ട്രിപ്പോളി: ചരിത്രം സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തില്‍ ലിബിയ അടിമക്കച്ചവടത്തിന്റെ കേന്ദ്രമാകുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്കു കുടിയേറാന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരെയാണ് ലിബിയയിലെ പൊതു സ്ഥലങ്ങളില്‍ ലേലം ചെയ്തു വില്‍ക്കുന്നത്. ഈ അഭയാര്‍ഥികള്‍ കള്ളക്കടത്തുകാരുടേയോ ഇസ്ലാമിക ഭീകരസംഘടനകളുടേയോ പിടിയിലാവും. അവര്‍ ഇവരെ അടിമകളാക്കി പരസ്യമായി വില്‍ക്കുകയാണ്.
നാല്‍ക്കവലകളും കാര്‍ പാര്‍ക്കിങ് ഏരിയയുമൊക്കെ അടിമക്കച്ചവടത്തിന്റെ ഇടങ്ങളായി മാറിയിരിക്കുന്നതായി കുടിയേറ്റം സംബന്ധിച്ച അന്താരാഷ്‌ട്ര സംഘടനയുടെ (ഐഒഎം) റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ആസൂത്രിതമായാണ് ഈ കച്ചവടം. അഭയാര്‍ഥികളെ തടവിലാക്കി ദിവസങ്ങളോളം പട്ടിണിക്കിടും. ഇതിനിടെ അവര്‍ക്ക് അറിയാവുന്ന തൊഴിലുകള്‍ ചോദിച്ചു മനസിലാക്കി തരം തിരിക്കും. പൊതു സ്ഥലങ്ങളില്‍ കൊണ്ടുപോയി ഓരോ അടിമയുടേയും ഗുണങ്ങളും അവര്‍ ചെയ്യുന്ന ജോലിയും വിളിച്ചു പറഞ്ഞാണ് വില്‍ക്കുന്നത്. പെയ്ന്റിങ്, കോണ്‍ക്രീറ്റ് ജോലികള്‍ അറിയാവുന്നവര്‍ക്ക് കൂടുതല്‍ വില കിട്ടും.
ഗദ്ദാഫി ഭരണകൂടത്തെ നാറ്റോ സഖ്യസേന പുറത്താക്കിയതിനു ശേഷം ലിബിയ സാമ്പത്തികമായും രാഷ്‌ട്രീയമായും അസ്ഥിരപ്പെട്ട അവസ്ഥയിലാണ്. വടക്കന്‍ നഗരമായ സബ്ബയാണ് അടിമക്കച്ചവടത്തിന്റെ കേന്ദ്രം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് ചെറുപ്പക്കാരെ അടിമകളാക്കി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ സബ്ബയിലുണ്ട്.
പട്ടിണിയും കൊടിയ പീഡനവും മൂലം അഭയാര്‍ഥികള്‍ ദയനീയമായ അവസ്ഥയിലാണെന്ന് ഐഒഎമ്മിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
















