കൊടുങ്ങല്ലൂര്‍: ആസുരിക ശക്തിക്കുമേല്‍ ദേവി വിജയം നേടിയതിനെ അനുസ്മരിച്ച് കുരുംബക്കാവില്‍ രേവതി വിളക്കു ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍ നിര്‍വൃതിയടഞ്ഞു. ദാരികനിഗ്രഹം നടത്തി രൗദ്രഭാവം പൂണ്ട ദേവിയെ സ്തുതിച്ച് കാവു നിറഞ്ഞാടിയ കോമരങ്ങള്‍ വിവിധ അനുഷ്ഠാനങ്ങളിലേര്പ്പെട്ടു. മീനച്ചൂടിനെ വകവെക്കാതെ ലക്ഷങ്ങളാണ് ഇന്നലെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തിയത്. സന്ധ്യയോടെ തിരക്ക് പാരമ്യതയിലെത്തി.
ഇന്ന് രാവിലെ പത്തരയോടെ ഉച്ചപൂജ കഴിഞ്ഞ് നടയടച്ച് ശ്രീകോവിലും ക്ഷേത്രത്തിനകവും ശുദ്ധിയാക്കും. ഈ സമയം മുതല്‍ ഭക്തര്‍ക്ക് ദേവീ ദര്‍ശനം അനുവദിക്കില്ല. തുടര്‍ന്ന് 12മണിയോടെ നീലത്ത്, കുന്നത്ത്, മഠത്തില്‍ എന്നീ അടികള്മഠങ്ങളിലെ പ്രധാനികള്‍ അശ്വതി പൂജയ്ക്കായി ശ്രീകോവിലിനകത്തേക്കു പ്രവേശിക്കും.
അതിരഹസ്യ വിധി പ്രകാരമുള്ള ശാക്തേയ പൂജയ്ക്ക് മൂന്നര മണിക്കൂറോളം ദൈര്‍ഘ്യമുണ്ട്. പൂജ കഴിഞ്ഞ് വലിയ തമ്പുരാനും അടികള്‍മാരും പുറത്തെത്തി കിഴക്കെ നടയിലെ നിലപാടുതറയില്‍ സ്ഥാനമുറപ്പിക്കും. കാവുതീണ്ടലിന് അനുമതിയായി കോയ്മ ചുവന്ന പട്ടുകൂട നിവര്‍ത്തുന്നതോടെ അക്ഷമരായി കാത്തു നില്ക്കുന്ന പതിനായിരങ്ങള്‍ കാവുതീണ്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: