തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് പിആർഡിയുടെ പത്ര പരസ്യം. ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പോലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ച് പ്രമുഖ മലയാളം പത്രത്തിലാണ് പരസ്യ പ്രത്യക്ഷപ്പെട്ടത്.
പ്രചരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിൽ തയാറാക്കിയിരിക്കുന്ന പരസ്യത്തിൽ, പുറത്തു നിന്നുള്ള സംഘം ഡിജിപി ഓഫീസിനു മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും പോലീസിന്റെ കൃത്യനിർവഹണത്തെ തടസപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ നിലത്തിട്ട് വലിച്ചിഴച്ചു എന്നത് തെറ്റിദ്ധാരണജനകമായ പ്രചരണമാണ്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും അത്തരം ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പുറത്ത് പ്രസിദ്ധീകരിച്ചിട്ടുമില്ല. ജിഷ്ണുവിന്റെ അമ്മെ നിലത്ത് നിന്ന് എഴുന്നേൽപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച പൊലീസിനും അതിക്രമത്തെ കുറിച്ച് തെളിവ് കിട്ടിയിട്ടില്ലെന്നും പരസ്യത്തില്‍ പറയുന്നു.
പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ, ജിഷ്ണുവിന്റെ ബന്ധുക്കളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അവർക്കെതിരെ കേസും എടുത്തിട്ടില്ലെന്നും പരസ്യത്തിൽ പറയുന്നു. സത്യങ്ങൾ തമസ്കരിക്കുന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പരസ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
















