, മലനീകരണത്തിനു നഷ്ട പരിഹാരം നല്‍കുക എന്നിവയായിരുന്നു ആവശ്യങ്ങള്‍. കമ്പനി മാനേജര്‍ മോറിസ് വില്‍സണ്‍ സമരക്കാര്‍ക്കെതിരേ ഹൈക്കോടതിയില്‍ കേസുകൊടുത്തു. ഒരു അന്താരാഷ്ട്ര കോര്‍പ്പറേറ്റ് രാക്ഷസനും ഗ്രാമവാസികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവിടെ തുടങ്ങുകയായിരുന്നു. ആ പോരാട്ടം നിയമ വേദിയില്‍ സുപ്രീം കോടതിയില്‍ ഇപ്പോഴും തുടരുന്നു. തെരുവില്‍ ഇപ്പോഴും സക്രിയമായി നില്ക്കുന്നു, 15 വര്‍ഷമായി, കെടാതെ വാടാതെ.
പ്ലാച്ചിമടയിലെ സമരങ്ങള്‍ക്ക് ആദ്യകാലത്ത് സമരവും പോലീസും കോടതിയും ഒക്കെയായുള്ള പ്രാദേശിക ശ്രദ്ധയേ കിട്ടിയുള്ളു. എന്നാല്‍, പ്ലാച്ചിമടയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബ്രിട്ടീഷ് വാര്‍ത്ത ഏജന്‍സിയായ ബിബിസിയുടെ ലേഖകന്‍ ജോണ്‍ വൈറ്റ് നടത്തിയ പഠനവും പരിശോധനകളുമാണ് അന്താരാഷ്ട്ര തലത്തില്‍ സമരത്തെ ശ്രദ്ധേയമാക്കിയത്. കമ്പനി പ്രദേശത്തെ കര്‍ഷകര്‍ക്ക് സൗജന്യമായി വളം നല്‍കിയിരുന്നു.
പശുവിനെ കൊന്ന് ഇറച്ചി വില്ക്കുന്നവന് സൗജന്യമായി തോല്ച്ചെരുപ്പു കൊടുക്കുന്ന പഴയകാല ദാനപ്രവൃത്തിയുണ്ട്. അതിനെ സദ്പ്രവൃത്തിയായി വാഴ്ത്താറുമുണ്ടായിരുന്നു. എന്നാല്‍, വളമെന്ന പേരില്‍ നല്‍കിയത് കമ്പനി പുറത്തുവിടുന്ന വിഷമാലിന്യമായിരുന്നുവെന്നറിഞ്ഞപ്പോഴാണ് കച്ചവടക്കൊതിയുടെ മാനവകുലത്തോടുള്ളക്രൂരത വെളിവായത്. വനം-പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. സതീഷ് തുടങ്ങിവെച്ച ശാസ്ത്രീയ പരീക്ഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന സത്യം, കൊക്കോക്കോള നല്ലവെള്ളം കുടിച്ച്, ജനങ്ങളെ വിഷം കുടിപ്പിച്ചു കൊല്ലുകയാണെന്ന സത്യം, ലോകം അറിഞ്ഞത് അങ്ങനെയാണ്.
സമരത്തെ തുടക്കത്തില്‍ അനുകൂലിച്ചവരും എതിര്‍ത്തവരുമായി രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും മുന്നണികളുമൊക്കെയുണ്ട്. അതു വിടാം. സമരത്തോടൊപ്പം തുടക്കം മുതല്‍ ഇന്നും തുടരുന്നവരും ഏറെയുണ്ട്. പേരുകള്‍ പറഞ്ഞാല്‍ തീരില്ല. മയിലമ്മയുടെ പേര് ഓര്‍മ്മിക്കാതെയും വയ്യ.
ഇന്ന് കമ്പനി ഇല്ല. കമ്പനി അവിടെ ഉണ്ടായിരുന്നോ എന്നു ചോദിച്ചാല്‍, ഭോപ്പാല്‍ വാതകദുരന്തം വരുത്തിയ യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ ആസ്ഥാനത്ത് അവിടവിടെ കാണുന്ന അവശിഷ്ടങ്ങളുടെ അസ്ഥികൂടപ്പറമ്പുപോലെയാണ് പ്ലാച്ചിമടയിലെ കൊക്കോകോള കമ്പനി പരിസരക്കാഴ്ച. പക്ഷേ, പരിസ്ഥിതിയുടെ കാര്യത്തില്‍ ആഘാതങ്ങള്‍ ഏറെയാണ്, അധികവും പ്രത്യക്ഷമല്ലാത്തവ.
കമ്പനി ഇനി പുനഃപ്രവര്ത്തിക്കില്ല. എന്നാല്‍, ജനങ്ങള്ക്കഉണ്ടാക്കിയ ചേതങ്ങളുടെ നഷ്ടം പരിഹരിക്കാന്‍ കമ്പനിക്ക് ബാധ്യതയുണ്ട്. അതിന് അവര്‍ക്ക് കിട്ടിയ ലാഭത്തിന്റെ ഒരു വിഹിതം മാത്രം മതി. എന്നാല്‍, അതു നേടിക്കൊടുക്കേണ്ടവര്ക്ക് ഇച്ഛാശക്തിയില്ല: പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ സംസ്ഥാന സര്‍ക്കാര്‍ 2011 ഫെബ്രുവരിയില്‍ പാസാക്കി.
നിയമമാക്കാനയച്ചു, അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഏറെത്തട്ടിക്കളിച്ചു. 2016 ജനുവരിയില്‍ രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചു. കാരണം പറഞ്ഞിട്ടില്ലെങ്കിലും സംസ്ഥാനത്തിന്റെ നിയമനിര്‍മ്മാണ പരിധിക്കു പുറത്താണ് നിയമ വ്യവസ്ഥകള്‍ എന്നതാണ് കാരണമായി നിയമജ്ഞര്‍ പറയുന്നത്. ആരാണ് കുറ്റക്കാര്‍? നിയമ നിര്‍മ്മാതാക്കളോ ഉദ്യോഗസ്ഥരായ നിയമോപദേശകരോ? നഷ്ടപരിഹാരം അവകാശപ്പെട്ടുള്ള പരാതി നല്കാന് അഞ്ചുവര്‍ഷം എന്ന കാലപരിധിമാനദണ്ഡം കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥയാണ്. അതു മാറ്റാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാനങ്ങളുടെ സര്‍ക്കാരുകളെ ഒന്നിപ്പിക്കാന്‍ ആര്‍ക്കുണ്ട് താല്പര്യം? കന്നുകാലികളെ അറുക്കാനുള്ള അവകാശത്തിനു നിയമമുണ്ടാക്കാന്‍ ധൃതിപിടിക്കുമ്പോള്‍ പാലക്കാട്ടെ കളക്ടറേറ്റുപടിക്കലെ പ്ലാച്ചിമട സമരക്കാര്‍ക്കു വേണ്ടി ഒന്നിച്ചു നില്ക്കാന് പലരും മറന്നതുപോലെ.
ഇവിടെയാണ് ഈ ലോക പരിസ്ഥിതി ദിനത്തിലെ പ്ലാച്ചിമടയുടെ ഉയര്‍ത്തുന്ന പ്രശ്നവും സന്ദേശവും. ചിലരുടെ ‘കുടിവെള്ളം’ മുട്ടിയെന്നായപ്പോള് ദേശീയപാതയുടെ പദവി ഇകഴ്ത്തി ബാറുകള്‍ വീണ്ടും തുറക്കാന്‍ നിയമ നിര്‍മ്മാണങ്ങള്‍ നടക്കുന്നു. പഞ്ചായത്തുകള്‍ക്ക് അക്കാര്യത്തില്‍ ഉണ്ടായിരുന്ന അവകാശം ഇല്ലാതാക്കുന്നു. പക്ഷേ പഞ്ചായത്തുകള്‍ക്ക് എല്ലാവരുടെയും കുടിവെള്ളമായ ശുദ്ധജലം ഉറപ്പാക്കുന്നതിനുള്ള അധികാരം നല്‍കുന്നുമില്ല.
ഇന്നത്തെ ജലക്ഷാമ പ്രശ്നം എന്നത്തേതുമാകാതിരിക്കാന് ജലത്തിന്മേലുള്ള അധികാരം പ്രാദേശികവല്ക്കരിക്കുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നതു കേള്‍ക്കാന്‍ ആളില്ല.
പ്ലാച്ചിമട സമരത്തിന്റെ 15 ാം വാര്‍ഷിക വേളയില്‍, പ്ലാച്ചിമടയുടെ ചരിത്രവും വര്‍ത്തമാനവും വസ്തുനിഷ്ഠമായി വിവരിച്ച് പതപ്രവര്‍ത്തകന്‍ പി. സുരേഷ്ബാബു എഴുതിയ ‘പ്ലാച്ചിമട ജലത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്തകമുണ്ട്. ജല സമരങ്ങളുടെയും പ്ലാച്ചിമട പ്രക്ഷോഭത്തിന്റെയും ആധികാരിക ചരിത്രമാണിത്. പുസ്തകം അവസാനിപ്പിക്കുന്നതിങ്ങനെ:
”…. ഇതെല്ലാം കൃത്യമായി പാലിച്ച് ബില്‍ വീണ്ടും അവതരിപ്പിക്കുകയാണെങ്കില്‍ (സംസ്ഥാന നിയമസഭയില്‍) സംസ്ഥാനത്തിനുതന്നെ ഗവര്‍ണ്ണറുടെ അനുമതിയോടെ നിയമ നിര്‍മ്മാണം നടത്താന്‍ കഴിയും. ഇക്കാര്യത്തിലൊന്നും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. ബില്‍ നിയമമാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍തന്നെ രംഗത്തുവരണം.
സുപ്രീം കോടതിയില്‍നിന്നുള്ള പ്രഗത്ഭരായ നിയമജ്ഞരില്നിന്ന് നിയമോപദേശം വാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അന്തിമ തീരുമാനമെടുക്കുന്നതിനുമുമ്പ് അതിന്റെ വിജയ സാധ്യത ഉറപ്പുവരുത്തുകയുംവേണം. അല്ലെങ്കില്‍ അഞ്ചുവര്‍ഷം വെറുതേ കളഞ്ഞതുപോലെ, ഇനിയും കുറേ വര്ഷങ്ങള്കൂടി പാഴാകുമെന്നല്ലാതെ പ്ലാച്ചിമടക്കാര്‍ക്ക് ഒരു പ്രയോജനവുമുണ്ടാവില്ല.”
ലോക പരിസ്ഥിതിദിനം പ്ലാച്ചിമടയിലേക്ക് ഒതുക്കുകയല്ല, പ്ലാച്ചിമടയിലേക്ക് ഒരിക്കല്‍ക്കൂടി ലോക ശ്രദ്ധ കൊണ്ടുവരികയാണ് ഉദ്ദേശ്യം. ഒരുപക്ഷേ, പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ നിയമമാക്കാനായാല് അതു പുതിയൊരു ചരിത്രത്തുടക്കമാകും, പരിസ്ഥിതി സംരക്ഷണത്തിലെ പുതുചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: