കുണ്ടറ: കുണ്ടറ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പെരുമ്പുഴ ഇലക്ട്രിസിറ്റി സെക്ഷന്‍ പരിധിയില്‍ രാത്രി 11 മണിമുതല്‍ രാവിലെ 5 മണിവരെ കറന്റ്കട്ട് നിത്യസംഭവമാകുന്നു. പകല്‍ സമയങ്ങളില്‍ മരച്ചില്ല വെട്ടലിന്റെ പേരുപറഞ്ഞാണ് കറന്റ് കട്ടെങ്കില്‍ രാത്രിസമയങ്ങളില്‍ ട്രാന്‍സ്‌ഫോര്‍മറിനെ പഴിചാരിയാണ് അപ്രഖ്യാപിത കറന്റ്കട്ട് നടപ്പാക്കുന്നത്.
ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ഒന്നുമുതല്‍ ആറുമണിക്കൂര്‍ വരെയാണ് കറന്റ്കട്ടിന്റെ ദൈര്‍ഘ്യം.
പെരുമ്പുഴ സെക്ഷന്റെ കീഴിലുള്ള മുണ്ടയ്‌ക്കലിലെ ഊത്താംപള്ളി, ആശുപത്രിമുക്കിലെ മേവറം-1, എല്‍.എം.എസ്, ചാങ്ങയില്‍, മൃഗാശുപത്രി, ഡാല്‍മിയ എന്നീ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയിലാണ് രാത്രിമുതല്‍ രാവിലെ വരെ അപ്രഖ്യാപിതമായി വൈദ്യുതി നിശ്ചലമാകുന്നത്.
മഴ മാനത്തുകണ്ടാല്‍ വൈകിട്ടു പോകുന്ന കറന്റ് പിറ്റേന്ന് രാവിലെയാണ് പുനഃസ്ഥാപിക്കുന്നത്. ചാങ്ങയില്‍ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് ഓയില്‍ ഒലിച്ച് തറയില്‍ തളംകെട്ടി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
ആശുപത്രിമുക്ക് കനാലിന് സമീപം സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് സ്ഥിരമായി അമിതവൈദ്യുതി പ്രവഹിച്ച് പരിസരങ്ങളില്‍ ഗാര്‍ഹിക ഉപകരണങ്ങള്‍ നശിക്കുകയാണ്. ഇതിനെപ്പറ്റി ഉപഭോക്താക്കള്‍ പരാതിപ്പെട്ടാല്‍ വീട്ടിലെ വയറിംഗിനെ പഴിചാരി ഉദ്യോഗസ്ഥര്‍ തടിതപ്പുകയാണ് പതിവ്. ഈ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിരം പണിമുടക്കിലാണ്.
എല്‍.എം.എസ്, പുന്നമുക്ക് ട്രാന്‍സ്‌ഫോര്‍മറുകള്‍ ജീവനക്കാര്‍ നിത്യവും റിപ്പയറിംഗ് നടത്തി ജീവനക്കാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മിക്കാന്‍ പറ്റിയ രീതിയില്‍ പരിജ്ഞാനികളായി തീര്‍ന്നിരിക്കുകയാണെന്ന് നാട്ടുകാര്‍ കളിയാക്കി പറയുന്നത്. ഒട്ടുമിക്ക ദിവസങ്ങളിലും ഈ ട്രാന്‍സ്‌ഫോര്‍മര്‍ പണിമുടക്കിലാണ്.
വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടികള്‍ ഒന്നും തന്നെ ഇലക്ട്രിസിറ്റി വകുപ്പിന്റെ കീഴില്‍ നിന്നും ഇന്നുവരെയുണ്ടായിട്ടില്ല എന്നതാണ് വസ്തുത. അറ്റകുറ്റപണികള്‍ എത്രതന്നെ ചെയ്താലും ശരിയാക്കാന്‍ പറ്റാത്ത അവസ്ഥയിലാണിവ.
















