കൊട്ടാരക്കര: മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം വിതരണം തടസപ്പെട്ടിട്ട് എട്ടാംദിനമായതോടെ സമരത്തിന്റെ രൂപവും ഭാവവും മാറി തുടങ്ങി. ഇന്നലെ ഉച്ചക്ക് ഒന്നിനോടെ വിലവര്‍ധന പിന്‍വലിക്കണമെന്ന ആവശ്യവുമായി മഹാഗണപതിയെ വണങ്ങി മോക്കോണ്‍ മുരുകന്‍ ക്ഷേത്രകുളത്തില്‍ നില്‍പ്പുസമരം ആരംഭിച്ചതോടെ സമരത്തിന്റെ രൂപം മാറിയത്.
വെള്ളം നിറഞ്ഞുകിടക്കുന്ന കുളത്തിനു നടുവില്‍ പ്രാര്‍ത്ഥനയോടെ നിന്നായിരുന്നു സമരം. മുരുകന് പിന്തുണയുമായി ഭക്തജനങ്ങളും, ക്ഷേത്രസംരക്ഷണസമിതിയും എത്തിയതോടെ ക്ഷേത്രചിറക്ക് ചുറ്റും ജനസാഗരമായി. സംഭവം അറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും എത്തി മുരുകനെ കരയ്‌ക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും വ്യക്തമായ ഉറപ്പ് ലഭിക്കാതെ കരയ്‌ക്ക് കയറില്ലെന്ന നിലപാടിലായി മുരുകന്‍. ഒന്നര മണിക്കുറിനുശേഷവും ഒത്തുതീര്‍പ്പ് ധാരണകള്‍ നടക്കാതായതോടെ ഉപദേശകസമിതിഅംഗം കൂടിയായ അഡ്വ.വിവേക് ഉജ്വല്‍ഭാരതി, ബിജെപി നഗരസഭാസമിതി പ്രസിഡന്റ് അനീഷ്, ക്ഷേത്രസംരക്ഷണസമിതി പ്രവര്‍ത്തകന്‍ രാജന്‍ പുലരി എന്നിവരും പിന്തുണയുമായി കുളത്തിലിറങ്ങി. പോലീസ് പലവട്ടം സമരക്കാരെ കരക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ തയ്യാറായില്ല. ഇതോടെ കൂടുതല്‍ പേര്‍ കുളത്തിലേക്ക് ഇറങ്ങി നില്‍പ്പുതുടര്‍ന്നു.
വിവിധ ഹൈന്ദവ സംഘടനാനേതാക്കളായ അവണൂര്‍ രമേശ്, രജ്ഞിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടുതല്‍ പേര്‍ കുളത്തിലേക്ക് ഇറങ്ങിയത്.
വിലവര്‍ധനയില്‍ പ്രതിഷേധിച്ചുള്ള സമരം എട്ടുദിവസം പിന്നിടുകയാണ്. ക്ഷേത്രത്തിലെ ഉണ്ണിയപ്പവിതരണം പൂര്‍ണമായും മുടങ്ങിയിട്ടും വിലവര്‍ധന പിന്‍വലിക്കില്ലെന്നാണ് ദേവസ്വംബോര്‍ഡിന്റെ നിലപാട്. എന്നാല്‍ വിലവര്‍ധന പിന്‍വലിക്കാതെ ഒത്തുതീര്‍പ്പില്ലെന്നു സമരത്തിനു നേതൃത്വം നല്‍കുന്ന ക്ഷേത്രസംരക്ഷണസമിതിയും വ്യക്തമാക്കുന്നു. ഉണ്ണിയപ്പത്തിന്റെ വിലവര്‍ധന മാത്രമല്ല തങ്ങളുടെ ആവശ്യമെന്നും ക്ഷേത്രത്തിന്റെ വികസന പദ്ധതികളുള്‍പ്പടെ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ശനിയാഴ്ച ഒത്തുതീര്‍പ്പായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരത്തിനാണ് അരങ്ങൊരുങ്ങുന്നത്.
















