സ്വന്തം ആളുകളിലുള്ള ‘മമത’ മൂലം താന്‍ ഏറ്റെടുത്ത, തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യത്തില്‍നിന്നും ഒളിച്ചോട്ടം നടത്താനായിട്ടാണ് ‘കര്‍മ്മസന്ന്യാസ’മെന്ന വഴിയെ സ്വീകരിക്കാന്‍ അര്‍ജ്ജുനന്‍ തയ്യാറാകുന്നത്. അങ്ങനെ കര്‍മ്മരംഗത്ത് പൂര്‍ണമായും തളര്‍ന്നു വിവശനായി തേര്‍തട്ടിലിരിക്കുന്ന അര്‍ജ്ജുനന്‍ തെറ്റിദ്ധാരണകളില്‍പ്പെട്ടുഴലുന്ന സാധാരണക്കാരുടെയെല്ലാം പ്രതിനിധിയാകുന്നു. ശിഷ്യനെ നിമിത്തമാക്കിക്കൊണ്ട് ശ്രീകൃഷ്ണന്‍ മാനവരാശിയക്കായി നല്‍കുന്ന ആഴത്തിലുള്ള ഉള്‍ക്കാഴ്ചയാണ് ഗീതയിലുടനീളം കാണാനാവുന്നത്.
ജീവനില്‍ അന്തര്‍ഭവിച്ചിരിക്കുന്ന കര്‍മ്മം മൂന്നുതരത്തില്‍ പ്രതിഫലിക്കുന്നുവെന്നുള്ള ഗീതാപാഠം സൂക്ഷ്മദൃക്കുകള്‍ക്ക് കണ്ടെത്താനാവുന്നു. വികാസം താഴത്തേതിലുള്ള ജീവന്റെ പടികളില്‍ കര്‍മ്മം ആഗ്രഹത്തോടുകൂടി മാത്രമേ ചെയ്യാനാവൂ (സകാമകര്‍മ്മം). മൃഗീയതലത്തിലുള്ള ഈ പടിയില്‍നിന്നും മുകളിലേക്ക് വികസിക്കുന്നവരാണ് കര്‍മ്മത്തെത്തന്നെ ജീവനില്‍ ഒട്ടലുണ്ടാകാത്ത രീതിയില്‍ ബുദ്ധിപൂര്‍വ്വം സാധനയാക്കുന്നവര്‍ അഥവാ ആസക്തിയില്ലാതെ ‘കര്‍മ്മ’മനുഷ്ഠിക്കുന്ന സാധകന്മാര്‍ (കര്‍മ്മയോഗം). മൂന്നാമത്തെ തലം ജീവന്‍ പൂര്‍ണമായും വികസിക്കുന്ന ജ്ഞാനിയിലൂടെ പുറത്തേക്ക് വരുന്ന കര്‍മ്മത്തിന്റെ തലമാണ് (ജ്ഞാനിയുടെ കര്‍മ്മം). ജീവിതപൂര്‍ണതയുടെ തലത്തിലെത്താതെ നൈഷ്‌ക്കര്‍മ്മ്യത്തെ ആഗ്രഹിക്കുന്ന അര്‍ജ്ജുനനോട് ആദ്യം പറയുന്നത് സകാമകര്‍മ്മമെങ്കിലും ചെയ്ത് (സ്വര്‍ഗ്ഗത്തെയെങ്കിലും ആഗ്രഹിച്ച്) കര്‍മ്മത്യാഗം എന്ന അബദ്ധത്തില്‍നിന്നും പിന്മാറണമെന്നാണ്. ‘കര്‍മ്മവിഹീനത’ ലക്ഷ്യത്തിലേക്കുള്ള വിപരീത വഴിയായിത്തന്നെ തിരിച്ചറിയണമെന്ന് ചൂണ്ടിക്കാട്ടുന്ന ഗീതാകാരന്‍ സകാമകര്‍മ്മത്തിന്റെ തലത്തെയും അവിടെ വിശദമാക്കുന്നുണ്ട് (ഗീത2.49 ആദിയായ ശ്ലോകങ്ങള്‍), എങ്കിലും ഭൂരിപക്ഷം ആളുകളും ശ്രമിക്കേണ്ടത് കര്‍മ്മത്തെ സാധനയാക്കുന്ന കര്‍മ്മയോഗം അനുഷ്ഠിക്കാനാണ് (ഗീത 3.9 ആദിയായ ശ്ലോകങ്ങള്‍).
കര്‍മ്മത്തിന്റെ മൂന്നാമത്തെ തലമായ ജ്ഞാനിയുടെ അവസ്ഥയേയും ഗീത ചര്‍ച്ച ചെയ്യുന്നുണ്ട് (ഗീത 3.22), ഉന്നതമായ ഈ തലം ഉപനിഷത്തിന്റെ വിഷയമായതുകൊണ്ടാവാം, ഗീത വാചാലമാകുന്നതും പ്രാധാന്യം കൊടുക്കുന്നതും രണ്ടാമതു പറഞ്ഞ സാധകനിലെ കര്‍മത്തെക്കുറിച്ചാണ്. ഭൂരിപക്ഷം ആളുകളും കര്‍മ്മയോഗത്തിനാണ് അധികാരിയെന്ന സത്യത്തെ താങ്ങിക്കൊണ്ട് കര്‍ത്തൃത്വത്യാഗം, ഭോക്തൃത്വത്യാഗം എന്നിങ്ങനെ പടിപടിയായി വേണം വികാസത്തിന്റെ അവസാനപടിയായ കര്‍മ്മസന്യാസത്തിലെത്താന്‍ എന്ന് പ്രായോഗികകാര്യത്തെ ഗീത മാനവരാശിയോടുള്ള കാരുണ്യംകൊണ്ട് വിശദമാക്കിത്തരുന്നു.
ഗീതാകാരന്‍ ആദ്യം തന്നെ ഒരു സാധകന്റെ മുന്‍പില്‍ വക്കുന്നത് ‘സ്ഥിതപ്രജ്ഞ’ന്റേതായ (രണ്ടാമദ്ധ്യായം) തലത്തെയാണ്.
ജീവന്റെ ലക്ഷ്യസ്ഥാനത്തെ മുന്‍പില്‍ വച്ചതിനുശേഷമാണ് സാധകന്‍ പടിപടിയായി ഉയരുന്ന വികാസഘട്ടങ്ങള്‍ പതിനെട്ടദ്ധ്യായങ്ങളിലൂടെ വിശദീകരിക്കപ്പെടുന്നത്. ഏറ്റവും താഴെ നില്‍ക്കുന്ന ഒരന്വേഷകന്റെ ചാഞ്ചല്ല്യവും സംശയവുമാണ് ‘ശിഷ്യസ്‌തേഹം….’ (ഗീത 2.7) എന്ന ശ്ലോകത്തില്‍ കാണാനാവുന്നതെങ്കില്‍ അവസാന അദ്ധ്യായമാകുമ്പോഴേക്കും കാണുന്നത് സംശയങ്ങള്‍ നീങ്ങി, സംതൃപ്തിയുടെ വഴിയില്‍, ഈശ്വരനില്‍ പൂര്‍ണമായും ശരണാഗതനായി ‘നഷ്‌ടോ മോഹ…’ (18.73)എന്ന രീതിയില്‍ ജീവന്റെ പൂര്‍ണതയെ പ്രഖ്യാപിക്കുന്ന സാധകനെയാണ്. സാധാരണതലത്തിലുള്ള മനസ്സിനെ വികസിപ്പിച്ച് ‘ഭഗവദ് മനസ്സായി’ (മന്മനാ ഭവമദ്ഭക്തോ) വികസിക്കണമെന്ന രീതിയില്‍ പ്രഖ്യാപിക്കപ്പെടുന്ന ഗീതോപദേശം ആദ്യപടിക്കും അവസാനപടിക്കുമിടയില്‍ ഒരു സാധകന്‍ കടന്നുപോകേണ്ട സുവര്‍ണസോപാനങ്ങളെ ചിട്ടപ്പെടുത്തി ഒരുക്കിവക്കുന്നു. ജീവന്റെ ലക്ഷ്യത്തെ ധാരാളം തവണയായി ആവര്‍ത്തിച്ചുപറയുന്നതും ഗീതയില്‍ വിശദീകരിക്കപ്പെടുന്നു.
കര്‍മ്മമൊഴിഞ്ഞ ഒരു തലത്തെ പ്രാപിക്കാന്‍ പൂര്‍ണമായും ശുദ്ധിയുള്ള ഒരു മനസ്സിനെ കഴിയൂ (ചിത്തശുദ്ധി), ഈ ചിത്തശുദ്ധിക്കുള്ള എളുപ്പവഴിയായി ഗീത പറഞ്ഞുതരുന്നത് വന്നുചേര്‍ന്നിട്ടുള്ള കര്‍മ്മത്തെ ‘ഈശ്വരാര്‍പ്പിതമായി ചെയ്യൂ’ എന്ന സാധനയാണ്. ”എണ്ണ പുരട്ടി ചക്കമുറിക്കുക” എന്ന രീതിയില്‍ ഭഗവാന്‍ ശ്രീരാമകൃഷ്ണനും പറയുന്നത് ഇതുതന്നെ. പറഞ്ഞുവരുന്നത് ഗീതാകാരന്‍ ജീവന്റെ ലക്ഷ്യമായി ജ്ഞാനത്തെ പറയുമ്പോഴും അത് പ്രാപിക്കാനുള്ള വഴിയായി പറയുന്നത് ഇതുതന്നെ. പറഞ്ഞുവരുന്നത് ഗീതാകാരന്‍ ജീവന്റെ ലക്ഷ്യമായി ജ്ഞാനത്തെ പറയുമ്പോഴും അത് പ്രാപിക്കാനുള്ള വഴിയായി പറയുന്നത് ശരണാഗതിയുടെ മാര്‍ഗ്ഗമാണ്, പ്രപത്തിയുടെ മാര്‍ഗ്ഗമാണ് (സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ-18.66) എന്ന കാര്യമാണ്. ഈ വഴി കഠിനമായിട്ടു തോന്നുന്നവര്‍ക്ക് താഴത്തെ പടികളെ പ്രാപ്തിക്കനുസരിച്ച് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഗീത നല്‍കുന്നുണ്ട്.
അഭ്യാസയോഗത്തെയും (ഗീത 12:9, 10), അതിനും പറ്റിയില്ലെങ്കില്‍ ഭഗവദ്പരങ്ങളായ കര്‍മ്മങ്ങള്‍ക്കായി ജീവന്‍ ഉദ്യമിക്കണമെന്നും (12:11), അതും പ്രായോഗികമല്ലെങ്കില്‍ മനസ്സടക്കി കര്‍മ്മഫലങ്ങളെ ത്യജിക്കുകയെങ്കിലും ചെയ്യുക എന്നുപോലും പറഞ്ഞുതരുന്നു. ഇത്തരം ഭാഗങ്ങള്‍ ഗീതാസന്ദേശത്തെ കൂടുതല്‍ സാര്‍വജനീനമാക്കുന്നു. ഏറ്റവും താണപടിയില്‍ നില്‍ക്കുന്നവര്‍ക്കാശ്രയിക്കാവുന്ന പടി മുതല്‍ അങ്ങേയറ്റത്തുള്ള ഒരു സാധകന്റെ തലത്തെവരെ വിശദമാക്കുന്ന ഈ രീതിവിധാനം ഗീതയെ ഏവര്‍ക്കും ആശ്രയിക്കാവുന്ന അഭയദായിനിയാക്കിത്തീര്‍ക്കുന്നു. ദ്വൈതം മുതല്‍ അങ്ങേയറ്റത്തെ അദ്വൈതംവരെയുള്ള എല്ലാ പടികളെയും ഗീത സാധനാമാര്‍ഗ്ഗമായി നമുക്ക് മുന്നില്‍ തുറന്നുവക്കുന്നു. സഗുണ സാകാരഭാവത്തില്‍ത്തുടങ്ങി, സഗുണ നിരാകാരഭാവത്തിലൂടെ (ഗീത 9:27,3.30) നിര്‍ഗുണനികാരഭാവമായ അദ്വൈതത്തിലെത്തുമ്പോള്‍ (ഗീത 18.45) കിട്ടുന്ന പരമശാന്തിയാണ് ഗീത ചൂണ്ടിക്കാണിക്കുന്ന ലക്ഷ്യസ്ഥാനം. ഗീതയുടെ ഈ സാര്‍വ്വജനീനത്വവും സാര്‍വ്വലൗകികതയും മറ്റൊരിടത്തും കണ്ടെത്താനാവാത്ത ഒന്നത്രെ.
അധികാരികള്‍ക്കു പറ്റിയ മാര്‍ഗ്ഗം കര്‍മ്മ സന്ന്യാസമല്ല നിഷ്‌കാമകര്‍മ്മമാണ് എന്നു ഗീത തുറന്നുപറയുന്നു. അനധികാരിയുടെ ത്യാഗം അപ്രായോഗികമായതുകൊണ്ടുതന്നെയാണ് അര്‍ജ്ജുനന്റെ അകാലസന്യാസം തടയപ്പെടുന്നത്. ജ്ഞാനികളും കൂടി മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ കര്‍മ്മമനുഷ്ഠിക്കുന്നത് ഉത്തമമാണെന്ന (ഗീത 3:20) ധീരമായ വാക്കുകളും ഗീതയിലല്ലാതെ കേള്‍ക്കാനാവില്ല. ഇപ്രകാരം ഓരോ ജീവന്മാരിലും ‘നിത്യാനന്ദപ്രതിഷ്ഠ’യെ സാധ്യമാക്കുന്ന പ്രായോഗികമായ വഴികളെയും അനുഷ്ഠാനങ്ങളെയും ഗീത കാരുണ്യപൂര്‍വ്വം നമ്മെ തൊട്ടുകാണിക്കുന്നു. ചുരുക്കത്തില്‍ അധര്‍മ്മാസക്തരോ പരമധര്‍മ്മഭ്രാന്തരോ ആകാതിരിക്കാനും, സ്വാര്‍ത്ഥകര്‍മ്മമെന്ന കര്‍മ്മകാണ്ഡത്തില്‍നിന്നുയരാനും, അസ്ഥാനത്തുള്ള കര്‍മ്മകാണ്ഡത്തില്‍ പെടാതിരിക്കാനും കരുത്തുനല്‍കുന്ന ഗീത ഏവരെയും വീരന്മാരും നിര്‍ഭയരാക്കാനും പറ്റിയ കാലാതീതമായ മാര്‍ഗ്ഗദര്‍ശനമാണ്. ശോകമോഹങ്ങളുടെ നിവൃത്തിയാണത് പഠിപ്പിക്കുന്നത്.
















