കല്‍പ്പറ്റ: പാവപ്പെട്ടവരേയും സാധാരണക്കാരേയും വിദഗ്ധ ചികിത്സകളുടേയും പരിശോധനകളുടേയും പേരില്‍ കൊള്ളയടിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഉപരോധിക്കുമെന്ന് ആര്‍വൈഎഫ് ലെനിനിസ്റ്റ് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡുമായി ചികിത്സക്കെത്തുന്ന രോഗികളില്‍ നിന്നും മറ്റ് ഫീസുകളൊന്നും വാങ്ങാന്‍ പാടില്ലെന്നിരിക്കെ ആദിവാസികളടക്കമുള്ള പാവപ്പെട്ട രോഗികളെ തെറ്റിദ്ധരിപ്പിച്ച് വന്‍ ഫീസാണ് ഈടാക്കുന്നത്. ചെയ്യാത്ത ചികിത്സയുടേയും പരിശോധനകളുടേയും പേരില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡില്‍ നിന്നും വന്‍തുക കുറക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ ഇന്‍ഷ്വറന്‍സിനെക്കുറിച്ച് വ്യക്തമായി അറിയാത്തവരാണ് ചൂഷണത്തിന് ഇരയാകുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ലഭിച്ചിട്ടും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.
ആര്എസ്ബിവാ രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്തിയിലെ വാര്‍ഡ് സൗകര്യങ്ങള്‍ കുറഞ്ഞതും വൃത്തിഹീനവുമാണ്. ജില്ലയിലെ എംപി, എംഎല്‍എ ഫണ്ടുകളില്‍ നിന്നും കോടികള്‍ ചെലവഴിച്ച് ജില്ലാ ആശുപത്രി അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ലാബ്, എക്സ്റേ, സ്കാന്‍ സെന്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരെയും ടെക്നിഷ്യന്മാരെയും നിയമിച്ചിട്ടില്ല. നിലവിലുള്ളവര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് നിരന്തരം അവധിയെടുക്കുകയുമാണ്. ഇതിന് പിന്നില്‍ സ്വകാര്യ ലാബ്, എക്സ്റേ, സ്കാന്‍ സെന്ററുകളുടെ ഏജന്റുമാരായ ചില ഡോക്ടര്‍മാരും ജീവനക്കാരും ഉണ്ടെന്നറിഞ്ഞിട്ടും ജില്ലാ ആശുപത്രിയിലടക്കമുള്ള നൂറ്കണക്കിന് ആദിവാസികളടക്കമുള്ള രോഗികളെ സഹായിക്കാന്‍ യാതൊരുനടപടിയും ഉണ്ടായിട്ടില്ല. ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് സൗകര്യം ഉണ്ടെങ്കിലും സ്വകാര്യമേഖലയെ സഹായിക്കാന്‍ ഇവയും വേണ്ട രീതിയില്‍ സേവനം നടത്തുന്നില്ല.
പാവപ്പെട്ടവരേയും സാധാരണക്കാരേയും കൊള്ളയടിക്കുന്ന ഡോക്ടര്‍മാരും ആശുപത്രികളും ഉപരോധിക്കുമെന്നും ഇത്തരം സ്ഥാപനങ്ങളിലേക്ക് ബഹുജനമാര്‍ച്ചും പ്രക്ഷോഭവും സംഘടിപ്പിക്കുമെന്നും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറി ബിജു റാട്ടക്കൊല്ലി, പ്രസിഡന്റ് കെ.സി. നവാസ് മുണ്ടേരി, ജോയിന്റ് സെക്രട്ടറി ലേഖ മാനന്തവാടി, വൈസ് പ്രസിഡന്റ് വിനു മാനന്തവാടി എന്നിവര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: