മണ്ണാര്‍ക്കാട് : വിദ്യാലയങ്ങള്‍ തുറക്കാന്‍ രണ്ടു ദിവസംമാത്രം അവശേഷിക്കേ നഗരത്തിന് ഇനിയും ഗതാഗതകുരുക്കില്‍ നിന്നും മോചനം നേടാനായില്ല.
നഗരസഭയും ട്രാഫിക്ക് പോലീസും സംയുക്തമായി നിരവധി ആലോചനക്കുശേഷമാണ് പരിഷ്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും, തൊഴിലാളിസംഘടനകളുടെയും, വ്യാപാരി വ്യവസായികളുടെയും യോഗം തുടക്കത്തില്‍ വിളിക്കാതിരുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കി. കോഴിക്കോട് പാലക്കാട് ദേശീയപാത-1966ല്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴവരെയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം വരുന്ന പ്രദേശത്താണ് സാധാരണയായി ഗതാഗതക്കുരുക്കുണ്ടാവുന്നത്. അധ്യേനവര്ഷം ആരംഭിക്കുന്നതോടെ ഇതിന്റെ രൂക്ഷത വര്‍ദ്ധിക്കും.
കുന്തിപ്പുഴയില്‍ നിന്നും ചോമ്മേരിഗാര്ഡന് വഴി വടക്കുമന്നം റോഡിലെത്തുന്ന മിനി ബൈപ്പാസ് ഇപ്പോഴും നോക്കുകുത്തിയാണ്. വലിയ വാഹനങ്ങള്‍ ഈ ബൈപ്പാസിലുടെ കടത്തിവിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില നിയമപ്രശ്നങ്ങളുള്ളതിനാല്‍ അതിതുവരെയും പ്രാവര്‍ത്തികമായിട്ടില്ല. ട്രാഫിക്ക് പോലിസിനെ നിയോഗിച്ചെങ്കില് മാത്രമെ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടാന്‍ കഴിയു. ഓപ്പറേഷന് അനന്തയുടെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങള്‍ ഇനിയും റോഡരികുകളില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല.
അഴുക്കുചാലുകള്‍ മണ്ണിട്ടുമൂടിയതുമൂലം പലയിടത്തും വെള്ളം കെട്ടികിടക്കുകയാണ് ഇത് ഇരുചക്രവാഹനക്കാര്‍ക്കും, കാല്‍നടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ദുസ്സഹമായിരിക്കുകയാണ്.
മണ്ണാര്‍ക്കാട് കോടതിപ്പടിയിലും ആശുപത്രിപ്പടിയിലുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. താലൂക്കാശുപത്രിയിലേക്ക് വരുന്ന ആംബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍ പെടാറുണ്ട്. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്കുചെയ്യുന്ന ഇരുചക്ര മുച്ചക്ര വാഹനങ്ങളാണ് ഗതാഗതക്കുരുക്കുണ്ടാക്കുന്നത്.
നഗരസഭാ പരിധിയിലോടുന്ന ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക സ്റ്റിക്കറും നമ്പറും നല്‍കിയിട്ടുണ്ടെങ്കിലും അവയൊന്നും പലപ്പോഴും പാലിക്കപ്പെടാറില്ല. പോലീസിന്റെയും ബന്ധപ്പെട്ടവരുടെയും കണ്ണുവെട്ടിച്ച് ഇവയുടെ ഓട്ടം പതിവാണ്. സ്വകാര്യബസ്സുകളും വിശ്രമത്തിനായി പലപ്പോഴും റോഡരികില്‍ പാര്‍ക്കുചെയ്യാറുണ്ട്.
മണ്ണാര്‍ക്കാട്ടെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും 37 ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസ്സുകളും, മൂന്ന് കെയുആര്‍ടിസിയും സര്‍വീസ് നടത്തുന്നുണ്ട്. മലയോരമോഖലകളായ മൈലംപാടം, മുതുകുറുശ്ശി, എടത്തനാട്ടുകര, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസ്സുകള്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഉള്ളവതന്നെ യഥാസമയം സര്‍വീസ് നടത്താറില്ല. ഈ പ്രദേശങ്ങളിലേക്ക് സ്വകാര്യ ബസ്സുകളും കുറവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: