‘ kayar bhoo vasthrathintey upayogam thozhilurappu paddhathiyil ‘ enna vishayathil jilla panchayathu it halil sankadippicha seminar manthry thomas issac udhkadanam cheyyunnu
കൊല്ലം: പുഴകള്‍, തോടുകള്‍, കുളങ്ങള്‍ തുടങ്ങിയ ജലസ്രോതസ്സുകളുടെ അതിരുകളില്‍ കല്ലുകെട്ടുന്നത് ഒഴിവാക്കി, പ്രകൃതിസൗഹൃദമായ കയര്‍ഭൂവസ്ത്രം ഉപയോഗിക്കണമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് നിര്‍ദേശിച്ചു. കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗം തൊഴിലുറപ്പ് പദ്ധതിയില്‍ എന്ന വിഷയത്തില്‍ ജില്ലാ പഞ്ചായത്ത് ഐടി ഹാളില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കല്‍ക്കെട്ടുകള്‍ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുകയും ജല ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത്തരം കല്‍ക്കെട്ടു നിര്‍മാണം പലയിടത്തും കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിലാണെന്നും കണ്ടത്തിയിട്ടുണ്ട്. നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി ജലസംരക്ഷണ സംരംഭങ്ങള്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.
കയര്‍ഭൂവസ്ത്രം ഉപയോഗിച്ചാല്‍ നാടിന്റെ ജലസ്രോതസുകള്‍ സംരക്ഷിക്കപ്പെടുന്നതിനൊപ്പം കയര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭിക്കും. കയര്‍മേഖലയില്‍ അടുത്ത നാലു വര്‍ഷം ആധുനിക യന്ത്രവല്‍ക്കരണം ഉള്‍പ്പെടെ ആയിരം കോടി രൂപയുടെ വികസന പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ അധ്യക്ഷത വഹിച്ചു, സബ് കളക്ടര്‍ എസ്.ചിത്ര, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വനജകുമാരി, പിഎയു പ്രോജക്ട് ഡയറക്ടര്‍ എ.ലാസര്‍ എന്നിവര്‍ സംസാരിച്ചു.
















