കഴിഞ്ഞ രാത്രി. നേരം പത്തു മണി. കലൂര്‍ ജംഗ്ഷനില്‍ ആളൊഴിഞ്ഞ ഭാഗത്ത് രണ്ടു മൂന്നു ഇതരസംസ്ഥാന തൊഴിലാളികള്‍ കൈയ്യുംകാലുമെടുക്കുന്നു. ഒരുത്തനെ രണ്ടുപേര്‍ കൂടി അടിക്കുകയാണ്. മൂന്നു പേര്‍ക്കും മദ്യച്ചൊരുക്കുണ്ട്. അടികൊണ്ടവന് ഓടിപ്പോയി. ഇനി ബാക്കി അടുത്ത ദിവസം ഉണ്ടാകാം. ഇല്ലാതിരിക്കാം.
എന്തായാലും നിത്യവും കേരളത്തിലെമ്പാടും ഇത്തരം അടിപിടി കേസുകള്‍ ഉണ്ടാകുന്നുണ്ട്. ചിലതു ഗുരുതരമാകാം. മറ്റു ചിലതു കൊലപാതകം വരെ വളരാം. ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് മോഷണം, പിടിച്ചുപറി, അക്രമം, പീഡനം, മയക്കുമരുന്ന്, കൊലപാതകം തുടങ്ങിയ വാര്‍ത്തകള്‍ നിത്യവുമുണ്ട്. മലയാളികളായ തദ്ദേശീയരെ ഇവര്‍ കൂട്ടംചര്‍ന്നു ആക്രമിക്കുന്ന നിരവധി സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാലും തൊഴില്‍ മികവും അലസത കാട്ടാതെയുള്ള അധ്വാനവും ഇവരെ തൊഴില്‍ മേഖലയ്ക്കു ആവശ്യമാക്കുന്നു.
കേരളം ഇതരസംസ്ഥാനതൊഴിലാളിക്കു കനകം വിളയുന്ന ഗള്‍ഫാണ്.സ്വന്തം നാട്ടില്‍ ഇരുന്നൂറും മുന്നൂറും രൂപ ദിവസ വേതനം കിട്ടുമ്പോള്‍ ഇവിടെ 700ഉം 800ഉം രൂപവരെ കിട്ടുന്നുണ്ട്. ഇവരുടെ ആവശ്യങ്ങളും ചെലവുകളും പരിമിതമാകയാല്‍ വലിയൊരു തുകയാണ് നാട്ടിലേക്ക് അയച്ചുകൊടുക്കുന്നത്.
ഇവര്‍ കൂട്ടത്തോടെ താമസിക്കുന്നിടത്ത് വീടുകള്‍ വാടകയ്ക്കുകൊടുത്തും വിവിധ കച്ചവടങ്ങള്‍ നടത്തിയും വന്‍തോതില്‍ സമ്പത്തു നേടിയവര്‍ കേരളത്തിന്റെ നാനാഭാഗത്തുമുണ്ട്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ പഴകിയ വീടുകള്‍പോലും വന്‍ തുകയ്ക്കു വാടകയ്ക്കു നല്കുന്നവര് ആയിരക്കണക്കാണ്. ഇവര്‍ക്കാവശ്യമായ പാന്‍മസാല പോലുള്ള ലഹരി വസ്തുക്കള്‍ നൂറിരട്ടി വിലയ്ക്കു വിറ്റ് പണം സമ്പാദിക്കുന്നവരും ധാരാളമാണ്. മയക്കു മരുന്നു ബിസിനസ് കേരളത്തില്‍ കൊഴുപ്പിക്കുന്നത് ഇത്തരം തൊഴിലാളികള്‍ വഴിയാണ്.
കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. ഇപ്പോഴിതു നാല്‍പ്പതു ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം ജില്ലകളില്‍ ഓരോന്നിലും ഇവരുടെ എണ്ണം നാലു ലക്ഷത്തിലേറെയാണ്. എറണാകുളത്താകട്ടെ അത് എട്ടു ലക്ഷത്തോളം വരും.
എറണാകുളത്തു പെരുമ്പാവൂരാണ് കേരളത്തിലെ ഇവരുടെ തലസ്ഥാനം എന്നു പറയാം. ഇവിടുത്തെ നൂറുകണക്കിനു വരുന്ന പ്ലൈവുഡ് കമ്പനികളാണ് ഇവര്‍ക്ക് ആശ്രയം. അതുകൊണ്ടു തന്നെ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഇവര്‍ക്കായി വലിയ കച്ചവട കേന്ദ്രങ്ങള്‍ തന്നെയുണ്ട്. ഇവരെ പിടിച്ചു നിര്‍ത്താന്‍ അന്യഭാഷാ ചിത്രങ്ങള്‍പോലും കളിക്കുന്നുണ്ട്. എന്തിനേറെ ഇവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വേശ്യാലയങ്ങള്‍പോലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു വാര്‍ത്തകള്‍. എന്നാല്‍ ഞായറാഴ്ചകളില്‍ എറണാകുളത്തെ മേനക മുതലുള്ള വലിയൊരു കച്ചവട പരിസരം മുഴുവന്‍ രാവിലെ മുതല്‍ വൈകിട്ടുവരെ ഇവരുടെ വിഹാരരംഗമാണ്.
പതിറ്റാണ്ടുകളോളം കേരളത്തിലെ കുടിയേറ്റ ബാഹുല്യം എന്നത് തമിഴന്റേതായിരുന്നു. തമിഴനും ഗള്‍ഫായിരുന്നു കേരളം. ആദ്യകാലത്തു തമിഴന് എല്ലുമുറിയെ പണിയെടുത്തു. എന്നാല്‍ നമ്മുടെ ചില ട്രേഡ് യൂണിയനുകള്‍ അവനെ മെല്ലേപ്പോക്കു പഠിപ്പിച്ച് ബോധവല്‍ക്കരിച്ചു. ഇന്നു ഇതര സംസ്ഥാന തൊഴിലാളികളെന്നു പറയുന്നവരെപ്പോലെ എവിടേയും പിടിച്ചു നില്ക്കാന് തമിഴനാകുന്നില്ല. കുറെ തമിഴന്മാര് സ്വദേശത്തേക്കു തിരിച്ചുപോയി. അതു വെറുംപോക്കല്ല. പതിറ്റാണ്ടുകളായി അവര്‍ സമ്പാദിച്ചത് വീടായും പറമ്പായും മറ്റു പലതായും വലിയ ആസ്തിയുമായാണ് ആ തിരിച്ചുപോക്ക്.
ഇതര സംസ്ഥാന തൊഴിലാളികളില്‍ നന്മയും തിന്മയുമുണ്ട്. പക്ഷേ പലപ്പോഴും തിന്മയുടെ ആക്കം കൂടുമെന്നുമാത്രം. വന്‍ കുറ്റവാളികള്‍ അവര്‍ക്കിടയിലുണ്ട്.തീവ്രവാദക്കേസുകളില്‍ എത്രപേര്‍ അറസ്റ്റിലായിരിക്കുന്നു. അവര്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നു പറയുമ്പോഴും അവര്‍ക്കൊപ്പം മാത്രം നില്‍ക്കുന്നവരുണ്ട്, അവര്‍ വഴി ലക്ഷങ്ങളുണ്ടാക്കുന്നവര്‍. കേരളം പലപ്പോഴും അസമാധാനത്തിലാണ്. അതിനിടയില്‍ ഇതരസംസ്ഥാനക്കാര്‍ സൃഷ്ടിക്കുന്ന അശാന്തിയും നമ്മള് സഹിക്കണോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: