തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കും സ്റ്റുഡന്റ്‌സ് സര്‍വ്വീസ് ഡയറക്ര്‍ക്കും പിന്നാലെ രജിസ്ട്രാര്‍ ഡോ.എം. ജയപ്രകാശിനെയും സിന്‍ഡിക്കേറ്റിലെ സിപിഎം അംഗങ്ങള്‍ ‘ശരിയാക്കി’. രജിസ്ട്രാര്‍ ഡോ.എം .ജയപ്രകാശിനെ സിന്‍ഡിക്കേറ്റിലെ സിപിഎം അംഗങ്ങള്‍ തടഞ്ഞു വച്ച് അസഭ്യം വിളിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയപ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ വധഭീഷണിയെതുടര്‍ന്ന് ഓഫീസിലെത്താതിരുന്ന വൈസ് ചാന്‍സിലര്‍ ഇന്നുമുതല്‍ ഓഫീസിലെത്തും.
തിങ്കളാഴ്ച ഉച്ചയോടെയാണ് രജിസ്ട്രാറുടെ ഓഫീസിലേക്ക് സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കടന്നുചെന്നത്. സിന്‍ഡിക്കേറ്റ് ഹാള്‍ വിട്ടുനല്‍കണമെന്നായിരുന്നു ആവശ്യം. വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ ഹാള്‍ തുറന്ന് നല്‍കാനാകില്ലെന്ന രജിസ്ട്രാര്‍ അറിയിച്ചു. പ്രകോപിതരായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രജിസ്ട്രാറെ തടഞ്ഞുവച്ച് അസഭ്യം വിളിച്ചു. മണിക്കൂറുകളോളം തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി. ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടതിനെതുടര്‍ന്ന് ജയപ്രകാശിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രജിസ്ട്രാര്‍ രണ്ടാഴ്ച അവധിയിലാണ്.
മാര്‍ച്ച് 31 ന് കാലാവധി അവസാനിച്ച സിന്‍ഡിക്കേറ്റ് അംഗം എംജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍. മോഹനകൃഷന്റെ കാലാവധി നീട്ടിനല്‍കാനാകില്ലെന്ന് വിസി നിലപാടെടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. എയ്ഡഡ് കോളേജില്‍ നിന്ന് വിരമിച്ച അദ്ധ്യാപകന് അംഗത്വം നീട്ടി നല്‍കണമെങ്കില്‍ അതേ തസ്തികയില്‍ മൂന്നുമാസം ജോലിചെയ്യണം. ഇതിന് മോഹന കൃഷ്ണന് സാധിക്കാത്തതിനാലാണ് അംഗത്വം നീട്ടിനല്‍കാനാകില്ലെന്ന് വിസി നിലപാടെടുത്തത്. തുടര്‍ന്നാണ് വിസിക്കെതിരെ വധഭീഷണി ഉയര്‍ത്തുകയും പട്ടിജാതി അംഗങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയുമായും സിപിഎം അംഗങ്ങള്‍ രംഗത്തെത്തിയത്.
വെസ് ചാന്‍സലര്‍ക്ക് നേരെ സിന്‍ഡിക്കേറ്റ് അംഗം അഡ്വ.എ.എ. റഹിം വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ ഇതുവരെയും പോലീസ് നടപടിയെടുത്തിട്ടില്ല. സുരക്ഷ ഒരുക്കണമെന്ന ആവശ്യത്തിലും പോലീസ് മൗനം പാലിക്കുകയാണ്. വധഭീഷണി ഉള്ളതുകൊണ്ട് വീട്ടിലിരുന്ന് ഫയല്‍ നോക്കുന്നത് ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലാക്കിയിട്ടുണ്ട്.
ഓഫീസിലേക്കെത്താനായി പോലീസില്‍ നിന്നു ഡെപ്യൂട്ടേഷനിലുള്ള കാര്യവട്ടം ക്യാമ്പസിലെ സുരക്ഷാമേധാവിയെ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് വൈസ് ചാന്‍സലര്‍ സ്ഥലം മാറ്റിയെന്നാണ് അറിയുന്നത്. സ്റ്റുഡന്റ്‌സ് സര്‍വ്വീസ് ഡയറക്ടര്‍ ഡോ.വിജയലക്ഷ്മിയെ എ.എ.റഹിമിന്റെ നേതൃത്വത്തില്‍ തടഞ്ഞ് വച്ച് ആക്രമിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനാല്‍ ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്നാണ് അറിയുന്നത്.
സ്റ്റുഡന്റ്‌സ് സര്‍വ്വീസ് ഡയറക്ടറെ ആക്രമിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: കേരള സര്‍വകലാകാല സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ ഡോ. ടി. വിജയലക്ഷ്മിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പിനുള്ള അവസാന ഗഡുവായ ഏഴ് ലക്ഷം രൂപ ചട്ടവിരുദ്ധമായി അനുവദിക്കാത്തതിന്റെ പേരിലാണ് എസ്എഫ്‌ഐ യൂണിയന്റെയും അഡ്വ.എ.എ.റഹിമിന്റെയും നേതൃത്വത്തില്‍ ആക്രമണം നടന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജില്ലാ പോലീസ് മേധാവിയും ഒരു മാസത്തിനകം വിശദമായ അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആകടിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസിന്റെ ഉത്തരവ്.
ഒരു വനിതാ ഉദേ്യാഗസ്ഥയ്‌ക്ക് അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടത് ഞെട്ടലുണ്ടാക്കുന്നതാണെന്നും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ തീവ്രവാദികള്‍ കാണിക്കുന്ന മനസലിവ് പോലും കാണിച്ചില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. കേസ് മേയ് 4 ന് പരിഗണിക്കും. അതിനിടെ സര്‍ക്കാരും പോലീസും നടപടിയെടുക്കാത്തതിനാല്‍ ഡോ.റ്റി. വിജയലക്ഷ്മി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. ഗവര്‍ണ്ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്നാണ് അറിയുന്നത്.
















