ഏപ്രില്‍ 7 ലോകാരോഗ്യ ദിനം. മെച്ചപ്പെട്ട മാനസികാരോഗ്യം കൈവരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുളള ബോധവല്‍ക്കരണമാണ് ലോകാരോഗ്യസംഘടന ഈ വര്‍ഷത്തെ ആരോഗ്യദിനത്തില്‍ മുമ്പോട്ടു വയ്ക്കുന്നത്.
ഏകദേശം അഞ്ചു കോടി ഇന്ത്യക്കാര്‍ക്ക് വിഷാദരോഗമുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോളതലത്തിലാകട്ടെ 300 ദശലക്ഷം ജനങ്ങള്‍ വിഷാദത്തിന്റെ പിടിയിലാണ്. കഴിഞ്ഞ പത്തു ദശകത്തിനിടയില്‍ 18 ശതമാനമായി വിഷാദ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. അവികസിത രാജ്യങ്ങളിലും ഇന്ത്യയെപ്പോലെയുളള വികസ്വര രാജ്യങ്ങളിലും വിഷാദം മൂലമുളള ആത്മഹത്യാ നിരക്കാകട്ടെ മൂന്നില്‍ രണ്ടായി ഉയര്‍ന്നിരിക്കുന്നു.
പലരോഗങ്ങളുടേയും അടിസ്ഥാനകാരണം വിഷാദമാണ്. ”മാനസികാരോഗ്യവും ശാരീരികാരോഗ്യവും രണ്ടല്ല. വിഷാദരോഗികളില്‍ 40-60 ശതമാനം പേരും പലതരത്തിലുളള ആരോഗ്യ പ്രശ്നങ്ങളാല്‍ നേരത്തെ മരണത്തിനു കീഴടങ്ങുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു. യുവാക്കള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് ഭീതിദമാം വിധം വര്‍ദ്ധിച്ചു വരുന്നു. മരണകാരണങ്ങളിലാകട്ടെ ആത്മഹത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. ലോക്സഭ പാസ്സാക്കിയ സുപ്രധാനമായ മാനസികാരോഗ്യസംരക്ഷണ ബില്ലില്‍, ആത്മഹത്യാ ശ്രമത്തെ കുറ്റമായി കാണാതെ വിവിധതരം മാനസിക സംഘര്‍ഷങ്ങളുടെ പരിണിതഫലമായി കാണണമെന്ന് വ്യവസ്ഥ ചെയ്യുന്നു,” ബില്ല് രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി കേശവ് ദേശി രാജു വ്യക്തമാക്കി.
മാനസികരോഗവിദഗ്ധനും ഗവേഷകനുമായ വിക്രം പട്ടേല്‍ പറയുന്നു- ”മാനസികാരോഗ്യ സംരക്ഷണ ബില്‍ പാസ്സാക്കാനായത് ലോക്സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. മാനസികരോഗമുളളവരുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ഇത് വഴിതെളിക്കും.”
കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ഇവരില്‍ 3-9 ശതമാനം പേരും വിഷാദരോഗബാധിതരാണെന്നാണ്. കൗമാരാന്ത്യത്തോടെ ഇവരില്‍ 20 ശതമാനം പേരിലും വിഷാദം കൂടി വരുന്നതുമായാണ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: