അഗളി: നാട് വിറപ്പിച്ച കാട്ടുകൊമ്പന്റെ ശല്യം ഒഴിഞ്ഞതില്‍ സമ്മിശ്ര പ്രതികരണവുമായി അട്ടപ്പാടി നിവാസികള്‍.
നാല് വര്‍ഷത്തോളമായി മരണ ഭീതി മുഴക്കി അജയ്യനായി നടന്ന കൊമ്പന് അനുസരണ പഠിക്കാനായി കോടനാട്ടിലേക്ക് വണ്ടി കയറിയതില്‍ ഒരു വിഭാഗത്തിന് ആശ്വാസവും മറു വിഭാഗത്തിന് നിരാശയുമാണ്.
നിത്യേന പീലാണ്ടിയുടെ വാര്‍ത്ത കേട്ടുകൊണ്ടിരുന്നവര്‍ക്ക് അതിന്റെ രസച്ചരട് മുറിഞ്ഞതിന്റെ ആവലാതി. ആന ഭീതി മൂലം വലഞ്ഞ കര്‍ഷകര്‍ക്ക് മന:സമാധാനം തിരിച്ച് കിട്ടിയതിന്റെ ആശ്വാസം. അട്ടപ്പാടിയിലെ സ്വാദിഷ്ഠമായ ചക്കയുടേയും മാങ്ങയുടേയും രുചിയറിഞ്ഞതില്‍ പിന്നെ ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് മാത്രമായിരുന്നു ‘പീലാണ്ടി’ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന കൊമ്പന്റെ താമസം.
ഏറ്റവും അവസാനം കൊമ്പന്റെ കൊലവിളിക്കിരയായ കട്ടേക്കാട് സ്വദേശിയാണ് പീലാണ്ടി. അതില്‍ പിന്നെ കൊമ്പനും ആ പേര് വീണു. അട്ടപ്പാടിയോട് ചേര്‍ന്ന് കിടക്കുന്ന തമിഴ്നാട്ടിലെ തൊണ്ടാം പുത്തൂരില്‍ പുളിയുടെ സീസണായാല്‍ കൊമ്പന് താത്കാലികമായി അട്ടപ്പാടിയോട് വിട പറയും. ചക്ക സീസണില്‍ തിരിച്ച് അട്ടപ്പാടിയിലേക്ക്. കാലിത്തീറ്റയായിരുന്നു ആശാന്റെ മറ്റൊരു പ്രിയവിഭവം. കട്ടേക്കാട് സ്വദേശി രാജേന്ദ്രന്റെ വീട് രണ്ട് തവണ തകര്‍ക്കാന്‍ പ്രേരണആയതും ഈ ഭ്രമം തന്നെ.
നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇക്കാലയളവില്‍ അട്ടപ്പാടി സാക്ഷിയായി. പ്രാദേശിക ഭരണ കൂടത്തിന്റെ അലസതയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുട അനാസ്ഥയും ഇല്ലായിരുന്നുവെങ്കില്‍ രണ്ട് ജീവനെയെങ്കിലും രക്ഷിക്കാമായിരുന്നു. അട്ടപ്പാടിയുടെ ഭരണം കൈയ്യാളുന്ന സിപിഎമ്മില്‍ തന്നെ ഇതിന്റെ പേരില്‍ ഭിന്നത ഉണ്ടായി.
കല്ക്കണ്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ്, ഷോളയൂര്‍ നെല്ലിപ്പതി ഫോറസ്റ്റ് ഓഫീസുകള്‍ എന്നിവ നിരവധി തവണ ഉപരോധിച്ചു. മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് പല തവണ ജനങ്ങള്‍ തടഞ്ഞു. ആനയെ ഓടിക്കാന്‍ ഉപകരണങ്ങളില്ലെന്ന മുടന്തന്‍ ന്യായങ്ങളാണ് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പീലാണ്ടിയുടെ മരണത്തോടെ രോഷം പൂണ്ട പൊതു ജനം ഗൂളിക്കടവില്‍ റോഡുപരോധിച്ചു.
തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ഒറ്റപ്പാലം സബ് കളക്റ്റര്‍ പി.ബി.നൂഹ് ,മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ജയപ്രകാശ്, തഹസില്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പ്, അഗളി ഡി.വൈ.എസ്.പി.ടി.കെ.സുബ്രഹ്മണ്യന് ,എസ്.ഐമാരായ എസ്.സുബിന്, രാജേഷ് അയോടന്‍ എന്നിവര്‍ പൊതുജന പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളില്‍ സൗരോര്‍ജ്ജ മതില് നിര്‍മ്മിക്കുക, ട്രഞ്ചുകള്‍ നിര്‍മ്മിക്കുക, വനഭൂമിയിലെ കൈയേറ്റങ്ങളും ഒഴിപ്പിക്കുക, വനാതിര്‍ത്തിയോട് ചേര്‍ന്ന് 510 കിലോമീറ്റര്‍ വ്യത്യാസത്തില്‍ വലിയ കുളങ്ങള്‍ നിര്‍മ്മിച്ച് വന്യ മൃഗങ്ങള്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കുക, വനത്തിനുള്ളില്‍ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുക, കാടിനുള്ളില്‍ മഴക്കുഴികള്‍ നിര്‍മ്മിക്കുക, നായാട്ടും മറ്റ് അനധികൃത പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിരോധിക്കുക എന്നിവയായിരുന്നു തീരുമാനങ്ങള്‍.
എന്നാല്‍ ഇതിലൊന്നും തന്നെ പ്രാവര്‍ത്തികമായില്ല. പ്രാദേശിക ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഇതിന് അടിസ്ഥാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: