ദുഖവെള്ളിയില്‍ നിന്നും ഈസ്റ്റര്‍ ഞായറിലേക്കുള്ള ദൂരത്തിന് മണിക്കൂറുകളുടെ അകലമേയുള്ളൂ.പക്ഷേ ്അതിനു പിന്നിലെ ദുഖത്തിനും ആഹ്ളാദത്തിനുമിടയില് സഹനത്തിന്റെ എണ്ണിയാലൊടുങ്ങാത്ത കാലത്തിന്റെ അകലങ്ങളുണ്ട്.രണ്ടായിരം വര്‍ഷത്തിനുശേഷവും ആ വ്യസനസ്മരണ മഹത്തരമാകുന്നത് ഈ സഹനത്തിന്റെ കനപ്പുകൊണ്ടാണ്.
ക്രിസ്തീയ സമൂഹം ലോകം മുഴുവന്‍ ഇന്ന് ആനന്ദോത്സവമായ ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍ യേശു എന്ന എളിമയുടെ ചക്രവര്‍ത്തി പീഡാസഹനത്തിലൂടെ തന്റെ ജനത്തിന് പാപമോചനത്തില് നിന്നും പറുദീസ വാഗ്ദാനം ചെയ്ത മഹത്വം അറിയുകകൂടിയാണ്.രണ്ടു കള്ളന്മാര്ക്കു നടുവില്‍ ഒരു സത്യ ദൂതന്റെ ക്രൂശുമരണം എന്ന നേരത്തേ എഴുതപ്പെട്ട വിധിയാണ് യേശുവിലൂടെ നടന്നത്.ക്ഷമിക്കുന്ന സ്നേഹവും ഉപാധിയില്ലാത്ത കാരുണ്യവുംകൊണ്ട് ശത്രുവില്ലാത്ത ലോകത്ത് ജീവിച്ച് മനുഷ്യന് ദൈവമാകാമെന്നു കാണിച്ചു കൊടുത്തതിന്റെ ആഹ്ളാദ തിരുന്നാളാണ് ഈസ്റ്റര്‍.യേശുവിനെപ്പോലെ ആയില്ലെങ്കിലും കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ സന്ദേശം മനസിലാക്കാനുള്ള മനസെങ്കിലും ഉണ്ടാവുന്നതുതന്നെ നന്മയുടെ സ്നാനമാണ്.ക്രിസ്ത്വനുഭവം ഉള്ളവനാണ് യഥാര്‍ഥ ക്രിസ്ത്യാനി. ക്രിസ്തു ആത്മാവില്‍ വിരുന്നു വരണം.
ഒരേ സമയം മനുഷ്യപുത്രനും ദൈവപുത്രനുമായി ജീവിക്കുകയായിരുന്നു യേശു.സ്വന്തം ജനത്തിനു ചിലതു ബോധ്യപ്പെടുത്താന്‍ ദൈവപുത്രനായും ചിലതിനു മനുഷ്യപുത്രനായും മാറുകയായിരുന്നു അദ്ദേഹം.ജനനം അതിശയവും മരണം മാനുഷികവുമായിരുന്നു.അനീതിക്കെതിരെ പള്ളിയങ്കണത്തില്‍പ്പോലും ചാട്ടവാറെടുത്തു യേശു.അന്നത്തെ സമൂഹത്തില്‍ ആധുനിക പരിഷ്ക്കാരിയായിരുന്നു യേശു.അതുകൊണ്ടു തന്നെ പലര്‍ക്കും അദ്ദേഹത്തെ മനസിലായില്ല.ഒടുവില്‍ തെമ്മാടിയായ ബറാബാസിനെ വിട്ടുതരണം എന്ന് ജനം ആവശ്യപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല.
വൈരുധ്യങ്ങളുടെ ലാവണ്യമായിരുന്നു യേശുവിന്റെ ജീവിതം.ത്യാഗത്തിന്റെ സമ്പന്നത.എളിമയുടെ വൃദ്ധി.മറ്റുള്ളവര്‍ക്കായുള്ള വേദനയിലൂടെ സന്തോഷം.ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി പങ്കുവെപ്പാണെന്നു സ്വജീവിതത്തിലൂടെ ഓര്‍മ്മിപ്പിക്കുകയായിരുന്നു യേശു.ദുഖത്തിന്റെ കടലു നീന്തിച്ചെല്ലുന്നത് ആഹ്ളാദത്തിന്റെ മറുകര. ക്രൂശുമരണത്തിനുശേഷം വിശുദ്ധിയുടെ മറ്റൊരു ജന്മം.സഹനത്തിന്റെ പാരിതോഷികമാണ് ഈസ്റ്റര്‍ ആഹ്ളാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: