ഡബ്‌ളില്‍: ഇന്ത്യന്‍ വംശജനായ സ്വവാര്‍ഗാനുരാഗി ലിയോ വരാഡ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയാകും. അയര്‍ലന്‍ഡിലെ ഭരണകക്ഷിയായ ഫൈന്‍ ഗെയ്‌ലിന്റെ നേതാവായി ഈ മുപ്പത്തെട്ടുകാരനെ തെരഞ്ഞെടുത്തു.
അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ബഹുമതിയും വരാഡ്കര്‍ സ്വന്തമാക്കി. പ്രധാനമന്ത്രിയായിരുന്ന എന്‍ഡ കെന്നി രാജിവച്ച സാഹചര്യത്തിലാണ് വരാഡ്കര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
പാര്‍ട്ടി നേതൃതെരഞ്ഞെടുപ്പില്‍ നിലവിലുള്ള മന്ത്രിസഭയിലെ ക്ഷേമകാര്യ മന്ത്രിയായ വരാഡ്കര്‍ 60 ശതമാനം വോട്ട് നേടി വിജയിച്ചു. പരിസ്ഥിതിമന്ത്രി സൈമണ്‍ കോവ്‌നെയെയാണ് വരാഡ്കര്‍ പരാജയപ്പെടുത്തിയത്. 2007ല്‍ പാര്‍ലമെന്റില്‍ എത്തുന്നതുവരെ ഒരു സാധാരണ ഡോക്ടര്‍ മാത്രമായിരുന്നു വരാഡ്കര്‍.
എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വിവിധ വകുപ്പുകള്‍ ഭരിച്ചു. 2015ല്‍ ആണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് വരാഡ്കര്‍ സ്വയം പ്രഖ്യാപിച്ചത്. ജനവിധിയിലൂടെ സ്വവര്‍ഗ വിവാഹം നിയമപരമാക്കിയ ലോകത്തിലെ ആദ്യ രാജ്യമാണ് അയര്‍ലന്‍ഡ്. വരാഡ്കറിന്റെ അച്ഛന്‍ അശോക് വരാഡ്കര്‍ മുംബൈ സ്വദേശിയും അമ്മ മിറിയം ഐറിഷുകാരിയുമാണ്.
















