സാറാ ജോസഫ് മുതല്‍ കെ.പി. സുധീര വരെ, കെ.കെ. കൊച്ചു മുതല്‍ കെ. വേണു വരെയുള്ളവര്‍ ഒപ്പിട്ട പ്രസ്താവന ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മലയാള പത്ര ഓഫീസുകളില്‍ റോക്കറ്റുകള്‍ പോലെ വന്നു പതിച്ചു. ഈ ഒപ്പിയാന്‍ സംഘത്തിന്റെ കൂടെ ജമാഅത്തെ ഇസ്ലാമിയുടെ എസ്ഐഒയും പോപ്പുലര്‍ ഫ്രണ്ടിന്റെ കാമ്പസ ്ഫ്രണ്ടുകാരനും തുല്യം ചാര്‍ത്തിയിട്ടുണ്ട്. ശ്രീജ നെയ്യാറ്റിന്‍കരയും ഡോ. കെ. ദേവികയും ഈ സംഘത്തില്‍ ഇരുമെയ്യാണെങ്കിലും ഒറ്റ മനസ്സായി ഒപ്പുവെച്ചിട്ടുണ്ട്. വിഷയം മറ്റൊന്നുമല്ല, നരേന്ദ്രമോദി സര്‍ക്കാര്‍ ദളിത് ഗവേഷണങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തിയത്രെ. തീരുമാനം യുജിസിയുടേതാണ്. പിന്നെ അടങ്ങിയിരിക്കാനാവുമോ ഈ ദളിത് സംരക്ഷകര്‍ക്ക്.
തങ്ങളുടെ ഒപ്പുകൊണ്ടാണ് നേരം പുലരുന്നതെന്നും അസ്തമിക്കുന്നതെന്നും ധരിച്ചുവശായ സാംസ്കാരിക ഒപ്പുസംഘക്കാര്‍ എസ്ഐഒക്കാരനും കാമ്പസ്ഫ്രണ്ടുകാരനും വരച്ചിടത്ത് ഒപ്പിട്ടുകൊടുത്തു.
എന്തിനാണ് ഒപ്പിട്ടതെന്നോ, എന്തിലാണ് ഒപ്പിട്ടതെന്നോ, എന്താണ് സംഭവിച്ചതെന്നോ മുന്‍പിന്‍ നോക്കാതെ ഇക്കൂട്ടര്‍ ഒപ്പിട്ടു നല്കി. വര്‍ഗീയതയും ഭീകരതയും മതമൗലികവാദവും ഒളിപ്പിച്ചുവെച്ച സംഘങ്ങളുടെ യഥാര്‍ത്ഥ വേഷമെന്തെന്ന് അറിഞ്ഞോ, അറിഞ്ഞില്ലെന്ന് നടിച്ചോ ആണ് ഇത്തരക്കാര്‍ ഒപ്പുകള്‍ ചാര്‍ത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ 35 സര്‍വകലാശാലകളില്‍ യുപിഎ സര്‍ക്കാര്‍ അനുവദിച്ച വ്യത്യസ്ഥ പഠനശാലകള്‍ നിര്‍ത്തലാക്കിയെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ പഠന വിഭാഗത്തിന് ഫണ്ട് അനുവദിക്കില്ലെന്നും യുജിസി അറിയിച്ചതായാണ് പ്രചരിപ്പിച്ചത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി) അണ്ടര്‍ സെക്രട്ടറി സുഷമ റാത്തോര്‍ ഒപ്പിട്ട കത്താണ് ഇതിന്റെ ആധാരം. ഇത് കേട്ട ഉടനെ കാഞ്ച ഇലയ്യ മുതല്‍ കെ.കെ. കൊച്ചുവരെ രോഷം കൊണ്ടു. ഹിന്ദു, സവര്‍ണ, വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍ ദളിത് സമൂഹത്തെ വേട്ടയാടി ഉന്മൂലനം ചെയ്യുന്നതിന്റെ ലക്ഷണമാണ് ഇതെന്ന് അവര്‍ ഉറപ്പിച്ചു. പിന്നെ ചെയ്യാവുന്നത് ഒപ്പിട്ട് പ്രസ്താവനയിറക്കുകയെത്രെ. രാജ്യത്തെ ദളിത് സമൂഹത്തെ രക്ഷപ്പെടുത്താന്‍ ഇക്കൂട്ടര്‍ക്കുള്ള ഏക പോംവഴിയാണ് ഒപ്പിയാന്‍ പ്രസ്ഥാനം.
എന്നാല്‍ എന്താണ് സംഭവിച്ചത്. അങ്ങനെയൊരു കത്ത് യുജിസിയോ, സുഷമാ റാത്തോറോ പുറത്തിറക്കിയിട്ടില്ല. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി അധികൃതര്‍ക്കാണ് കത്ത് കിട്ടിയത്. സ്റ്റഡി ഓഫ് ഡിസ്ക്രിമിനേഷന്‍ ആന്റ് എക്സ്ക്ലൂഷന് എന്ന കേന്ദ്രമാണ് ജെഎന്‍യുവില്‍ ഉള്ളത്. ഇതുപോലെയുള്ള 35 കേന്ദ്രങ്ങളാണ് രാജ്യത്താകമാനം യുപിഎ സര്‍ക്കാര്‍ അനുവദിച്ചത്. 12-ാം പദ്ധതി മുതല്‍ ഫണ്ട് അനുവദിക്കില്ലെന്ന വിവരമുള്ള കത്ത് ജെഎന്‍യു രജിസ്റ്റാര്‍ നേരിട്ട് സെന്ററിന് അയക്കുകയായിരുന്നു 2007 മുതല്‍ ആരംഭിച്ച കേന്ദ്രങ്ങള്‍ നിര്‍ത്താനുള്ള നീക്കമായി ഇതിനെ വ്യാഖ്യാനിച്ചു. രാജ്യത്താകമാനം കെ.കെ. കൊച്ചുമാര്‍ അട്ടഹാസങ്ങളുമായി രംഗത്തെത്തി.
യുജിസിയുടെ നിഷേധക്കുറിപ്പിനെ അവഗണിച്ചുകൊണ്ട് അസത്യപ്രസ്താവനകള്‍ തലങ്ങളും വിലങ്ങും പാഞ്ഞു. ഒപ്പിടാന്‍ ഊരിപ്പിടിച്ച പേനകളുമായി കാത്തിരിക്കുന്നവര്‍ ഉള്ളപ്പോള്‍ എസ്ഐഒക്കാരനും കാമ്പസ്ഫ്രണ്ടുകാരനും അവസരം മുതലാക്കി.
ദളിതുകളെക്കുറിച്ചുള്ള പഠനവും ഗവേഷണവും അവസാനിപ്പിക്കുകയാണെന്ന് അവര്‍ വിളിച്ചുകൂവി.
വേദ പഠനങ്ങള്‍ക്ക് ഗവേഷണ സഹായങ്ങള്‍ നിര്‍ലോഭം നടക്കുമ്പോള്‍ ദളിത് ന്യൂനപക്ഷങ്ങള്‍ക്കുള്ള ഫണ്ട് നിര്‍ത്തലാക്കുകയാണെന്നുവരെ സംയുക്ത പ്രസ്താവനക്കാര്‍ വിളിച്ചുകൂവി. രാജ്യത്ത് വര്‍ഷങ്ങളായി പിന്നാക്ക ജീവിതം നയിക്കുന്ന ഒരു വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രി നാടു ഭരിക്കുമ്പോഴാണ് കള്ള പ്രസ്താവനകള്‍ ന്യൂസ് റൂമുകളില്‍ നിറയുന്നത്. അവ പ്രസിദ്ധീകരിക്കാന്‍ ചില മാധ്യമങ്ങളും എപ്പഴേ തയ്യാറാണ്.
ദാരിദ്ര്യത്തിലും പട്ടിണിയിലും അവശതയിലും കഴിയുന്ന ഒരു ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥ പരിശ്രമങ്ങളുമാണ് രാജ്യത്ത് നടക്കുന്നത്. ദാരിദ്ര്യത്തിന്റെയും പിന്നാക്കാവസ്ഥയുടെയും ദുരിതപീഡകള്‍ എന്തെന്ന് തൊട്ടറിഞ്ഞ ഒരു പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ജാമ്യമായി നല്കാന് ഒരു തുണ്ട് ഭൂമിപോലുമില്ലാത്ത ഭൂരഹിത, ഭവനരഹിത പിന്നാക്ക വിഭാഗത്തിന് നട്ടെല്ലുയര്‍ത്തി ജീവിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍.
10 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ വ്യവസായം തുടങ്ങാന്‍ പിന്നാക്ക വിഭാഗത്തിന് കയ്യയച്ച് നല്കുന്ന പദ്ധതികള്‍ മുതല്‍ വിദ്യാഭ്യാസ ഗവേഷണ പഠനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ വിഭാവനം ചെയ്ത നരേന്ദ്രമോദി സര്‍ക്കാറിനെതിരെയാണ് ഈ കള്ളപ്രചരണം. നരേന്ദ്രമോദിയെ വേട്ടയാടാന്‍ ജീവിതമുഴിഞ്ഞുവെച്ച ടിസ്റ്റ സെതല്‍വാദ് മുതല്‍ ശ്രീകുമാര്‍ വരെയുള്ളവര്‍ പരാജയപ്പെട്ടിടത്താണ് പുതിയ അരങ്ങേറ്റം. അവര്‍ വാസ്തവങ്ങളെ മൂടിവെക്കുന്നു. സത്യത്തിനുനേരെ പുറംതിരിഞ്ഞു നില്ക്കുന്നു. കള്ളപ്രചരണം നടത്താന്‍ കച്ചകെട്ടിയിറങ്ങിയ ഒരു കൂട്ടം പ്രതിലോമശക്തികളുടെ കയ്യിലെ കളിപ്പാവകളാകുന്നു. സാറാ ജോസഫിനും കെ.കെ. കൊച്ചിനും ശ്രീജ നെയ്യാറ്റിന്‍കരക്കും ഓരോ ലക്ഷ്യങ്ങളുണ്ട്. എന്നാല്‍ അതില്‍ കെ. വേണുവിനെപ്പോലെയുള്ളവര്‍, കെ.പി. സുധീരയെപ്പോലെയുള്ളവര്‍ പെട്ടുപോവുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല.
ദളിത് മുസ്ലീം ഐക്യമെന്ന അജണ്ടയാണ് മുസ്ലീം പ്രതിലോമശക്തികള്‍ മുന്നോട്ടുവെക്കുന്നത്. അതാണ് അവരുടെ അജണ്ടയെങ്കില്‍ അത് മനസ്സിലാക്കാന്‍ സാംസ്കാരിക നായകന്മാര്ക്ക് കഴിയാത്തതെന്താണ്. അതും പോകട്ടെ ഒപ്പിടുന്നതിനുമുമ്പ് കടലാസിലെഴുതിയതിന്റെ വാസ്തവം മനസ്സിലാക്കാനെങ്കിലും അവര്‍ ശ്രമിക്കേണ്ടതല്ലെ. ഭീകരവാദ-മൗലികവാദ-വര്‍ഗീയവാദ ശക്തികളുടെ അടുക്കളയിലെരിയുന്ന അടുപ്പില്‍ വേവാനുള്ള ഇറച്ചിക്കഷ്ണങ്ങളല്ല ദളിതുകളെന്ന് അവരും രാജ്യവും തിരിച്ചറിയുമ്പോഴാണ് ഈ പിത്തലാട്ടങ്ങള്‍. എസ്.സി, എസ്.ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്റ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലത്രെ. ഒപ്പുണ്ടാവുമോ എന്തോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: