വായനാ വസന്തത്തിന്റെ സുഗന്ധംപൊഴിച്ച് ദേശകാലങ്ങളെ ചാടിക്കടന്ന് അതിദീര്‍ഘ ഭാവിയിലേക്കുപോലും ഇരിപ്പിടം വലിച്ചിട്ടിരിക്കാവുന്നവ ഇപ്പഴും പഴയ പുസ്തകങ്ങള്‍ തന്നെ.പുതുകാലത്തിന്റെ ടെക്നിക്കുകള്‍ നിറഞ്ഞ ഇന്നത്തെ മാസ്മരിക എഴുത്തുകള്ക്കുപോലും അന്നും ഇന്നും ബസ്റ്റു സെല്ലര്‍ പട്ടികയില്‍ പെട്ടിട്ടുള്ള പുതുമയുടെ മണമുള്ള ഈ പഴയ പുസ്തകങ്ങളെ തോല്‍പ്പിക്കാനായിട്ടില്ല.
അലക്സാണ്ടര്‍ ഡ്യുമയുടെ ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ,ചാള്‍സ് ഡിക്കന്‍സിന്റെ ക്രിസ്മസ് കരോള്‍,സെര്‍വാന്റസിന്റെ ഡോണ്‍ ക്വിക്സോട്ട്,ചാള്‍സ് ഡിക്കന്‍സിന്റെ എ ടെയില്‍ ഓഫ് റ്റു സിറ്റീസ് എന്നിങ്ങനെ ഒരുപിടി പുസ്തകങ്ങളാണ് ഇപ്പഴും വില്‍പ്പനയില്‍ അതിശയം സൃഷ്ടിക്കുന്നത്.ഇവയ്ക്കിടയില്‍ ജെ.കെ റൗളിങ്ങിന്റെ പോലെ പുത്തന്‍കൂറ്റുകാരുടെ കാണാമെങ്കിലും കമ്പം പഴയവ തന്നെ.ഇവയില്‍ പലതും ലക്ഷങ്ങളല്ല കോടികളാണ് വിറ്റുപോയത്.
വായിച്ചവസാനിക്കുമ്പോഴും വായനക്കാരന്റെ ആത്മാവില്‍ അനുഭൂതിയുടെ ഒരിക്കലും വാടാത്ത വസന്തം നിറക്കാന്‍ തുടങ്ങുന്നവയാണ് ഈ പുസ്തകങ്ങള്‍.നൂറ്റാണ്ടുകളും പതിറ്റാണ്ടുകളും പഴക്കമുള്ളവയുമുണ്ട് ഇവയില്‍.പതിനേഴാം നൂറ്റാണ്ടിലേതാണ് സെര്‍വാന്റിസിന്റെ ഡോണ്‍ ക്വിക്സോട്ട്.ലോക നോവലിന്റെ ആദ്യാങ്കുരം എന്നു വിശേഷണമുള്ള ക്വിക്സോട്ട് വായനയുടെ ഇതിഹാസമാണ്.ആധുനിക നോവലുകള്‍ ഉള്‍പ്പടെയുള്ള സാഹിത്യ സരണികള്‍ നവീന സാങ്കേതികത്വത്തിന്റെയും സങ്കേതത്തിന്റെയും പുത്തന്‍ ഭാവുകങ്ങള്‍ തേടുമ്പോഴും അവ നല്കുന്ന താല്‍ക്കാലിക വായനാസുഖമല്ലാതെ കാലങ്ങളെ മറികടക്കുന്ന അനുഭൂതി നല്‍കുന്നില്ല.
അവിടെയാണ് ഇത്തരം പഴയ പുസ്തകങ്ങളുടെ പുതിയ പ്രസക്തി.പ്രസാധക കാലത്തിന്റെ പേരില്‍മാത്രമേ ഇവ പഴയതാകുന്നുള്ളു.താല്ക്കാലികമാകാതെ എന്നന്നേയ്ക്കുമായി അനുഭൂതിയുടെ ആത്മാവുകള്‍ അവശേഷിപ്പിച്ചുകൊണ്ട് ഇവ നിത്യഹരിതമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: