ഏഷ്യയിലെ തന്നെ ഏറ്റവും നീളമേറിയ തുരങ്കപാതയായ ഉധംപൂര്‍ റംബാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച പദ്ധതി ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു. ആ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന 10 പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മോദി സര്‍ക്കാര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ഭാവിയില്‍ ലോകത്തിനു മുന്നിലെ ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളായേക്കാവുന്ന പദ്ധതികളെക്കുറിച്ച്.
സാഗര്‍മാല പദ്ധതി
ഇന്ത്യയിലെ തുറമുഖങ്ങളെ ആധുനികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണിത്. തുറമുഖങ്ങളെ പരസ്പരം ബന്ധിപ്പിച്ച്, കാര്യക്ഷമതയോടെയും വേഗത്തിലും കുറഞ്ഞ ചെലവിലും ചരക്കുനീക്കം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം.12,00,000 കോടി രൂപയാണ് പദ്ധതിച്ചെലവ്.
2019 മെയ് മാസത്തോടെ അഞ്ച് ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തുറമുഖങ്ങളും അവിടേക്കുള്ള പാതകളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. പദ്ധതിയില്‍ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പങ്കാളികളായിരിക്കും.
7,500 കിലോമീറ്റര്‍ തീരമാണ് പദ്ധതിയുടെ കീഴില്‍ വരുന്നത്. സാഗര്‍മാല പൂര്‍ത്തിയാകുന്നതോടെ ചരക്കുഗതാഗതം മൂന്നിരട്ടി വര്‍ധിക്കും.
ഭാരത്മാല പദ്ധതി
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേശീയപാതാ പദ്ധതിയാണിത്. ഗുജറാത്തിനെയും മിസോറാമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പദ്ധതിക്ക് 14,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇതില്‍ 5,000 കിലോമീറ്റര്‍ റോഡ് അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിര്‍ത്തിപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും 5,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ശൃംഖല നിര്‍മ്മിക്കുകയാണ് ലക്ഷ്യം.
കിഴക്ക്, പടിഞ്ഞാറന്‍ തീരപ്രദേശങ്ങള്‍ ചുറ്റി രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളിലൂടെയും കടന്നുപോകുന്ന ഒരു മാലയുടെ രൂപത്തിലുള്ള ഹൈവേ ശൃംഖലയാണിത്. ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്, ചൈന, പാകിസ്ഥാന് അതിര്‍ത്തികളിലൂടെ ഇത് കടന്നുപോകും.
മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക്, ശിവജി മെമ്മോറിയല്‍
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായിരിക്കും ഇത്. 22.5 കിലോമീറ്ററിലാണ് പാത ഒരുങ്ങുന്നത്. സെവ്രിയില്‍നിന്ന് നവിമുംബൈയിലെ നവസേവ വരെയും തുടര്‍ന്ന് എക്സ്പ്രസ് വേയുമായും ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതിയുടെ നിര്‍മാണം.
18,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2019ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 3,600 കോടി രൂപ ചെലവില്‍ മുംബൈയില്‍ ഛത്രപതി ശിവജി സ്മാരകം ഒരുക്കാനും പദ്ധതിയുണ്ട്.
ഇതിഹാസതുല്യനായ ഭരണാധികാരിയുടെ വെറുമൊരു പ്രതിമ മാത്രം നിര്‍മിക്കുകയല്ല പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ആംഫി തിയേറ്റര്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. 192 മീറ്റര്‍ ഉയരമുള്ള പ്രതിമ ലോകത്തിലെ ഏറ്റവും വലുതും ആയിരിക്കും. അറബിക്കടലില്‍ കൃത്രിമമായി മണല്‍ത്തിട്ട നിര്‍മ്മിച്ച് പ്രതിമ സ്ഥാപിക്കാനാണ് പദ്ധതി.
റെയില്‍വേ അരുണാചല്‍പ്രദേശിലേക്കും
ഇന്ത്യയുടെ റെയില്‍വേഭൂപടത്തില്‍ അരുണാചല്പ്രദേശിനേക്കൂടി ഉള്‍പ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍- റോഡ് ബ്രിഡ്ജ് ബ്രഹ്മപുത്രനദിക്ക് കുറുകെയുള്ള ബോഗിബീല്‍ പാലം ആയിരിക്കും.
4.94 കിലോമീറ്ററാണ് ഇതിന്റെ നീളം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മീറ്റര്‍ ഗേജ് പാതകളെയെല്ലാം ബ്രോഡ്ഗേജാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.
അരുണാചലില്‍ തവാംഗ്, ആലോ, പസിഘട്ട് എന്നിവിടങ്ങളെ ബ്രോഡ് ഗേജ് റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള ലൊക്കേഷന്‍ സര്‍വേയും കേന്ദ്രം തുടങ്ങിക്കഴിഞ്ഞു.
സേതുഭാരതം പദ്ധതി
2019ഓടെ റെയില്‍വേ ക്രോസിംഗുകള്‍ ഇല്ലാത്ത ഹൈവേകള്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 50,800 കോടി രൂപയുടെ സേതുഭാരതം പദ്ധതി ഒരുങ്ങുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള 1500 പാലങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
പദ്ധതിക്കു കീഴില്‍ 2019ഓടെ 20,800 കോടി രൂപ ചെവില് 208 റെയില്‍വേ ക്രോസിംഗുകള്‍ മാറ്റി റെയില്‍ ഓവര്‍ ബ്രിഡ്ജുകള്‍ സ്ഥാപിക്കും. കൂടാതെ രാജ്യത്തൊട്ടാകെ ബ്രിട്ടീഷ് കാലഘട്ടത്തിലെ 1,500 പാലങ്ങള്‍ 30, 000 കോടി രൂപ ചെലവില്‍ കേടുപാടുകള്‍ തീര്‍ക്കും. സമഗ്രവും സംയോജിതവുമായ നടപടിയിലൂടെ ഒരു കുതിച്ചുചാട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 208 മേല്‍പ്പാലങ്ങളില്‍ കേരളത്തില്‍ നാലെണ്ണമാണ് നിര്‍മ്മിക്കുക.
ഈ മേഖലയില്‍ ഒരു വന്‍മുന്നേറ്റം നടത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ പറഞ്ഞു. മനുഷ്യശരീരത്തില്‍ ധമനികള്‍ക്കും നാഡികള്‍ക്കുമുള്ളത്ര പ്രാധാന്യമാണ് ഒരു രാഷ്ട്രത്തില്‍ റോഡുകള്‍ക്കുള്ളത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ രാജ്മാര്‍ഗ് ജില്ലാ സംജ്യോക്ത പരിയോജന
രാജ്യത്തെ 676 ജില്ലാ തലസ്ഥാനങ്ങളില്‍ 100 എണ്ണത്തെ ലോകോത്തരനിലവാരമുള്ള ഹൈവേകള്‍ വഴി ബന്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 6,600 കിലോമീറ്റര്‍ ഹൈവേയുടെ വികസനമാണ് പദ്ധതിയിലൂടെ ഉറപ്പു വരുത്തുന്നത്. 60,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. നിശ്ചിതമാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ തെരഞ്ഞെടുക്കുക. ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുത്തുനല്‍കേണ്ടത് അതത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്.
ഉള്‍നാടന്‍ ജലപാതകള്‍
ഗംഗ, ബ്രഹ്മപുത്ര, മഹാനദി എന്നീ പുഴകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഉള്‍നാടന്‍ ജലപാതകള്‍ വികസിപ്പിക്കാനും മോദി സര്‍ക്കാരിന് പദ്ധതിയുണ്ട്. ഗംഗയിലെ ജലപാതകളുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 4,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
പാരാദീപ് തുറമുഖത്തിന്റെ വികസനത്തിനായും സര്‍ക്കാര്‍ 50,000 കോടി രൂപ നിക്ഷേപിക്കും. പാരാദീപില്‍ പുതിയ തുറമുഖം വികസിപ്പിക്കുന്നതിനായി 8,200 കോടി അധിക തുകയും ഉപയോഗിക്കും.
ഗുജറാത്ത് – ഗൊരഖ്പൂര്‍ വാതകക്കുഴല്‍ പദ്ധതി
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എല്‍പിജി പൈപ്പ് ലൈനും എന്‍ഡിഎ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളതാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഗുജറാത്തിലെ കാന്‍ഡ്ല തീരത്തു നിന്നു കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേക്ക് ഈ പൈപ്പ് ലൈന്‍ ആവിഷ്കരിക്കുന്നത്.
1987 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്ലൈന് പ്രതിവര്‍ഷം 3.75 മില്യണ്‍ ടണ്‍ എല്‍പിജി നീക്കത്തിന് സഹായകമാവും. കാന്‍ഡ്ല, അഹമ്മദാബാദ്, ഉജ്ജയിനി, ഭോപ്പാല്‍, കാണ്‍പൂര്‍, അലഹബാദ്, വരാണസി, ലക്നൗ എന്നിവിടങ്ങളില്‍ക്കൂടിയാണ് ഗൊരഖ്പൂരിലേക്കുള്ള ഈ പൈപ്പ്ലൈന് കടന്നുപോവുന്നത്.
ഛാര്‍ധാം ഹൈവേ പദ്ധതി
ഛാര്‍ധാം മഹാമാര്‍ഗ് വികാസ് പരിയോജന (അല്ലെങ്കില്‍ ഛാര്ധം ഹൈവേ വികസന പദ്ധതി) മോദി സര്‍ക്കാരിന്റെ മറ്റൊരു സ്വപ്ന പദ്ധതിയാണ്. ഹിമാലയത്തിലെ ഛാര്‍ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി കണക്റ്റിവിറ്റി വിപുലപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
900 കിലോമീറ്റര്‍ വരുന്ന ദേശീയ പാതകളെ വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉത്തരാഖണ്ഡില്‍ ഏതാണ്ട് 12,000 കോടി രൂപ ചെലവിലാണ് ഈ ഹൈവേകള്‍ നിര്‍മിക്കുക.
ചെനാബ് നദിയില്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പാലം
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലമാണ് ചെനാബ് നദിക്ക് കുറുകെ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഡോഡയില്‍ നിര്‍മിക്കുന്ന പാലം നദിക്ക് 359 മീറ്റര്‍ ഉയരത്തിലായിരിക്കും നിര്‍മിക്കുക.
1,198 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുക. പണി കഴിയുമ്പോള്‍ ചൈനയിലെ ബീപ്പെന് നദിക്കു മുകളിലുള്ള ഷുയ്ബായ് റെയില്പ്പാലത്തിനെയാണ് ഇത് പിന്നിലാക്കുക. 275 മീറ്ററാണ് ഇതിന്റെ ഉയരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: