ന്യൂദല്‍ഹി : പൊതു മേഖലാ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികള്‍ വിലയിരുത്താന്‍ ജൂണ്‍ 12ന് ബാങ്ക് മേധാവികളുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കൂടിക്കാഴ്ച്ച നടത്തും.
കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളെ സംബന്ധിച്ചും ഈ ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ബാലന്‍സ് ഷീറ്റ്, വായ്പ്പ നല്കല് എന്നിവയും യോഗം വിലയിരുത്തും. പൊതു മേഖലാ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി ആറ് ലക്ഷം കോടിയായി ഉയര്‍ന്നിരുന്നു. ഇവ തിരിച്ചു പിടിക്കുന്നതിനും, ഇന്ദ്രധനുഷ് പദ്ധതി പ്രകാരം ബാങ്കിന്റെ ഫണ്ട് ഉയര്‍ത്തുന്നതിനെ കുറിച്ചും തീരുമാനമെടുക്കും.
പൊതു മേഖലാ ബാങ്കുകള്‍ നിലവില്‍ പൊതു ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനങ്ങളില്‍ നിന്നും പിന്നോക്കം പോകാതെ 1.10 ലക്ഷം കോടി രൂപ സ്വരുപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ് ഇന്ദ്രധനുഷ് പദ്ധതി. കൂടാതെ പ്രധാന് മന്ത്രി ജന്‍ ധന് യോജന(പിഎംജെഡിവൈ) പ്രധാനമന്ത്രി ജീവന്‍ജ്യോതി ബിമാ യോജന(പിഎംജെബിവൈ), പ്രധാന് മന്ത്രി മുദ്ര യോജന തുടങ്ങിയ പദ്ധതികള്‍ കേന്ദ്രം ആവിഷ്കരിച്ചതോടെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വര്ധനവുണ്ടായിട്ടുണ്ടോയെന്നും യോഗം വിലയിരുത്തും.
ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ സംബന്ധിച്ച് ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം 2016ലെ രാജ്യത്തെ പൊതു മേഖലാ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി 6.6 ലക്ഷം കോടിയായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: