നാഡീവ്യവസ്ഥയുടെ വളരെ ലളിതമായ ഘടന ആരംഭിച്ചതു മുതല്‍ അത് വികസിതമാകുന്തോറും അടിസ്ഥാനപരമായി വളരെ പ്രാധാന്യമുള്ള മൂല്യാത്മകമായ പെരുമാറ്റങ്ങള്‍ ജീവികളില്‍ ആവിര്‍ഭവിച്ചു തുടങ്ങി. ഭാവി പരമ്പരയോടുള്ള ഉത്തരവാദിത്തം നിഷ്കാമ കര്‍മ്മം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു മൂല്യമാണ്.
ഉറുമ്പു മുതല്‍ മനുഷ്യന് വരെ തുടരുന്ന മൂല്യം. ചിട്ടയോടെ ഉറുമ്പുകള്‍ മുട്ടകള്‍ പൊക്കിയെടുത്ത് സുരക്ഷിത സ്ഥലത്തേക്ക് കൊണ്ടുപോകുന്നത്, വേട്ടാവെളിയന്‍ മുട്ടയില്‍ നിന്ന് വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങള്‍ക്കായി പുഴുവിനെ തൂക്കിയെടുത്തുകൊണ്ടുവന്ന് കൂട്ടില്‍ നിക്ഷേപിക്കുന്നത്, പൂച്ച കുഞ്ഞുങ്ങള്‍ക്കു നല്കുന്ന ശിക്ഷണം, എന്നുവേണ്ട പ്രകൃതിയിലേക്ക് ശ്രദ്ധയോടെ നോക്കുന്നവര്‍ക്ക് എന്തെല്ലാം തരം മൂല്യാത്മകമായ പെരുമാറ്റ രീതികള്‍ കണ്ടെത്താന്‍ കഴിയും.
അനുയോജ്യമായവയുടെ നിലനില്‍പ്പ് എന്ന പരിണാമതത്ത്വത്തിന് വിരുദ്ധമായി തോന്നുന്ന ശൈശവത്തിന്റെ നിസ്സഹായാവസ്ഥയിലൂടെയുള്ള നിലനില്പ് എന്ന ജൈവതത്ത്വവും മാതൃസ്നേഹമെന്ന മൂല്യത്തിലൂടെ പ്രകൃതിയില്‍ നടപ്പാക്കപ്പെടുന്നു.
അഹംബോധം
ജീവപരിണാമത്തിന്റെ മറ്റൊരു സ്വഭാവമാണ് ഉയര്‍ന്ന പടികളിലുള്ള ജന്തുക്കളില്‍ വ്യക്തിത്വത്തിന്റെ ക്രമേണയുള്ള ആവിര്‍ഭാവം. പ്രകൃതിയെ ശ്രദ്ധാപൂര്‍വം ശ്രദ്ധിച്ചാല്‍ പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയൊക്കെ ഒരേ അച്ചില്‍ വാര്‍ത്തപോലെയല്ല പെരുമാറുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും. വ്യത്യസ്ത വ്യക്തിഭാവങ്ങളോടുകൂടിയ പെരുമാറ്റ രീതികള്‍ ഒരേ വര്‍ഗത്തിലുള്ള ജന്തുക്കളില്‍തന്നെ കാണാം. ജീവപരിണാമത്തിന്റെ പുതിയൊരു രംഗമായ അഹംബോധത്തിലേക്കുള്ള നീക്കമാണിത്.
മനുഷ്യനിലെത്തുമ്പോഴേക്കും ശക്തമായ ഒരു രംഗമായിത്തീരുന്നു അഹംബോധം. ജീവപരിണാമത്തിന്റെ സ്വാഭാവികമായ വികസനരംഗമാണിത്. അതേവരെ ജീവജാലങ്ങള്‍ മിക്കവാറും പ്രകൃതിയുടെ നിയന്ത്രണത്തിലാണ് കഴിയുന്നത്. സ്വന്തം പ്രവൃത്തികളില്‍ ഒരു തിരഞ്ഞെടുക്കല്‍ നടത്താനുള്ള സ്വാതന്ത്ര്യം മനുഷ്യനിലെ അഹംബോധത്തിന്റെ ഘട്ടത്തിലാണ് കൈവന്നിരിക്കുന്നത്. ഇതാണ് മനുഷ്യന്റെ സവിശേഷാവസ്ഥ. ഈ സ്വാതന്ത്ര്യം മനുഷ്യസ്ഥിതിയെ ഒരു സന്ദിഗ്ദ്ധാവസ്തയിലേക്കു കൊണ്ടെത്തിച്ചിരിക്കുകയാണ്. താഴാനോ ഉയരാനോ സ്വാതന്ത്ര്യമുള്ള ഒരവസ്ഥ. അഹംബോധത്തെ ഇടുക്കി, അധപ്പതിച്ച് സ്വയം നശിക്കാനോ വികസിപ്പിച്ച് മനുഷ്യാതീതസംസ്കാരത്തിലേക്ക് പരിണമിച്ചുയര്‍ന്ന് സ്വാതന്ത്ര്യത്തിന്റെ ഉദാത്തരംഗങ്ങളെ പുല്കാനോ സ്വാതന്ത്ര്യമുള്ള ഒരവസ്ഥ.
അഹംബോധത്തെ ഇല്ലാതാക്കുകയാണ് മോക്ഷത്തിലേക്ക്-സ്വാതന്ത്ര്യത്തിലേക്ക്-ഉള്ള മാര്‍ഗമെന്ന് പൊതുവെ പറയാറുണ്ട്. ജീവന്റെ പരിണാമപരമായ ഒരു വികാസസ്ഥിതിയാണ് അഹംബോധം എന്നതിനാല്‍ അതിനെ യുക്തിരഹിതമായി തള്ളിപ്പറയുകയല്ല വേണ്ടത്. വ്യക്തിത്വത്തിന്റെ പരിമിതികളെ അതിലംഘിച്ച് വികസിപ്പിക്കുവാനായി അഹംബോധത്തെ പരിശീലിപ്പിക്കുകയാണ് പരിണാമപരമായ ഉദാത്തഘട്ടങ്ങളിലേക്കുയരാനുള്ള മാര്‍ഗം. ഇതിനായാണ് കര്‍മ്മയോഗം, ധ്യാനയോഗം തുടങ്ങിയ പരിശീലന മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
സ്വാര്‍ത്ഥതയില്‍ ഇടുങ്ങാതെ വ്യക്തിത്വത്തെ വികസിക്കുവാനുള്ള പരിശീലനമാണിത്. വ്യക്തിത്വത്തെ ഇടുക്കുന്ന സ്വാര്‍ത്ഥതയാണ് കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണം. അഹംബോധത്തെ വികസിപ്പിക്കുവാനുള്ള വിദ്യാഭ്യാസമാണ് യുദ്ധത്തെ അപ്രസക്തമാക്കുന്ന അടുത്ത പരിണാമദിശയിലേക്ക് മനുഷ്യനെ നയിക്കേണ്ടത്.
പരിമിതമായ അഹത്തെ അപരിമേയമായ അഹത്തിലേക്ക് വികസിപ്പിച്ചു സ്വതന്ത്രമാകുക എന്നതാണ് മോക്ഷമെന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. അഹം എന്നാല്‍ ഞാന്‍ എന്നര്‍ത്ഥം. ”ഞാനെന്ന ഭാവമിതു തോന്നായ്കവേണമിഹ തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമഃ” എന്ന ഹരിനാമകീര്‍ത്തനത്തിലെ വരി ഇക്കാര്യം വ്യക്തമാക്കുന്നു. പരിമിതമായ അഹത്തെ പ്രതിനിധാനം ചെയ്യുന്ന അര്ജ്ജുനന് അഹം സര്‍വസ്യപ്രഭവോ- ഞാനാണ് എല്ലാത്തിന്റെയും ഉത്ഭവം-എന്നുപറയുന്ന അപരിമേയമായ അഹത്തിന്റെ സാക്ഷാല്‍ക്കാരമായ ശ്രീകൃഷ്ണഭഗവാന് നല്കുന്ന മാനവസ്വാതന്ത്ര്യത്തിന്റെ ശാസ്ത്രമാണ് ഭഗവദ്ഗീത. ഇങ്ങനെ പല ഘട്ടങ്ങളിലും ഈ അര്‍ത്ഥത്തില്‍ അഹം എന്ന വാക്ക് ഭഗവാന് ഉച്ചരിക്കുന്നു. അപരിമേയമായ അഹം എന്ന ഉണ്മയാണ് ബ്രഹ്മം- വിഭൂതിയോഗത്തില്‍ വ്യക്തമാക്കുന്നതുപോലെ അനന്തവൈഭവങ്ങളുള്ള അഹം.
സ്വാര്‍ത്ഥതയില്‍ നിന്ന് അഹംബോധത്തെ വിമോചിപ്പിക്കുകയാണ് യുദ്ധത്തെ മനുഷ്യജീവിതത്തില്‍ അപ്രസക്തമാക്കാനുള്ള മാര്‍ഗമെന്ന് വ്യക്തമാക്കാനാണ് മഹായുദ്ധം തുടങ്ങാന്‍ പോകുന്ന അവസരത്തില്‍ തന്നെ ഗീതോപദേശം വ്യാസഭഗവാന് മഹാഭാരതത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പരിണാമപരമായ വികാസത്തിനായി മനസ്സിനെ സ്ഫുടം ചെയ്യാനുള്ള പരിശീലന മാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചിരിക്കുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു മാര്‍ഗമാണ് ധ്യാനമാര്‍ഗം.
ആധുനികശാസ്ത്ര പശ്ചാത്തലമുള്ള ഇന്നത്തെ ലോകത്തിന് ഇതേക്കുറിച്ചെല്ലാം നല്ലൊരു ഉള്‍ക്കാഴ്ച നല്കാന് കഴിയുംവിധം ശാസ്ത്രത്തിന്റെ വിവിധ മേഖലകള്‍ വികസിച്ചുവരുന്നുണ്ടെന്നത് കാലഘട്ടത്തിന്റെ അനുഗ്രഹം തന്നെയാണ്.
പരിമിതമായ അഹത്തെയും അപരിമേയമായ അഹത്തെയും കുറിച്ചുള്ള ഒരു പഠനം ധ്യാനപരിശീലനത്തിനുള്ള സുഗമമായ വഴിയൊരുക്കിത്തരുന്നതാണ്.
എന്തെങ്കിലും ഇല്ലാതാക്കുകയല്ല ആദ്ധ്യാത്മിക പരിശീലനത്തിന്റെ ലക്ഷ്യം. പരിമിതമായതിനെ അതിന്റെ പൂര്‍ണ്ണതയില്‍ കണ്ടെത്തുകയാണ് എല്ലാ അന്വേഷണങ്ങളുടെയും ലക്ഷ്യം. സമഗ്രമായ അറിവാണ് അതിന്റെ ഉപാധി. ധാരണയാണ് ധ്യാനത്തിലേക്ക് നയിക്കുന്നതെന്ന് യോഗപരിശീലനത്തില്‍ വ്യക്തമാക്കപ്പെടുന്നു. യുക്തിപരവും സമഗ്രവുമായ അറിവിന്റെ പശ്ചാത്തലമുണ്ടെങ്കില്‍ അത് ധ്യാനത്തെക്കുറിച്ച് നല്ലൊരു ഉള്‍ക്കാഴ്ച നല്‍കും. ഇതാണ് ധാരണ എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്.
അഹം എന്ന ബോധാവസ്ഥയെയും അതിന്റെ വ്യാപ്തിയെയും സാധ്യതകളെയും കുറിച്ച് മനസ്സിലാക്കുവാന്‍ ആധുനികശാസ്ത്രാന്വേഷണത്തിന്റെയും പുരാതനജ്ഞാനമേഖലകളുടെയും സമന്വയത്തിലൂടെയുള്ള അന്വേഷണം സഹായമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: