കൊച്ചി : മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ ലെഡ് ഓക്‌സൈഡ് ഇടപാടു കേസില്‍ കേസ് ഏറ്റെടുത്ത് അന്വേഷിച്ചതില്‍ തെറ്റു പറ്റിയെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ മാണിക്കെതിരെ എല്‍ഡിഎഫ് ഉന്നയിച്ച പ്രധാനപ്പെട്ട അഴിമതി ആരോപണമായിരുന്നു ലെഡ് ഓക്‌സൈഡ് ഇടപാട്. എന്നാല്‍ കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കി അന്വേഷണം നടത്തിയത് തെറ്റായ തീരുമാനമായിരുന്നുവെന്നു വ്യക്തമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നു.
മുമ്പു ഹര്‍ജി പരിഗണിക്കവെ നിയമവിരുദ്ധമായി കേസെടുത്തുവെന്നാരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നലെ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരായി കേസുമായി ബന്ധപ്പെട്ട നടപടികളില്‍ തെറ്റുപറ്റിയെന്നു സമ്മതിച്ചത്.
ബാറ്ററികളിലുപയോഗിക്കുന്ന ലെഡ് ഓക്‌സൈഡിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റില്‍ നികുതിയിളവ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് വിജിലന്‍സ് കേസെടുത്തതിനെതിരെ കോട്ടയം നീലംപേരൂര്‍ സ്വദേശി ബെന്നി എബ്രഹാം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഇന്നലെ ഹര്‍ജി പരിഗണിക്കവെ കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയാണെന്നും ഹര്‍ജി തീര്‍പ്പാക്കാന്‍ അനുവദിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി അശോക് കുമാര്‍ കോടതിയില്‍ നേരിട്ടു ഹാജരായി ആവശ്യപ്പെട്ടു. എന്നാല്‍ അഴിമതി ഇല്ലെന്നു കണ്ടെത്തിയാണോ കേസ് അവസാനിപ്പിക്കുന്നതെന്നു കോടതി ചോദിച്ചു. ആണെങ്കില്‍ ഇക്കാര്യം അനുവദിക്കാനാവില്ലെന്നും ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ പിന്നീട് ഹര്‍ജി പരിഗണിക്കവെ അന്വേഷണം ഏറ്റെടുത്തതില്‍ തെറ്റുപറ്റിയെന്നും ഇത്തരം നടപടിക്ക് അധികാരമില്ലെന്നും വ്യക്തമാക്കി വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
നേരത്തേ ഹര്‍ജി പരിഗണിക്കുമ്പോള്‍ നിയമസഭ പാസാക്കിയ ബജറ്റിലെ നിര്‍ദേശങ്ങള്‍ പോലും വിജിലന്‍സ് അന്വേഷണ വിധേയമാക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
















