മാവ്: കാലവര്‍ഷത്തിന്റെ ആരംഭം മുതല്‍ മാവിന്‍ തൈ നടാം. ഒരു മീറ്റര്‍ വീതം ആഴവും, നീളവും, വീതിയുമുള്ള കുഴി നാലാഴ്ച മുമ്പേ തയ്യാറാക്കണം. പിന്നീട് വളക്കൂറുള്ള മേല്‍മണ്ണിട്ട് കുഴി മൂടിയ ശേഷം മധ്യഭാഗത്തായി ഒരു ചെറിയ കുഴിയുണ്ടാകണം. വേരിനും, അതിനെ പൊതിഞ്ഞിരിക്കുന്ന മണ്ണിനും ഉലച്ചില്‍ തട്ടാതെ തൈ മെല്ലെയിളക്കി കുഴിയില്‍ നടണം. പോളിത്തീന്‍ കവറിലെ തൈയുടെ ആഴവും നടാനുള്ള ആഴവും തുല്യമായിരിക്കണം. ചുറ്റുമുള്ള മണ്ണ് നന്നായി ഉറപ്പിക്കണം. താങ് കൊടുക്കുന്ന ഒട്ടുസന്ധിയില്‍ നിന്ന് പൊട്ടി വരുന്ന മുളകള്‍ കൃത്യമായി നുള്ളിക്കളയണം. തൈയ്‌ക്ക് നാല് വയസ്സ് ആകുന്നത് വരെ കായ്‌ക്കാന്‍ അനുവദിക്കരുത്.
വാഴ: മഴയെ ആശ്രയിച്ച് കൃഷി തുടങ്ങാം. ചെങ്കദളി, പാളയന്‍കോടന്‍, പൂവന്‍, ഞാലിപ്പൂവന്‍, റോബസ്റ്റ തുടങ്ങിയ ഇനങ്ങള്‍ നടാം. നട്ടീലിന് ശേഷം കുഴി ഉടനെ തന്നെ മൂടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വലിയ വാഴകള്‍ക്ക് മഴ ലഭിക്കുന്നത് വരെ ജലസേചനം ക്രമീകരിക്കാന്‍ തടങ്ങള്‍ ചെത്തിക്കൂട്ടണം.
കമുക്: കമുകിന്‍ തൈ നടാന്‍ ഈ മാസം അനുയോജ്യം. മഴയുടെ ലഭ്യതയ്‌ക്കനുസരിച്ച് ജലസേചനം ക്രമീകരിക്കണം. കഴിഞ്ഞ വര്‍ഷം കുമ്മായം ചേര്‍ത്തിട്ടില്ലെങ്കില്‍ ഈ വര്‍ഷം 500 ഗ്രാം വീതം ചുവട്ടില്‍ ചേര്‍ക്കണം.
കൈതച്ചക്ക: നടീല്‍ കാലമാണ് എന്നാല്‍ കനത്ത മഴയുള്ള സമയത്ത് കന്നുകള്‍ നടരുത്. മൗറീഷ്യസ് ഇനങ്ങള്‍ തനിവിളയായും, ഇടവിളയായും കൃഷി ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: