ബംഗാളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സരസ്വതി പൂജക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിദ്യയുടെ ദേവതയാണ് സരസ്വതി. സരസ്വതി പൂജ ബംഗാളില്‍ മതപരമായ ആഘോഷത്തിനപ്പുറം സാംസ്കാരികോത്സവമാണ്. കേരളത്തിലെ ഓണം പോലെ. മൂന്നരപ്പതിറ്റാണ്ട് കാലത്തെ ഇടത്പക്ഷ ഭരണത്തിലും സര്‍ക്കാര്‍ ഉത്തരവോടെയാണ് സരസ്വതി പൂജ നടന്നത്. എന്നാല്‍ ആദ്യമായി ഉത്തവണ തീവ്രമുസ്ലിം പുരോഹിതരുടെ എതിര്‍പ്പില്‍ പല സ്കൂളുകളിലും പൂജ മുടങ്ങി. മമത സര്‍ക്കാര്‍ മതതീവ്രവാദികള്‍ക്കൊപ്പം നിലകൊണ്ടു.
ദര്‍ഗ്ഗാ പൂജക്കും സമാനമായ സ്ഥിതിയാണ് ബംഗാളിലെ ഹൈന്ദവ സമൂഹം അഭിമുഖീകരിച്ചത്. ദുര്‍ഗാ പൂജയും മുഹറവും അടുത്തടുത്ത ദിവസങ്ങളായതിനാല്‍, നിമഞ്ജനത്തിന് സര്‍ക്കാര്‍ സമയ പരിധി ഏര്‍പ്പെടുത്തി. മമതയുടെ ജിഹാദി പ്രേമം തുറന്നുകാണിക്കാന്‍ ഒടുവില്‍ കോടതി തന്നെ വേണ്ടിവന്നു. സര്‍ക്കാര്‍ തീരുമാനം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന് തുറന്നടിച്ച കല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. ദുര്‍ഗാ പൂജക്കിടെ വ്യാപക അക്രമങ്ങളും അരങ്ങേറി.
ജനവരിയില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന മാള്‍ഡ ജില്ലയിലുണ്ടായ ഏകപക്ഷീയ ആക്രമണത്തില്‍ നൂറ് കണക്കിന് ഹിന്ദുക്കള്‍ക്ക് വീട് നഷ്ടപ്പെട്ടു. കല്‍ക്കത്തയിലെ ഹൗറ ജില്ലയില്‍ അടുത്തിടെ അറുപതോളം ഹിന്ദു വീടുകള്‍ തകര്‍ത്തു. തീവ്ര മുസ്ലിം നേതാക്കളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതാക്കളാണ്. വര്‍ഗ്ഗീയ അക്രമങ്ങള്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ മറയില്ലാതെ ലഭിക്കുന്നു. ഏതക്രമത്തെയും ദയയില്ലാതെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ബിന്‍ലാദനും യാക്കൂബ് മേമനും വേണ്ടി പ്രാര്‍ത്ഥന നടത്തിയ കല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍ മസ്ജിദ് ഇമാം ബര്‍ക്കാത്തിയെപ്പോലുള്ളവരാണ് മമതയുടെ ഇപ്പോഴത്തെ ബന്ധുക്കള്‍.
ആഘോഷങ്ങളും ആചാരങ്ങളും തടസ്സപ്പെടുത്തുന്നതും ഭരണകൂട പിന്തുണയോടെ നടക്കുന്ന അക്രമവും തുടര്‍ക്കഥയായതോടെയാണ് രാമനവമി ഹൈന്ദവ സംഘടനകള്‍ ഒന്നാകെ ഏറ്റെടുത്തത്. മുഗളരുടെയും ബ്രിട്ടീഷുകാരുടെയും അധിനിവേശ കാലത്തും ബംഗാളില്‍ രാമനവമി ആഘോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ചുരുക്കം ചില വീടുകളില്‍ മാത്രമായി ആഘോഷം ചുരുങ്ങി. അടിച്ചമര്‍ത്തലിനെതിരായ പ്രതിരോധമായി ശ്രീരാമ ബിംബത്തെ ആര്‍എസ്എസ് ഉയര്‍ത്തിക്കാട്ടിയതോടെ ബംഗാള്‍ ഇത്തവണ കാവിയണിഞ്ഞു. കോയമ്പത്തൂരില്‍ നടന്ന അഖിലഭാരതീയ പ്രതിനിധി സഭ ബംഗാളിലെ ഹിന്ദുവിരുദ്ധ അക്രമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.
ഇതുവരെ കാണാത്ത രാമനവമി ആഘോഷത്തിനാണ് ബംഗാള്‍ ഇത്തവണ സാക്ഷ്യം വഹിച്ചത്. ഇരുനൂറിലേറെ ഘോഷയാത്രകളാണ് ഇതുവരെ നടന്നത്. രണ്ടായിരം മുതല്‍ ഇരുപതിയായിരം വരെ ആളുകള്‍ വിവിധ ഘോഷയാത്രകളില്‍ പങ്കെടുത്തു. തെരുവുകളിലെങ്ങും കാവിക്കൊടികള്‍ പാറുന്നു. അന്തരീക്ഷത്തില്‍ ജയ് ശ്രീരാം വിളികള്‍ അലയടിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ രാമനവമി ആശംസകള്‍ നിറഞ്ഞുനില്ക്കുന്നു. മുഴുവന്‍ ഗ്രാമങ്ങളിലും ആഘോഷത്തിന്റെ അലയൊലികള്‍ ദൃശ്യമാണ്. ഏപ്രില്‍ 11ന് ഹനുമാന് ജയന്തി ദിനത്തില്‍ കല്‍ക്കത്തയിലെ വിരാട റാലിയോടെയാണ് ആഘോഷങ്ങള്‍ സമാപിക്കുന്നത്.
ഇടത് ആധിപത്യവും മമതയുടെ ഭരണവും അന്യമാക്കിയ ഹിന്ദുത്വാഭിമാനബോധം ബംഗാള്‍ ഈ രാമനവമിയിലൂടെ തിരികെപ്പിടിച്ചിരിക്കുന്നു. ബര്‍ക്കാത്തിയെപ്പോലുള്ള ജിഹാദി നേതാക്കളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് വഴങ്ങില്ലെന്ന ഹൈന്ദവ സമൂഹത്തിന്റെ പരസ്യപ്രഖ്യാപനമാണിത്. അപരവത്കരിക്കപ്പെട്ട ജനതയുടെ ആത്മാഭിമാനം വീണ്ടെടുത്ത പ്രതീകമായി ശ്രീരാമന് പുനര്‍ജനിച്ചിരിക്കുന്നു. ബംഗാളിലെ വര്‍ത്തമാന കാലത്ത് ശ്രീരാമനവമി ആഘോഷം മാത്രമല്ല. കൃത്യമായ രാഷ്ട്രീയവും അത് അടയാളപ്പെടുത്തുന്നുണ്ട്. ഹിന്ദുവിന്റെ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണത്. അയോധ്യാ പ്രക്ഷോഭമാണ് സാംസ്കാരിക ദേശീയതയെ അധികാരത്തിലേറ്റിയത്. ബംഗാളിലെ മമത ഭരണത്തെ അതേ ശ്രീരാമവികാരം വലിച്ചുതാഴെയിടുന്ന കാലവും അകലെയല്ല.
ആഘോഷങ്ങള്‍ തടസ്സപ്പെടുത്താന്‍ ഇത്തവണയും മമത സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. തൃണമൂല്‍ ഭരിക്കുന്ന കല്‍ക്കത്ത ദംദം നഗരസഭ ഘോഷയാത്രക്ക് അനുമതി നല്‍കിയിരുന്നില്ല. ഒടുവില്‍ കോടതിയെ സമീപിച്ചാണ് ഹൈന്ദവ സംഘടനകള്‍ അനുമതി വാങ്ങിയെടുത്തത്. അതേ മമത ഇപ്പോള്‍ പാര്‍ട്ടി ബാനറില്‍ ശ്രീരാമനവമി ആഘോഷിക്കാന്‍ തൃണമൂല്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നു. ബംഗാളിന്റെ മുഖം മാറുന്നത് സര്‍ക്കാര്‍ തിരിച്ചറിഞ്ഞതിന്റെ സൂചനയാണിത്. മതപരമായ ആക്രമണോത്സുകത പ്രകടിപ്പിക്കുകയല്ല ഹൈന്ദവ സംഘടനകളുടെ ലക്ഷ്യം, കുഴിച്ചുമൂടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കലാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: