ആഗോള മുസ്ലിങ്ങളുടെ ആത്മീയ-തീര്‍ത്ഥാടന കേന്ദ്രമാണ് അജ്മീര്‍ ദര്‍ഗ്ഗ. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അജ്മീര്‍ ദര്‍ഗ്ഗ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കോടിക്കണക്കിന് മുസ്ലിങ്ങളുടെ
പ്രധാന തീര്‍ത്ഥാടന കേന്ദ്രമായാണ് വിശേഷിക്കപ്പെടുന്നത്. ഭാരതത്തിന്റെ പൈതൃകത്തിനും സംസ്ക്കാരത്തിനും വലിയ സംഭാവനകള്‍ നല്കിയ അജ്മീര്‍ ദര്‍ഗ്ഗയില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പുതിയ ഉദ്ഘോഷണം ഏറെ ശ്രദ്ധേയമാകുന്നു.
ഭാരതീയ സംസ്ക്കാരത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നായ ഗോവിനെ ബഹുമാനിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാകണമെന്നാണ് അജ്മീര്‍ ദര്‍ഗ്ഗയിലെ ആത്മീയ ആചാര്യന് സൈനുള്‍ അബെദിന് അലിഖാന് ആഹ്വാനം ചെയ്തിരിക്കുന്നത്. വര്‍ത്തമാനകാല ഭാരതത്തിന്റെ പ്രശ്നങ്ങളെ അതിന്റെ ഏറ്റവും ആഴത്തിലിറങ്ങി പരിഹരിക്കാനുള്ള വലിയ ഉദ്യമത്തിനാണ് അജ്മീര്‍ ദര്‍ഗ്ഗ തുടക്കമിട്ടിരിക്കുന്നത്. രാജ്യത്ത് സമ്പൂര്‍ണ്ണമായും ഗോമാംസ നിരോധനം നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഭാരതത്തിലെ ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടെയും സമാധാനപൂര്‍ണ്ണമായ ജീവിതത്തിനായി ഉഴിഞ്ഞുവെച്ച ഖ്വാജ മൊയിനുദ്ദീന്‍ ഹസന് ചിസ്തിയുടെ 805-ാം ചരമവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് അജ്മീര്‍ ദര്‍ഗ്ഗയിലെ പ്രധാന ആചാര്യന് മുസ്ലിങ്ങളിലെ പശു ഇറച്ചി കഴിക്കുന്ന സ്വഭാവം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദുക്കളുടെ മതപരമായ വൈകാരികതയെ സംരക്ഷിക്കുന്നതിനായും ബഹുമാനിക്കുന്നതിനായും ഗോമാംസം ഉപേക്ഷിക്കേണ്ടതാണെന്ന് സൈനുദ്ദീന്‍ അബെദിന് അലിഖാന് ആഹ്വാനം ചെയ്യുകയായിരുന്നു.
ഞാനും എന്റെ കുടുംബവും ഈ വേളയില്‍ പ്രതിജ്ഞ ചെയ്യുന്നു, ഈ ജന്മത്തില് ഇനി ഗോമാംസം ഭക്ഷിക്കില്ല. അലിഖാന് വ്യക്തമാക്കി. ഖ്വാജ മൊയ്നുദ്ദീന് ചിസ്തിയുടെ 22-ാം തലമുറയില്‍ നിന്നുള്ള സൂഫി ആചാര്യനാണ് അജ്മീര്‍ ദര്‍ഗ്ഗയിലെ ഇപ്പോഴത്തെ മുഖ്യ ആചാര്യനായ അലിഖാന്.
മുത്തലാക്ക് ഉള്‍പ്പെടെയുള്ള അനാചാരങ്ങള്‍ മുസ്ലിങ്ങള്‍ അവസാനിപ്പിക്കണമെന്നും സൂഫി ആചാര്യന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷരിയ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് മുത്തലാക്ക് സമ്പ്രദായം. ഇതുപേക്ഷിക്കണം, അദ്ദേഹം പറഞ്ഞു. ബീഫുമായി ബന്ധപ്പെട്ട് വിവാദം സമൂഹത്തെ വിഭജിക്കുകയാണ്. സാമൂദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനായി മുസ്ലിങ്ങള്‍ ഗോമാംസം ഉപേക്ഷിക്കണം. ഗോമാംസത്തിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തണമെന്നും സൂഫി ആചാര്യന് ആവശ്യപ്പെട്ടു.
അനധികൃത മാംസവില്‍പ്പന ശാലകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരും ബീഹാര്‍ അടക്കമുള്ള മറ്റു സംസ്ഥാന സര്‍ക്കാരുകളും നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് സൂഫി ആചാര്യന്റെ ഭാഗത്തുനിന്നും പ്രധാന ആഹ്വാനം ഉണ്ടായിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമായി. ഗുജറാത്ത് പാസാക്കിയ ഗോവധ നിരോധന നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കേണ്ടതാണെന്ന് അലിഖാന് അഭിപ്രായപ്പെട്ടു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ച് സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം തുടര്‍ന്നു. 2016ലും സമാനമായ ആവശ്യം അദ്ദേഹം ഉന്നയിച്ചിരുന്നു.
ഗോമാംസ നിരോധനം വിവിധ മുസ്ലിം സമൂഹങ്ങളുടെ ഇടയില്‍ സജീവ വിഷയമായി ഉയര്‍ന്നു വരികയാണെന്ന സന്ദേശമാണ് അജ്മീര്‍ ആചാര്യന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
മതവികാരത്തെ വ്രണപ്പെടുത്തുന്നതൊന്നും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന കാഴ്ചപ്പാട് മത നേതൃത്വങ്ങളുടെ ഇടയില്‍ നിന്ന് ഉയര്‍ന്നു വരുന്നതാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ക്കും താല്‍പ്പര്യം. മാറുന്ന ഇന്ത്യയില്‍ മത സഹിഷ്ണുത പ്രധാന ഘടകമായി ഉയര്‍ന്നു വരുന്നത് ആരോഗ്യപരമായ ജനാധിപത്യത്തിന്റെ വലിയ ലക്ഷണമാണ്. പ്രതിവര്‍ഷം ആയിരക്കണക്കിന് വര്‍ഗ്ഗീയ ലഹളകള്‍ പതിറ്റാണ്ടുകളായി നടക്കുന്ന ഭാരതത്തില്‍ വലിയൊരു മാറ്റത്തിന് തുടക്കമിടാന്‍ അജ്മീര്‍ ദര്‍ഗ്ഗയിലെ ആചാര്യന്റെ വാക്കുകള്‍ക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: