കൊട്ടാരക്കര: കിഴക്കന്‍മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു. ഇടയ്‌ക്ക് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നെങ്കില്‍ വീണ്ടും ചികിത്സ തേടി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിജുനെല്‍സണ്‍ പറഞ്ഞു.
നിലവില്‍ 12 പേര്‍ ഡെങ്കി ബാധിതരാണെന്നാണ് റിപ്പോര്‍ട്ട്. കുളക്കട, മൈലം, പവിത്രേശ്വരം പഞ്ചായത്തുകളില്‍ ഡെങ്കി പടരുന്നുണ്ട്. കുളക്കട വെണ്ടാറില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്.
രക്തത്തിന്റെ അളവ് കുറയുന്ന രോഗികളിലധികവും മെച്ചപ്പെട്ട ചികിത്സതേടി സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ച് വരുന്നത്. പകര്‍ച്ചപനി ബാധിതരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ചിക്കന്‍പോക്‌സും, മഞ്ഞപിത്തവും പടരുന്നുണ്ട്. കൊതുക്ജന്യരോഗങ്ങളും മാലിന്യത്തില്‍ നിന്നും മലിന ജലത്തില്‍ നിന്നുമാണ് രോഗങ്ങള്‍ പടരുന്നതെന്ന് പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേ സമയം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും കൊതുക് നശീകരണത്തിനും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കൊട്ടാരക്കര ടൗണില്‍ മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. വേനല്‍ മഴ പെയ്തതോടെ നഗരം ദുഷിച്ച് നാറീ തുടങ്ങി. എന്നിട്ടും അധികൃതര്‍ക്ക് യാതൊരു അനക്കവുമില്ല.
















