തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഞ്ചു പ്രതികളില്‍ ചാനല്‍ സിഇഒ ആര്‍. അജിത്കുമാര്‍, റിപ്പോര്‍ട്ടര്‍ ആര്‍. ജയചന്ദ്രന്‍ എന്നിവരെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ വിട്ടത്. ആര്‍. അജിത്കുമാറിനെയും ആര്‍. ജയചന്ദ്രനെയും കൈയാമം വെച്ചാണ് കോടതിയില്‍ കൊണ്ടുവന്നത്. ഇവരെ കോടതി മുറിക്കകത്ത് ബെഞ്ചില്‍ ഇരുത്തിയതിനെ അഭിഭാഷകര്‍ ചോദ്യം ചെയ്യുകയും മജിസ്‌ട്രേറ്റ് ഇടപെട്ട് പുറത്തു നിര്‍ത്തുകയും ചെയ്തു. പിന്നീട് പുറത്തിറക്കിയപ്പോള്‍ അഭിഭാഷകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹര്‍ത്താല്‍ കാരണം സാധിച്ചില്ല. അതിനാല്‍ നടപടികള്‍ വെള്ളിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു. അശ്‌ളീല സംഭാഷണം സംപ്രേഷണം ചെയ്യാനുപയോഗിച്ച പെന്‍ഡ്രൈവ്, ലാപ്‌ടോപ്പ്, സംഭാഷണം റെക്കോഡുചെയ്ത മൊബൈല്‍ഫോണ്‍ എന്നിവ കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിനു ഇതുവരെയും കഴിഞ്ഞില്ല.
















