കാസര്‍കോട്: ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്ക് നേരെ നടന്ന പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: മകന്‍ നഷ്ടപ്പെട്ട ദുഃഖത്തില്‍ വേദനിക്കുന്ന ഹൃദയവുമായി പോലീസ് ആസ്ഥാനത്തെത്തിയ ആ അമ്മയെ കാണാന്‍ ആ അമ്മയുടെ മുന്നിലേക്ക് കടന്നു വരികയായിരുന്നു അധികാരികള്‍ ചെയ്യേണ്ടിയിരുന്നത് …. പിന്നെ സമരമെന്നാല്‍ നിയമ ലംഘനം തന്നെയാണ് …. പോലീസ് സ്‌റ്റേഷനുകളും കളക്ടറുടെ ചേമ്പറും ജയിലുകളും ഒക്കെ സമരകേന്ദ്രങ്ങളായിട്ടുണ്ടെന്നത് ഓര്‍ക്കാതിരിക്കുന്നതിനെ ഓര്‍മ്മ പിശകായി കാണാന്‍ കഴിയില്ല…. ആ അമ്മക്ക് ഒരു വാക്കു കൊണ്ടെങ്കിലും ഒരിറ്റു സ്വാന്ത്വനമേകുന്നതിനു പകരം ആ അമ്മയെ അവിടെ നിന്നും മാറ്റാനായി കാണിച്ച തിടുക്കം അതാണ് മാപ്പര്‍ഹിക്കാത്ത തെറ്റായി മാറിയത്.. ഒരമ്മയുടെ വേദനക്കു മുന്നില്‍ ഇടതു പക്ഷമെന്നോ വലതുപക്ഷമെന്നോ എന്നൊന്നുമില്ല ….. മാതൃപക്ഷം മാത്രമേയുള്ളൂ…..ഇത് മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ രോദനമാണ്…പോലീസ് ആസ്ഥാനത്തിനു മുന്നില്‍ കണ്ടത് സമരമല്ല … മകന്‍ നഷ്ടപ്പെട്ട ആ അമ്മയുടെ വിലാപമായിരുന്നു…ശിവന്റെയും കൃഷ്ണന്റെയും ഗണപതിയുടേയും ചിത്രങ്ങള്‍ക്കു മുന്നില്‍ ആയിരുന്നില്ല ആ അമ്മയുടെ മകന്‍ കൈകൂപ്പി നിന്ന് പ്രാര്‍ത്ഥിച്ചിരുന്നത് …
ചെഗുവേരയുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ മാത്രമായിരുന്നു… അതും ജീവിച്ചിരിക്കുന്ന നേതാക്കളെ ദൈവതുല്ല്യം കണ്ട് സ്‌നേഹിച്ചാരാധിച്ച ഒരു മകന്‍… പാര്‍ട്ടി ഓഫീസുകളെ ആരാധാനാലയങ്ങളേക്കാള്‍ അതിരറ്റ് സ്‌നേഹിച്ച ഒരു മകന്‍…. കണ്ണാടിയും വിളക്കും കണ്ണിന് കണിയാകുന്ന വിഷു പുലരിയില്‍ ഇഷ്ട നേതാക്കളുടെ ചിത്രം കണി കണ്ടുണര്‍ന്നിരുന്ന മകന്‍…
രൂപേഷിന്റെ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
















