മുട്ടില്‍ :മുട്ടില്‍ മാണ്ടാട്, തൃക്കൈപ്പറ്റ പ്രദേശത്ത് ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ പണം ഈടാക്കി ഗാര്‍ഹിക ഗ്യാസ് കണക്ഷന് നല്‍കുന്നതിന് അനധികൃത ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി കളക്ടറേറ്റില്‍ നടന്ന പാചക വാതക ഓപ്പണ്‍ ഫോറത്തില്‍ പരാതിയുയര്‍ന്നു. ഇത്തരത്തില്‍ ചില ഗ്യാസ് ഏജന്‍സികളുടെ വക്താക്കളായി ആരെയും പെട്രോളിയം കമ്പനികള്‍ നിയോഗിച്ചിട്ടില്ലെന്നും ഇവര്‍ മറ്റ് വിവരങ്ങളോ പണമോ ആധാര്‍ രേഖകളോ ശേഖരിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ച എ.ഡി.എം.കെ.എം.രാജു പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ പേരിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. ഇതിനെപ്പറ്റി അന്വേഷണം നടത്താന്‍ ജില്ലാ സപ്ലൈ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. കല്‍പ്പറ്റയിലെ ഗ്യാസ് ഏജന്‍സിയുടെ ഉപഭോക്താക്കളില്‍ ചിലര്‍ എല്ലാ ആഴ്ചയും ഗ്യാസ് സിലിണ്ടര്‍ ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ത്തി. എന്നാല്‍ അവധി വന്നതും ചിലപ്പോള്‍ ഗ്യാസ് ലഭിക്കാതെ വരുന്നതും മൂലം വിതരണത്തില്‍ 12 ദിവസത്തെ താമസം വന്നതായി ഗ്യാസ് ഏജന്‍സി വ്യക്തമാക്കി. ബത്തേരി നഗരസഭയിലെ 34, 35 ഡിവിഷനുകളില്‍ ഗ്യാസ് ഏജന്‍സി അഞ്ചു കിലോമീറ്ററിനുള്ളില്‍ വിതരണം നടത്താന്‍ 20 രൂപ അധികം വാങ്ങുന്നതായി പരാതിയുയര്‍ന്നു. ഇതു പരിശോധിക്കാന്‍ എ.ഡി.എം. നിര്‍ദ്ദേശം നല്കി. കൂടുതല്‍ തുക ഈടാക്കിയെങ്കില്‍ തിരികെ നല്‍കും. ബന്ധപ്പെട്ട ഡിവിഷനില്‍ നിന്നുള്ള 78 പേരാണ് പരാതി നല്‍കിയത്. ഏജന്‍സികള്‍ സന്ദേശങ്ങള്‍ ഹിന്ദിയില്‍ അയക്കുന്നതിനെതിരെയും യോഗത്തില്‍ പരാതിയുയര്‍ന്നു. ഇത്തരം പരാതികള്‍ കേന്ദ്ര ഏജന്‍സികള്‍ വഴി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഗ്യാസ് ഏജന്‍സികള്‍ ആളെ അയച്ച് ഗാര്‍ഹിക കണക്ഷനുകളുടെ സുരക്ഷിതത്വം പരിശോധിക്കണമെന്നത് നിര്‍ബന്ധമാണ്. സ്റ്റൗവിന്റെയും സിലിണ്ടറിന്റെയും പരിശോധനയാണ് നടത്തുക. ഇക്കാലയളവിനിടയില്‍ വീണ്ടും തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഏജന്‍സി സൗജന്യമായി സ്റ്റൗവും സിലിണ്ടറും കേടുപാട് തീര്‍ത്ത് നല്‍കും. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.തങ്കച്ചന്, പരാതിക്കാര്‍, ഗ്യാസ് കമ്പനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: