പരീക്ഷാ ചൂട് കഴിഞ്ഞു. ഇനി വേനലവധി. മുമ്പത്തെപ്പോലെ പാടത്തും പറമ്പിലും ഓടിച്ചാടി കളിക്കാന്‍ ഇന്നത്തെ കുട്ടികളെ കിട്ടില്ല. അതിന് പാടവും പറമ്പും ഉണ്ടായിട്ടുവേണ്ടെ എന്ന ചിന്തയ്ക്കും പ്രസക്തിയുണ്ട്. വേനലവധി തുടങ്ങിയാല്‍ പിന്നെ മാവിന് ചുവട്ടില്‍ നിന്നും കൊയ്ത്തുകഴിഞ്ഞ പാടത്തുനിന്നും കയറാതെ പലപല കളികളിലേര്‍പ്പെട്ടിരുന്ന കുട്ടികളായിരുന്നു പണ്ടത്തെ കാഴ്ച. ഇന്ന് ആ സ്ഥിതി മാറി. കൂട്ടം കൂടി കളിക്കാന്‍ കുട്ടിക്കൂട്ടങ്ങളില്ല. ഒറ്റയ്ക്കൊറ്റയ്ക്കുള്ള കളികളും കാര്‍ട്ടൂണ്‍ കാണലും.
അതിലൊതുങ്ങുന്നു വേനലവധി. അവധിയാണെങ്കിലും പഠനത്തിന് അവധി നല്കാന് രക്ഷിതാക്കള്‍ തയ്യാറല്ല. പഠനം പാഠപുസ്തകത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അവരെ ആക്ടീവാക്കി നിര്‍ത്തുകയെന്നതാണ് രക്ഷിതാക്കളുടെ ലക്ഷ്യം. വേനല്‍ക്കാല ക്ലാസുകളില്‍ കുട്ടികള്‍ക്ക് താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ചേര്‍ക്കണം എന്നത് ഒരു നിര്‍ബന്ധം പോലെയാണ് ചിലര്‍ക്ക്. കുട്ടിക്ക് അഭിരുചിയുള്ള വിഷയങ്ങളാണെങ്കില്‍ വേനല്‍ക്കാല ക്ലാസുകള്‍ അവര്‍ക്ക് എന്തുകൊണ്ടും നല്ലതാണ്.
വേനല്‍ അവധി എല്ലാം മറന്ന് ആഘോഷിക്കാനുള്ളതുതന്നെ. പക്ഷെ മുമ്പത്തെപ്പോലെയല്ല സ്ഥിതി. പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും തന്നെ മാറ്റങ്ങള്‍ വന്നു, നിരവധി. തീക്ഷ്ണമായ ചുടാണ് പ്രധാന പ്രശ്നം. കാരണക്കാര്‍ നമ്മള് ഓരോരുത്തരുമാണ്. സൗകര്യങ്ങള്‍ വര്‍ധിച്ചപ്പോള്‍ പ്രകൃതിയെ മറന്നു. കൂടുതല്‍ സ്വാര്‍ത്ഥരായി. മരങ്ങള്‍ വെട്ടി, കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കി, മണലൂറ്റി പുഴകളെ മൃതപ്രായമാക്കി. ഫലമോ?. മഴയില്ല. സൂര്യന്റെ ചൂടിനെ പ്രതിരോധിക്കാന്‍ മരങ്ങളില്ല. പ്രകൃതിയുടെ പ്രകൃതവും അതോടെ മാറി.
താങ്ങാന്‍ പറ്റാത്ത ചൂടാണ് വെളിയിലേക്കിറങ്ങിയാല്. അവധി ആഘോഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉച്ചനേരങ്ങളിലെ കളി ഉപേക്ഷിക്കുക. അത് പലവിധ ശാരീരിക പ്രശ്നങ്ങള്‍ക്കും കാരണമാകും. നിര്ജ്ജലീകരണത്തിനിടവരാതെ നോക്കേണ്ടതുണ്ട്. ധാരാളം ശുദ്ധജലം കുടിക്കുകയെന്നതാണ് ഏക പോംവഴി. സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
സാധിക്കുമെങ്കില്‍ രണ്ടുനേരമെങ്കിലും കുളിക്കുക. പുറത്തേക്കിറങ്ങുന്നതിന് മുമ്പ സണ്‍ സ്ക്രീന്‍ ലോഷന്‍ പുരട്ടുക. കടുത്ത വെയില് ഏല്‍ക്കാത്ത വിധത്തിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കേണ്ടത്. ഇക്കാര്യം ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ വെള്ളരിക്ക, കാരറ്റ്, സവാള, തക്കാളി എന്നിവ ചേര്‍ത്ത സലാഡുകള്‍ കഴിക്കുന്നത് നല്ലതാണ്.
ക്രമാതീതമായി ഉയര്‍ന്ന ശരീരതാപം, വരണ്ടതും ചുവന്ന് ചൂടായതുമായ ശരീരം, നേര്‍ത്ത നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റം, അബോധാവസ്ഥ തുടങ്ങിയവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതം മാരകമായതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. കനത്ത ചൂടിനെതുടര്‍ന്ന് ശരീരത്തില്‍ നിന്നും ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ചൂടുള്ള കാലവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലിചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്തസമ്മര്‍ദ്ദം മുതലായ രോഗങ്ങള്‍ ഉള്ളവരിലുമാണ് സൂര്യാതപം കൂടുതലായി കാണുന്നത്.
വേനല്‍കാലം അസുഖങ്ങളുടെ കാലം കൂടിയാണ്. ചൂടാണ് പ്രധാന കാരണം. കൂടാതെ ജലദൗര്‍ലഭ്യം ശുചിത്വമില്ലാത്ത വെള്ളത്തിന്റെ ഉപയോഗവും കൂട്ടുന്നു. ഇതെല്ലാം അസുഖങ്ങള്‍ വിളിച്ചുവരുത്തും. ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് ഇതെല്ലാം വേനലവധിയുടെ സര്‍വ്വ രസവും ഇല്ലാതാക്കാന്‍ പോന്നതാണ്. അതിനാല്‍ ആരോഗ്യകാര്യത്തില്‍ നല്ല കരുതല്‍ വേണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, ധാരാളം പഴങ്ങള്‍ കഴിക്കുക, തണുത്ത സാധനങ്ങള്‍ കഴിവതും ഒഴിവാക്കുക ഇതൊക്കെ വേനല്‍ക്കാല രോഗങ്ങള്‍ തടയാന്‍ ആവശ്യമാണ്.
ചൂടാണല്ലോ എന്ന് കരുതി ഐസ് ക്രീം, വഴിയരികില്‍ നിന്ന് കിട്ടുന്ന കുലുക്കി സര്‍ബത്ത്, കരിമ്പിന് ജ്യൂസ് ഇതൊക്കെ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കുക.
വേനലവധിക്കാലം എന്നത് സ്കൂളിന്റെ സുരക്ഷിതത്വം നഷ്ടമാകുന്ന കാലം കൂടിയാണ്. കുട്ടികളെ സ്കൂളില്‍ പറഞ്ഞുവിട്ടാല്‍, സ്കൂള്‍ സമയങ്ങളില്‍ അവര്‍ സുരക്ഷിതരായിരിക്കും എന്ന ഉറപ്പ് മാതാപിതാക്കള്‍ക്കുണ്ട്. അച്ഛനും അമ്മയും ജോലിക്കാരാണെങ്കില്‍, അവധിക്കാലം ഏറെ ആശങ്കപ്പെടുത്തുന്നത് അവരെയായിരിക്കും. നിലവിലെ സാമൂഹികാന്തരീക്ഷത്തില്‍ പ്രത്യേകിച്ചും. നമ്മുടെ കുട്ടികള്‍ സമൂഹത്തില്‍ സുരക്ഷിതരായിരിക്കും എന്ന് ഒരുറപ്പും ഇന്നത്തെ സ്ഥിതിയില്‍ പറയാന്‍ സാധിക്കില്ല. അതിനാല്‍ അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് തീര്‍ച്ചയായും മാതാപിതാക്കളാണ്.
അണുകുടുംബങ്ങളാണ് ഇക്കാലത്ത് ഏറെയും. അങ്ങനെയുള്ളിടത്താണ് കുട്ടികള്‍ കൂടുതലും ഒറ്റപ്പെട്ടുപോകുന്നത്. മാതാപിതാക്കള്‍ ജോലിയ്ക്ക് പോകുന്നവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അങ്ങനെ വരുമ്പോള്‍ കുട്ടികളെ നോക്കാന്‍ ആളെ ഏര്‍പ്പാടാക്കുക സ്വാഭാവികം. നമുക്ക് വിശ്വാസമുള്ളവരുടെ അടുത്ത് മാത്രം കുട്ടിയുടെ കാര്യങ്ങള്‍ ഏല്പിക്കാന് ശ്രദ്ധിക്കുക. അപരിചിതരുമായി ഇടപെടാന്‍ അവസരം ഒരുക്കാതിരിക്കുക. കുട്ടിയുമായി അടുപ്പം സ്ഥാപിക്കാന്‍ അവര്‍ പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കും.
അതിലൊന്നും അകപ്പെടാതിരിക്കാനും അതിന്റെ അപകടവശങ്ങളെക്കുറിച്ചും കുട്ടിയെ ബോധ്യപ്പെടുത്തുക. പരിചയമില്ലാത്തവര്‍ നല്കുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങുകയോ കഴിക്കുകയോ ചെയ്യരുതെന്ന മുന്നറിയിപ്പ് കുട്ടികള്‍ക്ക് നല്‍കുക. ഭിക്ഷാടന മാഫിയകള്‍ സജീവമാണ് ഇന്ന്. അതിനാല്‍ വീട്ടിലേക്ക് ഭിക്ഷാടകരെ അടുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഇവര്‍ മോഷണ സംഘങ്ങളിലെ കണ്ണികളുമാവാം.
കുട്ടികള്‍ സാഹസിക പ്രിയരാണ്. അതിന് കിട്ടുന്ന ഒരവസരവും അവര്‍ പാഴാക്കില്ല. കൂട്ടുകാരൊത്താണെങ്കില് പിന്നെ പറയുകയും വേണ്ട. കുടുംബാംഗങ്ങള്‍ക്കൊപ്പവും കൂട്ടുകാരുടെ കൂടെയും യാത്ര പോകാനുള്ള അവസരങ്ങള്‍ വേനലവധിക്കാലത്ത് നിരവധിയാണ്. ഇത്തരം യാത്രകളില്‍ വളരെയേറെ കരുതല്‍ വേണം. ചിലര്‍ക്ക് വെള്ളം കണ്ടാല്‍ വല്ലാത്ത ആവേശമാവും. ഈ ആവേശം നിയന്ത്രിക്കണം. വേനലല്ലേ, പുഴ കണ്ടാല്‍ ഒന്നു മുങ്ങി നിവരാനുള്ള ആഗ്രഹം കാണും. നീന്തല്‍ അറിയില്ലെങ്കിലും ശരി പുഴയിലിറങ്ങിയേക്കാം എന്നാവും ചിന്ത.
നീന്തല്‍ അറിയാമെങ്കിലും നിലയില്ലാക്കയത്തിലും ഇറങ്ങാം എന്നൊന്നും ധരിക്കരുത്. പുഴയില്‍ വെള്ളം കുറവാണെന്ന് തോന്നിയാലും ചുഴികളും, നിലയില്ലാക്കയങ്ങളും മണല്‍ക്കുഴികളും ചതുപ്പുകളുമൊക്കെ ജീവിതം വലിച്ചെടുത്തുകൊണ്ടുപോകുന്ന പുഴയിലെ ചതിക്കുഴികളാണ് എന്ന ചിന്ത എപ്പോഴും വേണം. അതിനാല്‍ അപരിചിതമായ സ്ഥലങ്ങളിലെ ജലാശയങ്ങളില്‍ കരുതലോടെവേണം ഇറങ്ങാന്‍. ഈ അവധിക്കാലത്ത് നീന്തല്‍ പഠനം തുടങ്ങാവുന്നതാണ്. തനിച്ചുള്ള പഠനം വേണ്ട. പരിചയ സമ്പന്നരായവരുടെ സാന്നിധ്യത്തില്‍ മാത്രമേ പരിശീലനം നേടാവൂ. രാത്രികാലങ്ങളിലെ നീന്തല്‍ പരിശീലനം ഒഴിവാക്കുകയും വേണം.
അവധിക്കാലം വിനോദത്തിനുവേണ്ടി മാത്രമുള്ളതല്ല. മുതിര്‍ന്ന കുട്ടികളാണെങ്കില്‍ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ ചേരാവുന്നതാണ്. ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പ്രാവീണ്യം നല്‍കുന്നതിനായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന സംരംഭമാണ് അസാപ്(അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം). ഇത്തരത്തില്‍ അവധിക്കാലം വിനോദവും വിജ്ഞാനവുമൊക്കെയായി ആസ്വാദ്യകരമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: