പത്തനംതിട്ട: പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്റര്‍ ആന്‍ഡ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ന്യൂക്ലിയര്‍ മെഡിസിന് ചികിത്സാ വിഭാഗത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. മധ്യതിരുവിതാംകൂറിലെ ആദ്യ ന്യൂക്ലിയര്‍ മെഡിസിന് ചികിത്സാ കേന്ദ്രമെന്ന പ്രത്യേക ആശുപത്രിക്കുണ്ടാകുമെന്ന് ഡയറക്ടര്‍ ഫാ.ഷാജി എം. ബേബി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ലോക തൈറോയ്ഡ് ദിനം കൂടിയായ നാളെ രാവിലെ 9.30 മുതല്‍ രണ്ടുവരെ സൗജന്യ തൈറോയ്ഡ് രോഗനിര്‍ണയ ക്യാമ്പ് ആശുപത്രിയില്‍ ഉണ്ടാകും. രാവിലെ ഒമ്പതിന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ന്യൂക്ലിയര്‍ മെഡിസിന് വിഭാഗം ഉദ്ഘാടനം ചെയ്യും. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, ചലച്ചിത്ര നിര്‍മാതാവ് രഞ്ജിത്ത്, ചലച്ചിത്രതാരം ചിപ്പി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും.
റേഡിയോ ആക്ടീവ് കിരണങ്ങള്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചുള്ള സ്കാനിംഗ് ചികിത്സയും ഉള്‍പ്പെടുന്നതാണ് ന്യൂക്ലിയര്‍ മെഡിസിന്. വളരെ കുറഞ്ഞ അളവില്‍ റേഡിയോ ആക്ടീവ് മരുന്നുകള്‍ രോഗിയുടെ ശരീരത്തില്‍ കടത്തിവിടുകയും തുടര്‍ന്ന് രോഗിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത സ്കാനിംഗിലൂടെ വിലയിരുത്തുകയുമാണ് ചെയ്യുന്നത്. നാളെ നടക്കുന്ന തൈറോയ്ഡ് രോഗനിര്‍ണയ ക്യാമ്പില്‍ ആദ്യം പേരു രജിസ്റ്റര്‍ ചെയ്യുന്ന 100 പേരെയാണ് പങ്കെടുപ്പിക്കുന്നത്. ഫോണ്‍: 0479 2312266, 9497174219.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ലിസി തോമസ്, ഡോ.മാത്യൂസ് ജോസ്, ഡോ.ആന്റോ ബേബി, ഡോ.അക്യൂബ് ഷായിക്ക്, ഡോ.അരുണ്‍ ശശികുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: