ജീവിത ശൈലീരോഗങ്ങളുടെ വാഹകരായി മലയാളികള്‍ മാറുന്നതിനിടെയിലാണ് പുതിയ ആരോഗ്യ സൗന്ദര്യചിന്തകളുടെ കടന്നുവരവ്. ആഢ്യത്വത്തിന്റെ ചിഹ്നമായി മലയാളികള്‍ കുടവയര്‍ കൊണ്ടുനടക്കുന്നകാലത്താണ് കരുത്തുറ്റ മസിലുകളുമായി രാമസ്വാമി ആലപ്പുഴയിലെത്തിയത്. ആലപ്പുഴക്കാരുടെ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ഭാവം പകര്‍ന്നു നല്‍കിയത് സ്വാമീസ് ജിമ്മിന്റെ ഉടമ കെ. രാമസ്വാമിയാണ്.
ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തില്‍ മാത്രമല്ല ദേശീയ ഭാരോദ്വഹന രംഗത്തും പവര്‍ലിഫ്റ്റിങ് രംഗത്തും ആലപ്പുഴയ്ക്ക് മേല്‍വിലാസം നല്‍കിയത് ഇദ്ദേഹമാണ്. അയേണ്‍ ഗയിംസിന്റെ ഈറ്റില്ലമെന്ന ഖ്യാതി ആലപ്പുഴയ്ക്ക് നേടിക്കൊടുത്തതിനു പിന്നില്‍ രാമസ്വാമിയുടെ ആത്മസമര്‍പ്പണവും കഠിന പരിശ്രമവുമുണ്ട്്. നാഗര്‍കോവില്‍ സ്വദേശിയായ സ്വാമി പാതിരപ്പള്ളിയില്‍ തന്റെ ബന്ധു കൂടിയായ ഡോ. ശങ്കര്‍ റാമിന്റെ ആശുപത്രിയില്‍ ജോലിക്കായാണ് എത്തിയത്.
നാട്ടില്‍വെച്ച് തന്നെ ഭാരോദ്വഹനത്തില്‍ പരിശീലനം നേടിയിരുന്ന സ്വാമി 1957 ല്‍ പാതിരപ്പള്ളിയിലാണ് ആദ്യമായി ഒരു ജിംനേഷ്യം തുടങ്ങുന്നത്. നാട്ടില്‍നിന്ന് കൊണ്ടുവന്ന ഉപകരണങ്ങളായിരുന്നു അന്ന് ഉപയോഗിച്ചിരുന്നത്. പിന്നീട് അത് മുല്ലയ്ക്കല് സെന്റ് ജോര്‍ജ് വക പുരയിടത്തിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം കൊട്ടാരം പാലത്തിന് സമീപം സ്വന്തമായി വാങ്ങിയ സ്ഥലത്താണ് സ്വാമീസ് ജിമ്മിന്റെ ഉദയം. ഇന്ന് കേരളത്തിലെ പ്രധാന ജിംനേഷ്യങ്ങളിലൊന്നാണ് സ്വാമീസ്. അതി പ്രഗത്ഭരായ ഭാരോദ്വാഹകര്‍ക്ക് ജന്മം നല്കാന് സ്വാമീസ് ജിമ്മിന് കഴിഞ്ഞു.
എട്ട് തവണ ദേശീയ പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് നേടുകയും നാല് തവണ സ്ട്രോങ് മാന്‍ ഓഫ് ഇന്‍ഡ്യ പദവി നേടുകയും രാജ്യാന്തര മത്സരങ്ങളില്‍ ആദ്യമായി വെള്ളിമെഡല്‍ കരസ്ഥമാക്കുകയും ചെയ്ത അര്‍ജുന അവാര്‍ഡ് ജേതാവ് പി. ജെ. ജോസഫ് സ്വാമിയുടെ ശിഷ്യന്മാരില് പ്രധാനിയാണ്. ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവ് ജി. ശിവപ്രസാദ്, ജൂനിയര്‍ സ്ട്രോങ് മാന്‍ ഓഫ് ഇന്‍ഡ്യ ആയിരുന്ന അശോക് കുമാര്‍, സീനിയര്‍ വനിതാ പവര്‍ ലിഫ്റ്റിംഗ് നാഷണലില്‍ വെങ്കലം നേടിയ ലൈസാമ്മ ജോസഫ് തുടങ്ങിയവരും സ്വാമിയുടെ ശിക്ഷണത്തില്‍ വളര്‍ന്നവരാണ്.
സ്വാമിയും മല്‍സര രംഗത്ത് ശ്രദ്ധേയനായിരുന്നു. കല്‍ക്കട്ടയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെറ്ററന്‍സ് വിഭാഗത്തില്‍ 60 ാം വയസില്‍ അദ്ദേഹം മൂന്നാം സ്ഥാനം നേടി. അന്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരോട് മല്‍സരിച്ച സ്വാമി 325 കിലോ ഭാരമുയര്‍ത്തിയാണ് അതുല്യനേട്ടം സ്വന്തമാക്കിയത്. അഞ്ച് തവണ തിരുവിതാംകൂറിലെ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്കൂടിയായിരുന്നു സ്വാമി. പവര്‍ലിഫ്റ്റിങ് അദ്ദേഹത്തിന് ജീവിതമായിരുന്നു. നാല് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം പിന്തുണയുമായി കൂടെ നിന്നപ്പോള്‍ സ്വാമീസ് ജിമ്മും വളര്‍ന്നു.
സ്വാമിയുടെ ജിമ്മില്‍ ഭാരമുയര്ത്തിയവരില് നിരവധി പേര് ബഹുമതികളുടെ പടവുകള്‍ കയറി. പവര്‍ലിഫ്റ്റിങ് രംഗത്ത് മറ്റ് സംസ്ഥാനങ്ങളോടൊപ്പം കേരളം കരുത്ത് കാട്ടിയതിന് പിന്നില്‍ സ്വാമിയുടെ വിയര്‍പ്പുണ്ട്. നാല് പതിറ്റാണ്ടിലേറെക്കാലം മെയ്ക്കരുത്തിന്റെ മൂലമന്ത്രങ്ങള്‍ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു നല്കിയ സ്വാമി 1992 ഏപ്രില്‍ എട്ടിന് 74 ാം വയസിലാണ് അന്തരിച്ചത്. മരിക്കുന്നതിന് ഒരുമാസം മുന്‍പ് വരെ മുടങ്ങാതെ ജിമ്മിലെത്തി പരിശീലനം നടത്താറുണ്ടായിരുന്നു അദ്ദേഹം. വേര്‍പാടിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും സ്വാമീസ് ജിം എന്ന സ്ഥാപനം തയലയുയര്‍ത്തി നില്ക്കുന്നു. മക്കള്‍ നാല് പേരും അച്ഛന്റെ പാത പിന്തുടര്ന്ന് രംഗത്തുണ്ട്.
കാലം പിന്നിട്ടപ്പോള്‍ ജിംനേഷ്യങ്ങള്‍ ശരീരസൗന്ദര്യ സംരക്ഷണ കേന്ദ്രങ്ങളായി മാറിയതോടെ സ്വാമീസും പുത്തന്‍ തന്ത്രങ്ങളുമായി കരുത്തുകാട്ടി. ഇന്ന് സ്വാമീസ് ജിം അറിയപ്പെടുന്ന ഫിറ്റ്നെസ് സെന്റര്‍ കൂടിയാണ്. ആലപ്പുഴയ്ക്ക് പുറമെ ഹെര്‍ക്കുലീസ് ജിം, മുരളി ജിം അമ്പലപ്പുഴ, സ്വാമീസ് ജിം ചേര്‍ത്തല എന്നിവിടങ്ങളിലും ശാഖകളുണ്ട്. അടുത്ത മാസം എറണാകുളത്തും, ആഗസ്റ്റില്‍ ഇടുക്കിയിലും പുതിയ ശാഖകള്‍ തുടങ്ങും. രാമസ്വാമിയുടെ മൂത്ത പുത്രനായ മനോഹര്‍ സ്വാമിയാണ് ചേര്‍ത്തലയിലെ ജിമ്മിന്റെ അമരക്കാരന്. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ പരിശീലകനായിരുന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ശരീരസൗന്ദര്യത്തിന്റെ പുത്തന്‍ പാഠങ്ങള്‍ പഠിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്ക് മുതല്‍ക്കൂട്ടാണ്.
ആയിരത്തിലധികം പേരാണ് ഇവിടെ പരിശീലനത്തിനെത്തുന്നത്. പരിശീലനത്തിന് പുറമെ മസാജിങ്, സ്റ്റീംബാത്ത്, ഫാറ്റ് കുറയ്ക്കുന്ന ഇലക്ട്രോ തെറാപ്പിയുള്പ്പെടെ ഇവിടെയുള്ള സൗകര്യങ്ങളാണ് മറ്റ് ജിമ്മുകളില്‍ നിന്നും സ്വാമീസിനെ വേറിട്ടതാക്കുന്നത്. സാധാരണക്കാര്‍ക്ക് കൈപ്പിടിയിലൊതുങ്ങുന്നതരത്തിലാണ് ഫീസ് നിരക്ക്. കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍, സ്്ത്രീകള്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
സ്ത്രീകള്‍ കൂടുതലും സൈക്ലിങ്, എയ്റോബിക്സ്, എലിപ്റ്റിക്കല്‍ തുടങ്ങിയവയാണ് പരിശീലിക്കുന്നത്. പുഷ് അപ്, പുള്‍അപ്, വെയ്റ്റ് ട്രയിനിങ് തുടങ്ങിയ വ്യായാമ മുറകള്‍ കൊഴുപ്പിന്റെ അളവും കുറയ്ക്കും. കുറഞ്ഞ ഫീസില്‍ മികച്ച സംവിധാനങ്ങള്‍ നല്കുന്നതിനാല് പരിശീലനത്തിനായി ഇവിടെയെത്തുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. രണ്ടാമത്തെ മകന് ചന്ദ്രശേഖര്‍ ഹെര്‍ക്കുലീസ് ജിമ്മിന്റെയും മൂന്നാമനായ രാധാകൃഷ്ണന് ആലപ്പുഴ സ്വാമീസ് ജിമ്മിന്റെയും ചുമതലക്കാരാണ്. സ്ട്രോങ് മാന്‍ ഓഫ് ഇന്‍ഡ്യ ആയിരുന്ന അശോക് കുമാറാണ് രാമസ്വാമിയുടെ നാലാമത്തെ പുത്രന്. ഇദ്ദേഹം കര്‍ണാടക ബാങ്കിലെ ജീവനക്കാരനാണ്.
ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍ തുടങ്ങിയ കളികളിലും കായിക രംഗത്തും ആലപ്പുഴയിലെ യുവാക്കള്‍ സജീവമായിരുന്ന കാലത്ത് അവരുടെ ശരീര സൗന്ദര്യ പോഷണ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ് അയണ്ഗയിംസിലൂടെ കായികശേഷിയുടെയും ശരീരസൗന്ദര്യത്തിന്റെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ സ്വാമീസ് ജിമ്മിനും രാമസ്വാമിക്കുമുള്ള പങ്ക് നിസ്തുലമാണ്.
ചിട്ടയായ ആരോഗ്യ പരിശീലനത്തിലൂടെയും ശാസ്ത്രീയമായ വ്യായാമമുറകളിലൂടെയും ഇന്നത്തെ യുവ തലമുറകൊതിക്കുന്ന ശരീരം സ്വന്തമാക്കുന്നതിനുള്ള പുത്തന്‍ തന്ത്രങ്ങള്‍ സ്വാമീസില്‍ നിന്ന് ലഭിക്കും. ബോളിവുഡ് താരങ്ങളെ പോലെ സിക്സ് പാക്കും എയ്റ്റ് പാക്കുമെല്ലാം മലയാളി യുവാക്കളുടെയും മനസില്‍ സൗന്ദര്യത്തിന്റെ അളവുകോലാകുകയാണ്. ഒതുങ്ങിയ വയറിനുമേല്‍ തെളിഞ്ഞുകാണുന്ന മസിലുകളുടെ ദൃഢത..സല്‍മാന്‍ഖാന്റെയും ഷാരൂഖ് ഖാന്റെയും പോലെ ബലിഷ്ഠമായ ശരീരം…ഇതൊക്കെയാണ് യുവാക്കള്ക്കിപ്പോള് ഹരം. ഈ സൗന്ദര്യശാസ്ത്രം മലയാളി യുവത്വത്തെ വശീകരിച്ച് തുടങ്ങിയിട്ട് നാളേറെയായിട്ടില്ല. ബോളിവുഡ് താരങ്ങളെ പിന്‍പറ്റി മലയാളി നടന്മാരും മസിലുകള്‍ പെരുപ്പിച്ച് സിനിമാലോകം കീഴടക്കി.
സാധാരണക്കാരായവര്‍ വരെ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ്. സ്ത്രീകളും പിന്നോട്ടല്ല. നടികളും വീട്ടമമ്മാരും ഉള്‍പ്പെടെയുള്ളവര്‍ ഹെല്‍ത്ത് ക്ലബ്ബുകളിലും എയിറോബിക്സ് ക്ലാസുകളിലും പോകുവാന്‍ സമയം കണ്ടെത്തുന്നു…ആരോഗ്യകരമായ ജീവിതത്തിന്റെ അടയാളമായി മാറുകയാണ് ഫിറ്റ്നെസ്. ഈ സങ്കല്‍പ്പങ്ങള്‍ക്ക് ഗ്രാമ നഗര ഭേദമില്ല. ചെറുനഗരങ്ങളില്‍ പോലും കൂണുകള്‍ പോലെ ഫിറ്റ്നെസ് സെന്ററുകള്‍ മുളച്ചുപൊങ്ങുന്ന കാലത്ത് യുവത്വത്തിന്റെ മനസറിഞ്ഞ് ഫിറ്റ്നെസ് മന്ത്രങ്ങള്‍ മെനഞ്ഞ് ചുറുചുറുക്കിന്റെയും ഉന്മേഷത്തിന്റെയും കേന്ദ്രമായി മാറുകയാണ് സ്വാമീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: