വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 29ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ ഇന്ന് രാവിലെ എട്ടിന് കോയിപ്രം പഞ്ചായത്തിലെ പൂര്‍വ പമ്പാ വഞ്ചിപ്പോട്ടില്‍ കടവില്‍ ആരംഭിക്കും. എം.എല്‍.എമാരായ കെ.കെ രാമചന്ദ്രന് നായര്‍, വീണാ ജോര്‍ജ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍, കുറ്റൂര്‍ തുടങ്ങി വരട്ടാര്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളംബര യാത്ര നടക്കുന്നത്. കോയിപ്രം ഇടനാട് അതിര്‍ത്തിയിലെ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നും ആരംഭിക്കുന്ന യാത്ര വരട്ടാര്‍ ഉത്ഭവിക്കുന്ന പുതുക്കുളങ്ങര പടനിലത്തെത്തി അവിടെ നിന്നും ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലൂടെ തിരുവന്‍വണ്ടൂരിലെ വാളത്തോട്ടില്‍ സമാപിക്കും.
മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്, കെ.ടി ജലീല്‍, മാത്യു ടി.തോമസ് എന്നിവരാണ് 29ന് നടക്കുന്ന പുഴനടത്തം യാത്രയില്‍ പങ്കുചേരുക. വരട്ടാറിനെ പൂര്‍വസ്ഥിതിയിലാക്കുകയാണ് വരട്ടെ ആര് എന്ന് പേരിട്ടിരിക്കുന്ന നദി പുനരുജ്ജീവനത്തിന്റെ ലക്ഷ്യം. തൊഴിലുറപ്പു പദ്ധതിയിന്‍കീഴിലുള്ള തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ ആറിന്റെ തീരങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. തിരുവല്ല സബ് കളക്ടര്‍ എസ്.ചന്ദ്രശേഖറാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: