പാലക്കാട്:കാലവര്‍ഷം ആരംഭിക്കാനിരിക്കെ കെഎസ്ആര്‍ടിസി പുതിയകെട്ടിടത്തിന്റെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നു.
സിഐടിയുവിന്റെ കടുംപിടിത്തവും പാലക്കാട് എംഎല്‍എയുടെ പിടിപ്പുകേടുമാണ് ഇതിനുകാരണമെന്ന് പറയുന്നു. അലക്ഷ്യമായി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ കയറാനെത്തുന്ന യാത്രക്കാര്‍ പൊരിവെയിലത്ത് വാടിത്തളരേണ്ട ഗതികേടിലാണ്. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച കെട്ടിടം 2013 ജൂണ്‍ അഞ്ചിന് പൊളിച്ചുപണി തുടങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷാവസാനത്തോടെയാണ് പഴയ കെട്ടിടം പൊളിച്ചത്.
25 കോടി രൂപയുടെ അന്താരാഷ്ട്ര ടെര്‍മിനലിനാണ് ആദ്യം പ്ലാന്‍ നല്‍കിയിരുന്നതെങ്കിലും നഗരവികസനത്തിന്റെ ലക്ഷ്യം നോക്കി ചീഫ് ടൗണ്‍ പ്ലാനര്‍ 15 കോടിരൂപയുടെ പദ്ധതിക്ക് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ അതും മറികടന്ന് കെട്ടിടം പൊളിച്ചശേഷം ഏഴു കോടി രൂപയുടെ കെട്ടിടത്തിനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്.
യാക്കര വില്ലേജില്‍പെട്ട പഴയ കെട്ടിടത്തിന്റെ നികുതി കുടിശ്ശികയും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും സംബന്ധിച്ച വസ്തുതകളുമൊക്കെ ആദ്യകാലത്ത് വിനയായിരുന്നു. എന്നാല്‍ കെട്ടിടം പൊളിച്ചുമാറ്റിയെങ്കിലും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം സംബന്ധിച്ച യാതൊരു പ്രവര്‍ത്തനങ്ങള്‍ക്കും ഇതുവരെ നടപടികള്‍ ആയിട്ടില്ല. പഴയ കെട്ടിടം പൊളിക്കുന്നതോടെ ബസ്സുകള്‍ എങ്ങോട്ട് മാറ്റുമെന്നതായിരുന്നു തുടക്കത്തിലെ പ്രശ്നമെങ്കില്‍ പിന്നീട് സ്റ്റാന്റ് നിര്‍മ്മാണം സംബന്ധിച്ചതായിരുന്നു. രണ്ടുവര്‍ഷത്തെ ആശങ്കകള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്റ്റേഡിയം സ്റ്റാന്റിലേക്ക് കുറച്ച് പൊള്ളാച്ചി ബസ്സുകള്‍ മാറ്റി അസൗകര്യങ്ങളുടെ വീര്‍പ്പുമുട്ടലില്‍ കെഎസ്ആര്‍ടിസിയുടെ സ്റ്റാന്റ് മാറ്റം പേരിലൊതുക്കി.
ഒന്നരവര്‍ഷം മുമ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശിലാസ്ഥാപനം നടത്തിയ കെഎസ്ആര്‍ടിസി സ്റ്റാന്റ് നവീകരണം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. സ്റ്റാന്റിലെ പ്രധാന കെട്ടിടം പൊളിച്ചിട്ട് ഒന്നരവര്‍ഷമായെങ്കിലും ഇതുവരെ തുടര്‍നടപടികളായില്ല.
ജീവനക്കാരുടെ സഹകരണസംഘം ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം കൂടി പൊളിച്ചാല്‍ മാത്രമേ പുതിയ കെട്ടിടം നിര്‍മ്മിക്കാനാവു. പക്ഷേ ജീവനക്കാരില്‍ ഒരു വിഭാഗം ഇതിന് തയ്യാറാകുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം നേരിട്ടെത്തെത്തി സ്ഥിതിഗതികള്‍ ആരാഞ്ഞെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. തര്‍ക്കമുള്ള കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചെങ്കിലും സിഐടിയു ജീവനക്കാര്‍ തടസ്സം നിന്നതോടെ കരാറുകാരന് പിന്മാറി. ഈകെട്ടിടത്തിലാണ് ഡ്രൈവറുമാരുടെയും കണ്ടക്ടര്‍മാരുടെയും സ്റ്റേ റൂം. ഈ പേരുപറഞ്ഞാണ് സിഐടിയു ജീവനക്കാര്‍ ഇത് പൊളിക്കുന്നതിന് തടസം നില്‍ക്കുന്നത്.
തുടര്‍ന്ന് സ്റ്റേഡിയം സ്റ്റാന്റിന് സ്റ്റേ റൂം അനുവദിച്ചെങ്കിലും വിജയിച്ചില്ല. ബിഎംഎസ് ജീവനക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് മെക്കാനിക്കല്‍ ഗ്യാരേജിന്റ് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് സ്റ്റേ റൂം മാറ്റാമെന്ന തീരുമാനത്തിലെത്തി. ഇതിനായി കെഎസ്ആര്‍ടി എംഡി 2 ലക്ഷം അനുവദിച്ചു. എന്നാല്‍ സഹകരണസംഘം കെട്ടിടം പൊളിക്കുന്നതിന് സിഐടിയു ജീവനക്കാര്‍ മുടക്കം നിന്നതോടെ കാര്യങ്ങള്‍ അവതാളത്തിലായി. അതേസമയം എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2.5കോടി രൂപ ലാപ്സാവാനും സാധ്യതയുണ്ട്. ഇതിനിടെ കോണ്ട്രാക്ടര് എസ്റ്റിമേറ്റ് റിവൈസ് ചെയതുതരാനും ആവശ്യപ്പെട്ടിരുന്നു.
23 ഷെഡ്യൂളുകളിലായി ദിനം പ്രതി 120 ലധികം ട്രിപ്പുകള്‍ നടത്തുന്ന കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയില്‍ 600 ഓളം പേര്‍ക്കുള്ള താല്‍ക്കാലിക സൗകര്യവും 50 പേര്‍ക്കുള്ള സ്ഥിരം താമസസൗകര്യവും സ്ത്രീകള്‍ക്കുള്ള ടോയ്ലറ്റ്, വിശ്രമസ്ഥലം, സെക്യൂരിറ്റി റൂം, എന്‍ക്വയറി കൗണ്ടര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ടിഎന്‍എസ്ടിസിയുടെ ഓഫീസ്, കാന്റീന്, ക്ലോക്ക് റൂം, യാത്രക്കാര്‍ക്കുള്ള ഇരിപ്പിടം എന്നിവ ആവശ്യമാണ്.
സമീപത്തെ അന്താരാഷ്ട്ര ടെര്‍മിനലില്‍നിന്നും നേരത്തെ സര്‍വ്വീസ് നടത്തിയിരുന്ന കോയമ്പത്തൂര്‍ ബസ്സുകള്‍ ഇപ്പോള്‍ പൊളിച്ചിട്ട ഭാഗത്തു നിരയായി നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതുമൂലം ഇവിടെ യാത്രക്കാര്‍ വെയിലു കൊള്ളാതെ നിന്നിരുന്നു. ഷീറ്റിട്ട ട്രാക്ക് ഉപയോഗശൂന്യമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: