പോഷക സമൃദ്ധമായ ഈന്തപ്പഴം എല്ലാവര്ക്കും സുപരിചിതമായ ഫലവര്‍ഗ്ഗമാണ്. ഉണക്കിയും അല്ലാതെയുമൊക്കെ ഈന്തപ്പഴം കഴിക്കാം. ഉണക്കിയെടുക്കുമ്പോള്‍ ഇവയുടെ പോഷകങ്ങളൊന്നും തന്നെ നഷ്ടപ്പെടുകയില്ല.
കൊഴുപ്പ് വളരെ കുറഞ്ഞ ഫലവര്‍ഗ്ഗമാണിത്. പ്രകൃതിദത്ത പഞ്ചസാരകളായ ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് എന്നിവ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഇവയിലെ നാരുകള്‍ രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍ ഡി എല്ലിന്റെ തോത് കുറയ്ക്കും
ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴുണ്ടാകുന്ന വിളര്‍ച്ചയ്ക്ക് ഉത്തമ പരിഹാരമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിലെ ഇരുമ്പ് ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് സഹായിക്കുകയും വിളര്‍ച്ച അകറ്റുകയും ചെയ്യും. രക്ത കോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും ഇരുമ്പ് വേണം. കൂടാതെ തൂക്കം കൂടാനും ശരീരം പുഷ്ടിപ്പെടുന്നതിനും സഹായിക്കും.
നൂറു ഗ്രാം ഈന്തപ്പഴത്തിലെ പോഷകങ്ങള്‍
നാരുകള്‍ – 6.7 ഗ്രാം
പൊട്ടാസ്യം – 696 മില്ലി ഗ്രാം
കോപ്പര്‍ – 0.4 മി. ഗ്രാം
മാംഗനീസ് – 0.3 മി. ഗ്രാം
മഗ്നീഷ്യം – 54 മി. ഗ്രാം
വൈറ്റമിന്‍ – B6 – 0.2 മി. ഗ്രാം
ആരോഗ്യഗുണങ്ങള്‍
ദഹനത്തിന് ഉത്തമം : നാരുകള്‍ ധാരാളമടങ്ങിയിരിക്കുന്നത് കൊണ്ട് ദഹന പ്രക്രിയ സുഗമമാക്കാന്‍ സഹായിക്കും. വെളളത്തില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ ദഹന വ്യവസ്ഥയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന ക്ഷമത കൂട്ടുന്നു. കൂടാതെ കുടല് വീക്കം, കുടല് കാന്‍സര്‍, മൂലക്കുരു എന്നിവ തടയുന്നതിനും ഈന്തപ്പഴത്തിലെ നാരുകള്‍ സഹായിക്കും.
ഹൃദയാരോഗ്യത്തിന് : നിത്യവും ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇവയിലെ നാരുകള്‍ കുടലിന്റെ ആരോഗ്യത്തിനു മാത്രമല്ല, ഹൃദയത്തിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടുന്നതിനും നല്ലതാണ്.
രക്തസമ്മര്‍ദ്ദം കുറയ്ക്കും : ഈന്തപ്പഴത്തിലുളള മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
പക്ഷാഘാത സാധ്യത കുറയ്ക്കും : ഈന്തപ്പഴത്തിലെ പൊട്ടാസ്യം പക്ഷാഘാത സാധ്യത കുറയ്ക്കും. ദിവസേന 100 മില്ലി ഗ്രാം പൊട്ടാസ്യം ഉളളില്‍ ചെന്നാല്‍ പക്ഷാഘാത സാധ്യത 9 % കുറയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
സുഖപ്രസവത്തിന് : പ്രസവ സമയത്തെ ബുദ്ധിമുട്ടുകള്‍ കുറച്ച് സുഖപ്രസവം നടക്കാന്‍ ഈന്തപ്പഴം കഴിച്ചാല്‍ മതിയെന്നാണ് മറ്റൊരു പഠനം പറയുന്നത്. പ്രസവത്തിന് നാലാഴ്ച മുമ്പ് ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കിയാല്‍ സുഖപ്രസവം നടക്കുമെന്ന് സയന്‍സ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍, 69 ഗര്‍ഭിണികളില്‍ നടത്തിയ പഠനമാണ് തെളിയിച്ചത്.
ബുദ്ധി വികാസത്തിന് : ഈന്തപ്പഴത്തിലെ വൈറ്റമിന്‍ B6 ബുദ്ധി വളര്‍ച്ചയ്ക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.
നിശാന്ധത : നിശാന്ധതയ്ക്ക് (Night blindness) പരിഹാരമാണ് ഈന്തപ്പഴവും ഈന്തപ്പനയുടെ ഇലകളും. ഈന്തപ്പനയുടെ ഇലകള്‍ അരച്ച് കണ്ണിനു ചുറ്റും പുരട്ടുന്നത് നിശാന്ധതക്ക് ഫലപ്രദമാണ്. ഈന്തപ്പഴം കഴിക്കുന്നതും ഇതേ ഫലം ചെയ്യും.
മദ്യം അമിതമായി കഴിച്ചാല്‍ : മദ്യം അമിതമായി ഉളളില്‍ ചെന്നാലുളള ദോഷ ഫലങ്ങള്‍ കുറച്ച് ശരീരത്തിന് ആശ്വാസം നല്കാന് ഈന്തപ്പഴത്തിന് കഴിവുണ്ട്.
വയറിളക്കം : നാരുകളും പൊട്ടാസ്യവും ധാരാളമുളള ഈന്തപ്പഴം വയറിളക്കത്തിന് പരിഹാരമാണ്. ദഹന വ്യവസ്ഥയെ സുഗമമാക്കാന്‍ ഈന്തപ്പഴത്തിന് കഴിയും.
നാഡീ വ്യൂഹത്തിന്റെ ആരോഗ്യത്തിന് : ഈന്തപ്പഴത്തിലെ വിറ്റാമിനുകള്‍ നാഡീ വ്യൂഹത്തിന്റെ പ്രവര്‍ത്തനക്ഷമത കൂട്ടാന്‍ സഹായിക്കും.
ലൈംഗികശേഷി കൂട്ടും : ഒരു പിടി ഈന്തപ്പഴം ഒരു ഗ്ലാസ് ആട്ടിന്‍ പാലില്‍ രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. പിറ്റേന്ന് ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇത് നന്നായി ഉടച്ചെടുക്കുക. ഉയര്‍ന്ന ലൈംഗിക ശേഷി കൈവരിക്കാന്‍ സഹായിക്കുന്ന നല്ലൊരു ടോണിക് ആണിത്. ഈന്തപ്പഴത്തിലെ ഇസ്ട്രാഡിയോള്, ഫ്ളവനോയ്ഡ് എന്നിവ ബീജത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: