ചില ആശുപത്രികളിലേക്കു കടക്കുമ്പോള്‍ അറിയാതെ സംഭ്രമിക്കും. ഇഷ്ട താരങ്ങളുടെ സിനിമ റിലീസ് ചെയ്യും പോലുള്ള തിരക്കാവും. ഓരോരുത്തരുടെ മുഖം ശ്രദ്ധിക്കുമ്പോഴാണ് ആശങ്കയുടെ തിരക്കാണതെന്നു മനസിലാകുന്നത്.
ഒരെത്തും പിടിയുമില്ലാതെ എങ്ങോട്ടെന്നും എന്തിനെന്നും അറിയാത്ത അവസ്ഥ. വലിപ്പച്ചെറുപ്പമില്ലാതെ വേദനയിലും കരച്ചിലിനുമിടയില് ആശയ്ക്കും നിരാശയ്ക്കുമിടയില്‍ പദവിയും പണവുമൊന്നും വിലയില്ലാതെ വരുന്ന നേരം. എല്ലാവരും രോഗത്തിനു മുന്നില്‍, സങ്കടങ്ങള്‍ക്കു മുന്നില്‍, മരണത്തിനു നേരെ സമന്മാരാകുന്നതാണ് ആശുപത്രി. ചിലപ്പോള്‍ ഇതെല്ലാം മറന്ന് മറ്റുള്ളവരുടെ വേദനയ്ക്കു മുന്നില്‍ ഇതെന്തപരിചിതം എന്ന കണക്കേ നാം നിന്നു പോകാം. പെട്ടെന്നാ വേദന തിരിച്ചറിയും, ആ വേദന നമ്മുടേതു പോലെയാണെന്ന്. വേദനയ്ക്കു ആള്ഭേദമില്ലെന്ന്.
നിരത്തിലൂടെ ഒച്ചവെച്ച് ആംബുലന്‍സ് കടന്നുപോകുമ്പോഴും നമ്മള് ഉറ്റുനോക്കും. വഴിമാറും. വണ്ടികള്‍ ഒതുങ്ങും. അതൊരു മരണപ്പാച്ചിലും മരണ സംഗീതവുമാണെന്നു നമുക്കുതോന്നും. ജീവന് രക്ഷിക്കാന്‍ രോഗിയുമായി പായുമ്പോള്‍ ആ വണ്ടിയിലിരിക്കുന്നവരുടെ മനസും പ്രാര്‍ഥനയും ഒന്നാലോചിച്ചു നോക്കൂ. വിലാപയാത്ര കടന്നുപോകുമ്പോള്‍ നിശബ്ദരായി ആദരവോടെ നമ്മള് ഒതുങ്ങി നില്ക്കും. മരണത്തോടുള്ള പേടിയല്ല,അതിനോടുള്ള വിധേയത്വം.
നിര്‍വചിക്കാനാവാത്ത ചില വാക്കുകളുണ്ട്.അര്‍ഥം ചേരാത്ത ചില വാക്കുകളുണ്ട്. അവയുടെ വിധി അങ്ങനെ തന്നെയാണ്. എത്ര പറഞ്ഞാലും വിശദീകരിച്ചാലും മുന്നോട്ടു പോകില്ല. അര്‍ഥം കുഴഞ്ഞുപോകുന്ന വാക്കുകള്‍. ആശുപത്രിയോടും രോഗത്തോടും അങ്ങനെയൊരവസ്ഥയാണോ നമുക്ക്. ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും അനുബന്ധപ്പെട്ടവരുടേയും ലോകം എന്തായിരിക്കും. അവരും നമ്മെപ്പോലെ വിചാരിച്ചാല്‍ ലോകത്ത് ആശുപത്രികളുണ്ടാകുമോ. രോഗം മാറുമോ.
പോലീസ് സ്റ്റേഷന് കുറ്റവാളികള്‍ക്കു വേണ്ടി മാത്രമുള്ളതല്ല, നിരപരാധികള്‍ക്കും കൂടിയുള്ളതാണ്. ചെറിയ ക്ളാസില്‍ പഠിക്കുന്ന കുട്ടികള്‍ പോലീസിനെ പരിചയപ്പെടാനും തോക്കും തൊപ്പിയുമൊക്കെകാണാനും മറ്റും സ്റ്റേഷനില്‍ പോകാറുണ്ട്. ആശുപത്രികള്‍ രോഗികള്‍ക്കു മാത്രമുള്ളതല്ല, രോഗം ഇല്ലാത്തവര്‍ക്കും കൂടിയുള്ളതാണ്.ചിലര്‍ ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിച്ച് സാന്ത്വനിപ്പിക്കാറില്ലേ. അതുപോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: