മേല്‍പ്പുത്തൂരിന്റെ ശ്രീമന്നാരായണീയം ആയുരാരോഗ്യ സൗഖ്യവും അതിലൂടെ മോക്ഷവും പ്രാര്‍ത്ഥിച്ചുള്ള ഭഗവദ് പ്രാര്‍ത്ഥനയാണ്. അഷ്ടാംഗയോഗവര്‍ണ്ണനവും യോഗസിദ്ധിവര്‍ണ്ണനവും എന്ന നാലാം ദശകത്തില്‍ യോഗചര്യയുടെ മാഹാത്മ്യവും രീതിയും ഫലവും വിവരിക്കുന്നു. (തുടര്‍ച്ച)
അഗ്‌നിവാസരവളര്‍ക്ഷപക്ഷഗൈ
രുത്തരായണജുഷാ ച ദൈവതൈ:
പ്രാപിതോ രവിപദം ഭവത്പരോ
മോദവാന്‍ ധ്രുവപദാന്തമീയതേ 11
അഗ്‌നി, പകല്‍, വെളുത്തപക്ഷം, ഇവയെ അധിഷ്ഠാനം ചെയ്യുന്ന ദേവതകളാലും ഉത്തരായണത്തിന്നു അഭിമാനിയായ ദേവതയാലും സുര്യലോകത്തെ പ്രാപിപ്പിക്കപ്പെട്ട അങ്ങയുടെ ഭക്തന്‍ സന്തുഷ്ടനായി ധ്രുവലോകംവരെ ഗമിക്കുന്നു.
ആസ്ഥിതോഥ മഹരാലയേ യദാ
ശേഷവക്ത്രദഹനോഷ്മണാര്‍ദ്യതേ
ഈയതേ ഭവദുപാശ്രയസ്തദാ
വേധസ: പദമത: പുരൈവ വാ 12
അതിന്നുശേഷം മഹര്‍ല്ലോകത്തില്‍ എത്തിച്ചേര്‍ന്നു സുഖമായി വസിക്കുന്ന അങ്ങയുടെ ഭക്തന്‍ ആദിശേഷന്റെ മുഖങ്ങളില്‍നിന്ന് പുറപ്പെടുന്ന അഗ്‌നിയുടെ ചൂടുകൊണ്ട് പീഡിപ്പിക്കപ്പെടുമ്പോഴോ അതിന്നു മുമ്പായിത്തന്നേയോ ബ്രഹ്മലോകത്തെ പ്രാപിക്കുന്നു.
തത്ര വാ തവ പദേഥവാ വസന്‍
പ്രാകൃതപ്രലയ ഏതി മുക്തത!
സ്വേച്ഛയാ ഖലു പുരാ വിമുച്യതേ
സംവിഭിദ്യ ജഗദണ്ഡമോജസാ 13
അവിടെത്തന്നേയോ അല്ലെങ്കില്‍ അങ്ങയുടെ ലോകത്തിലോ വസിച്ചുകൊണ്ട് മഹാപ്രളയകാലത്തി!ല്‍ മോക്ഷത്തെ പ്രാപിക്കുന്നു; ഓജസ്സുകൊണ്ട് സ്വേച്ഛപോലെത്തന്നെ ബ്രഹ്മാണ്ഡത്തെ പിളര്‍ന്ന് അതിന്ന് മുമ്പായിത്തന്നേയും മുക്തനായിത്തീരുന്നു.
തസ്യ ച ക്ഷിതിപയോമഹോനില
ദ്യോമഹത്പ്രകൃതി സപ്തകാവൃതീ:
തത്തദാത്മകതയാ വിശന് സുഖീ
യാതി തേ പദമനാവൃതം വിഭോ 14
ഹേ ഭഗവന്‍! ആ ബ്രഹ്മാണ്ഡത്തിന്റെ ഭൂമി, ജലം, തേജസ്സ്, വായു, ആകാശം, മഹത്തത്ത്വം പ്രകൃതി എന്നീ ഏഴു ആവരണങ്ങളെയും അദ്ദേഹം അതതിന്റെ സ്വരുപത്തോടുകൂടി പ്രവേശിച്ച് അവിടവിടെയുള്ള സുഖങ്ങളെ അനുഭവിച്ചുകൊണ്ട് ആവരണങ്ങളൊന്നുമില്ലാത്തതായിരിക്കുന്ന നിന്തിരുവടിയുടെ പരമപദത്തെ പ്രാപിക്കുകയും ചെയ്യുന്നു.
അര്‍ച്ചിരാദിഗതിമീദൃശീം വ്രജന്‍
വിച്യുതിം ന ഭജതേ ജഗത്പതേ
സച്ചിദാത്മക ഭവത് ഗുണോദയാ
നുച്ചരന്തമനിലേശ പാഹി മാം 15
ജഗദ്വീശ്വര! ഈ വിധത്തിലുള്ള അഗ്‌നി തുടങ്ങിയ ദേവതകളുടെ മാര്‍ഗ്ഗത്തില്‍കൂടിയുള്ള ഗതിയെ പ്രാപിക്കുന്ന ജീവന്‍ പിന്നീട് അധഃപതനത്തെ പ്രാപിക്കുന്നില്ല. സച്ചിദാനന്ദസ്വരുപനായ ഗുരുവായൂരപ്പ! അങ്ങയുടെ ഗുണോല്‍ക്കര്‍ഷങ്ങളെ കീര്‍ത്തിക്കുന്ന എന്നെ രക്ഷിച്ചരുളിയാലും.
(അഷ്ടാംഗയോഗവര്‍ണ്ണനവും യോഗസിദ്ധിവര്‍ണ്ണനവും എന്ന നാലാംദശകം സമാപിച്ചു)
















