കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വിട്ട് കൊടുക്കാത്തത് ഖനന-സ്വകാര്യ, സഹകരണ മെഡിക്കല്‍ കോളേജ് ലോബികളുടെ സമ്മര്‍ദത്തിന് വഴങ്ങിയിട്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. നിര്‍ദിഷ്ട മെഡിക്കല്‍ കോളേജിന് ആവശ്യമായ റവന്യൂ ഭൂമി ഉണ്ടായിട്ടും കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കൈമാറാത്തതില്‍ ദുരൂഹതയുണ്ട്. മെഡിക്കല്‍ കോളേജോ ആധുനിക സംവിധാനങ്ങളുള്ള ആശുപത്രികളോ ഇല്ലാത്ത ജില്ലയാണ് കാസര്‍കോട്്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും ചികിത്സയ്ക്കായി വിദൂര പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യേണ്ട ദുരവസ്ഥയാണുള്ളത്. അര്‍ബുദം, കിഡ്നി സംബന്ധമായ അസുഖങ്ങളും ഏറ്റവും കൂടുതലുള്ള ജില്ലയാണ് കാസര്‍കോട്. എന്നിട്ടും കണ്ണൂര്‍ സര്‍വകലാശാല മെഡിക്കല്‍ കോളേജ് ആരംഭിക്കാന്‍ തയ്യാറായിട്ടും രണ്ട് വര്‍ഷമായിട്ടും ഭൂമി കൈമാറാന്‍ നടപടി സ്വികരിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ ജില്ലയെ അവഗണിക്കയാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ജില്ലയുടെ എം എല്‍ എമാരും, രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നയം വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: