പാലക്കാട്:കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി കാര്‍ഷിക കലണ്ടര്‍ ജൂണില്‍ തന്നെ തയ്യാറാക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു.
വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് രണ്ടാം വിള ഇറക്കാന്‍ കഴിയാതിരുന്ന സാഹചര്യം ഭാവിയില്‍ ഒഴിവാക്കുന്നതിനായി മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് എംപി-എംഎല്‍എമാര്‍, ജലസേചനം-കൃഷി – ജല അതോറിറ്റി, കര്‍ഷക സംഘടനകള്‍ എന്നിവരുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് കലണ്ടര്‍ തയ്യാറാക്കും.വിളയിറക്കേണ്ട സമയം,വിത്തുകള്‍,ആവശ്യമായ വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങള്‍, ഉപയോഗിക്കേണ്ട ജൈവ കീടനാശിനികള്‍ എന്നിവ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് കലണ്ടര്‍ തയ്യാറാക്കുക.
കൃഷിയിടങ്ങളില്‍ വിളകള്‍ നശിപ്പിക്കാന്‍ നിരോധിച്ച കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യമുയര്‍ന്നു.പാടശേഖര സമിതികള്‍ക്ക് ഇതുസംബന്ധിച്ച് ബോധവത്കരണം നല്‍കാനും തീരുമാനിച്ചു.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതുകൊണ്ട് കര്‍ഷകര്‍ക്ക് ഫസല്‍ ബീമാ യോജനയിലെ ഇന്‍ഷൂറന്‍സ് ലഭിക്കാത്തത് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും.നിലവിലുള്ള 36 കൃഷി ഓഫീസര്‍മാരുടെയും ഒഴിവുകളിലേയ്ക്ക് ഉടന്‍ നിയമനം നടത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന കെ.കൃഷ്ണന്‍കുട്ടി എംഎല്‍എയുടെ പ്രമേയം യോഗം അംഗീകരിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട 64 കോടി കേന്ദ്ര സര്‍ക്കാറില്‍ നിന്നും ലഭ്യമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. പട്ടികജാതി-വര്‍ഗ കോളനികളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തണമെന്നും ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകാനുള്ള രണ്ട് കോടിയും നെല്ല് സംഭരണ കുടിശ്ശികയും ലഭ്യമാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വരള്‍ച്ചമൂലം രണ്ടാം വിളയിറക്കരുതെന്ന നിര്‍ദേശത്തെതുടര്‍ന്ന് കൃഷിയിറക്കാതിരുന്നവര്‍ക്ക് ഒരുഹെക്റ്ററിന് 6,000 രൂപവീതവും സൗജന്യമായി വിത്തും നല്‍കും.ജ്യോതി,മറ്റ് ഇനങ്ങളിലായി 1100ടണ്‍ നെല്‍വിത്ത് വിതരണം പൂര്‍ത്തിയാക്കിയതായും ആവശ്യത്തിന് ഉമ വിത്ത് സ്റ്റോക്കുള്ളതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ചിറ്റൂര്‍-കൊഴിഞ്ഞാമ്പാറ മേഖലകളില്‍ 25.4 ടണ്‍ ‘ കാഞ്ചന’ വിത്തുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
യോഗത്തില്‍ എഡിഎം എസ്.വിജയന് അധ്യക്ഷതവഹിച്ചു. എംപിമാരായ പി.കെ.ബിജു,എം.ബി.രാജേഷ്,എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടി,കെ.വി.വിജയദാസ്,കെ.ഡി.പ്രസേനന്‍,കെ.ബാബു,വി.ടി.ബല്‍റാം, മന്ത്രിഎ.കെ.ബാലന്റെ പ്രതിനിധി പി.അനീഷ്,ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്,ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: