ഏതാനും മാസത്തെ നിശബ്ദതക്ക് ശേഷം കശ്മീര്‍ താഴ്വര വീണ്ടും സംഘര്‍ഷത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. സൈന്യത്തിനെതിരായ കല്ലേറും ഭീകരാക്രമണവും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ വെടിവെപ്പും ആവര്‍ത്തന വിരസതയില്ലാതെ അരങ്ങുതകര്‍ക്കുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടറായിരുന്ന ബുര്‍ഹാന്‍ വാനിയെ സൈന്യം അര്‍ഹിക്കുന്ന ആദരവോടെ സ്വര്‍ഗത്തില്‍ ഹൂറിമാരുടെ അടുത്തേക്ക് പറഞ്ഞയച്ചതിന് പിന്നാലെ ജൂലൈയിലാണ് ഇതിന് മുന്‍പ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നാല് മാസത്തോളം നീണ്ട സംഘര്‍ഷം പ്രധാനമന്ത്രി നോട്ട് പിന്‍വലിക്കന്‍ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ഒറ്റയടിക്ക് നിലച്ചു. ഇതിനിടെ നൂറോളം പേര് കൊല്ലപ്പെട്ടു. പരിക്കേറ്റവരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.
കശ്മീരിലെ ബുധ്ഗാമിലെ ഏറ്റുമുട്ടലാണ് ഇപ്പോഴത്തെ സംഘര്‍ഷത്തെ തുടക്കത്തില്‍ ചര്‍ച്ചയാക്കിയത്. ഒരു ഭീകരനും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ പറയുന്നു. സാധാരണക്കാരുടെ മരണത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുള്‍പ്പെടെ പാര്‍ലമെന്റില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളിലും ഇരട്ടത്താപ്പ് മതേതരരുടെ പ്രസംഗങ്ങളിലും സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെടുന്നവര്‍ക്ക് പ്രക്ഷോഭകാരികള്‍, യുവാക്കള്‍, സാധാരണക്കാര്‍, ജനങ്ങള്‍, കല്ലേറുകാര് എന്നൊക്കെയാണ് വിശേഷണം. മാര്‍ക്സിസ്റ്റ്-മൗദൂദിസ്റ്റ് മതേതരര്‍ ഒരുപടികൂടി കടന്ന് രക്തസാക്ഷികളെന്നും സ്വാതന്ത്ര്യ പോരാളികളെന്നും വാഴ്ത്തിപ്പാടും.
ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍, ഭീകരരെ രക്ഷപ്പെടുത്താന്‍ കല്ലുമായി സൈന്യത്തെ ആക്രമിച്ചവരാണ് ബുധ്ഗാമില്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് സൈന്യത്തെ നേരിടുന്നവര്‍ എങ്ങനെയാണ് സാധാരണക്കാരാകുന്നത്?. സൈന്യത്തെ ആക്രമിച്ച് പിന്‍വാങ്ങുന്നതാണ് പാക്ക് ഭീകരസംഘടനകളുടെ പുതിയ തന്ത്രം. ഇവരെ പിന്തുടരുന്ന സൈനികരെയാണ് കല്ലും പെട്രോള്‍ ബോംബുമായി ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ഒരേസമയം ഭീകരരെയും നൂറ് കണക്കിന് അക്രമകാരികളെയും സൈന്യത്തിന് നേരിടേണ്ടി വരുന്നു. ഇതിനിടയില്‍ ജീവന് പൊലിഞ്ഞ സൈനികര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കാന്‍ പ്രതിപക്ഷത്തെ എംപിമാരെ പാര്‍ലമെന്റിന് അകത്തോ പുറത്തോ കണ്ടിട്ടില്ല. അതേസമയം പാക്ക് ഭീകരരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ജീവന് പണയപ്പെടുത്തി പോരാടുന്ന സൈനികരെ ആക്രമിക്കുന്നവരെ വെറും പ്രക്ഷോഭകാരികളെന്നും കല്ലേറുകാരെന്നും ലളിതവത്കരിച്ച് നിലവിളിക്കുകയും ചെയ്യുന്നു. ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് ആയുധങ്ങളുമായി പാഞ്ഞടുക്കുന്ന ചാവേറുകളെ ഭീകരര്‍ക്ക് സമമായല്ലാതെ പിന്നെങ്ങനെയാണ് നേരിടേണ്ടത്. അവരും ഭീകരരും തമ്മില്‍ എന്താണ് വ്യത്യാസം. ഭീകരര്‍ എന്നുതന്നെയല്ലെ അവരെ വിളിക്കേണ്ടത്. മതേതരത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പുരപ്പുറത്ത്കയറി ഭീകരരെ സാധാരണക്കാരും സ്വാതന്ത്ര്യസമര പോരാളികളുമാക്കുന്നവരെ രാജ്യദ്രോഹികളെന്നും ഉച്ചത്തില്‍ വിളിക്കണം.
2008, 2010 വര്‍ഷങ്ങളാണ് കശ്മീരിലെ കല്ലേറ് ആക്രമണത്തിന്റെ സുവര്‍ണകാലം. ഇടക്ക് നിലച്ചിരുന്ന വിഘടനവാദികളുടെ കല്ലേറ് വ്യവസായം ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. വ്യവസായമെന്ന വാക്കുപയോഗിച്ചത് മനപ്പൂര്‍വ്വമാണ്. ബുര്‍ഹാന്‍ വാനിയുടെ വധത്തിന് പിന്നാലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പാക്ക് ചാരസംഘടന ഐഎസ്ഐ ആയിരം കോടി രൂപയാണ് വിഘടനവാദികള്‍ക്ക് ഒഴുക്കിയത്. ഇത് മുഴുവനും കല്ലേറുകാരെ സംഘടിപ്പിക്കാനാണ് ചെലവഴിച്ചതെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ‘ദ സണ്‍ഡെ ഗാര്ഡിയന്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് നാടുകളിലൂടെ ഹവാലാ ഇടപാടുകള്‍ വഴിയാണ് പണം വിഘടനവാദി നേതാക്കള്‍ക്ക് ലഭിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതലാളുകളെ ഐഎസ്സിലേക്കെത്തിച്ച കേരളത്തിന് ഇതിലും അഭിമാനിക്കാന്‍ വകയുണ്ട്. കേരളത്തിലെയും ബംഗാളിലെയും ഇടനിലക്കാരാണ് പണം കശ്മീരിലെത്തിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. ഭീകരര്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ കണ്ണീരൊഴുക്കുന്ന എം.ബി. രാജേഷ് മുതല്‍ എന്‍.കെ. പ്രേമചന്ദ്രന് വരെയുള്ളവര്‍ക്ക് ഇതിന് എന്തു മറുപടിയാണ് പറയാനുള്ളത്.
‘ഇന്ത്യാ ടുഡെ’ നടത്തിയ അന്വേഷണം കല്ലേറിലെ മറ്റൊരു മുഖം പുറത്തെത്തിച്ചു. ഏഴായിരം രൂപ മാസശമ്പളം നല്‍കിയാണ് വിഘടനവാദികള്‍ കല്ലേറുകാരെ സംഘടിപ്പിക്കുന്നത്. കുട്ടികളെയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. പെട്രോള്‍ ബോംബ് നിര്‍മ്മിക്കാനും പ്രയോഗിക്കാനും സാധിക്കുമെങ്കില്‍ ഇതിലധികം ലഭിക്കും. സംഘര്‍ഷം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവര്‍ക്ക് പ്രതിദിനം അയ്യായിരം വരെ പ്രതിഫലമുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും വാഹനങ്ങളും ആക്രമിക്കാനും പാക്കിസ്ഥാന്റെയും ഐഎസ്സിന്റെയും പതാക ഉയര്‍ത്താനും ഐഎസ്ഐ വിഘടനവാദികള്‍ക്ക് നല്കുന്ന പണത്തിന് വലിയ പങ്കുണ്ട്. ഇതുവരെ 35 പോലീസുകാരെ പരിക്കേല്‍പ്പിച്ചതായി ഒരാള്‍ അവകാശപ്പെടുന്നതും ഇന്ത്യാ ടുഡെയുടെ വീഡിയോയിലുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ അക്രമികളെ സംഘടിപ്പിക്കാന്‍ പാക്ക് ഭീകരസംഘടനകള്‍ക്കും ഐഎസ്ഐക്കും ഇപ്പോള്‍ സാധിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ നിന്നും നിയന്ത്രിക്കുന്ന ഫേസ്ബുക്ക്, വാട്സ് ആപ് ഗ്രൂപ്പുകളാണ് മിനിട്ടുകള്‍ക്കുള്ളില്‍ അക്രമികളെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് എത്തിക്കുന്നത്. ഇത്തരത്തില്‍ 250ഓളം ഗ്രൂപ്പുകളുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്. ഇത് ചൂണ്ടിക്കാട്ടി, അകലെയുള്ള ഗ്രാമങ്ങളില്‍ നിന്നുള്‍പ്പെടെ സൈന്യത്തെ നേരിടാന്‍ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് ആളുകളെത്തുന്നതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇന്ത്യാ വിരുദ്ധ പ്രചാരണത്തിനായി 17000 വ്യാജ അക്കൗണ്ടുകള്‍ ഐഎസ്ഐ പ്രവര്‍ത്തിപ്പിക്കുന്നു.
ഭീകരരെ സഹായിക്കാന്‍ സൈനികരെ ആക്രമിക്കുന്നവരെ ഭീകരരെപ്പോലെ നേരിടുമെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു. പതിവ് തെറ്റിക്കാതെ റാവത്തിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. റാവത്തിനെ മനുഷ്യാവകാശം പഠിപ്പിക്കാനിറങ്ങിയവര്‍ എന്നാല്‍ അദ്ദേഹം അത് പറയാനുണ്ടായ സാഹചര്യം മറച്ചുവെച്ചു. ഭീകരരെ പിന്തുടര്‍ന്ന മൂന്ന് സൈനികരെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവം ഉണ്ടായി. പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ കൊണ്ടുപോകാനും കല്ലേറുകാര് അനുവദിച്ചില്ല. തുടര്‍ന്ന് സൈനികന് മരിച്ചു. ചോരവാര്‍ന്ന് മരിച്ച സഹപ്രവര്‍ത്തകന്റെ വിയോഗമായിരുന്നു റാവത്ത് നയം മറയില്ലാതെ വ്യക്തമാക്കിയതിന് പിന്നില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സര്‍ക്കാരും ജമ്മു കശ്മീര്‍ പോലീസ് മേധാവിയും റാവത്തിനെ പിന്തുണച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്മീര്‍ വിഷയത്തില്‍ സൈന്യവും സര്‍ക്കാരും പോലീസും ഒരൊറ്റ സ്വരത്തില്‍ സംസാരിക്കുന്നത്. പാക്കിസ്ഥാനായാലും ഭീകരരായാലും സ്വന്തം രാജ്യത്തെ ശത്രുക്കളായാലും ഉചിതമായത് ചെയ്യാന്‍ സൈന്യത്തിന് മോദി സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്. വാക്കും പ്രവൃത്തിയും വ്യത്യസ്തമല്ലെന്ന് ബുധ്ഗാമില്‍ സൈന്യം തെളിയിച്ചു. ഇനിയും മനസിലാകാത്തവര്‍ക്ക് പതിവ് പോലെ കല്ലും പെട്രോള്‍ ബോംബുമായി തെരുവില്‍ തോക്കിന് മുന്നിലേക്ക് കടന്നുവരാം. സൈന്യത്തിന്റെ ബുള്ളറ്റുകള്‍ അവര്‍ക്ക് മറുപടി നല്‍കും.
ഒരു സംഘം വിഘടനവാദികള്‍ സിആര്‍പിഎഫ് ജവാന്മാരെ അടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഏതാനും ദിവസത്തിന് ശേഷം കല്ലേറ് തടയാന്‍ വിഘടനവാദികളിലൊരുത്തനെ സൈന്യം വാഹനത്തിന് മുന്നില്‍ കെട്ടിയിട്ട് കവചമായി ഉപയോഗിച്ചതിന്റെ വീഡിയോയും പുറത്തുവന്നു. ഇടത്പക്ഷം ഉള്‍പ്പെടെയുള്ള കപട മനുഷ്യാവകാശക്കാര്‍ക്ക് ആദ്യത്തെ വീഡിയോ വിഷയമേ ആയിരുന്നില്ല. ഒമ്പത് സിആര്‍പിഎഫുകാരെ ആയിരത്തോളം വിഘടനവാദികള്‍ കല്ലുമായി ആക്രമിച്ചപ്പോഴാണ് സ്വന്തം ജീവന് രക്ഷിക്കാന്‍ അതിലൊരുത്തനെ വാഹനത്തിന് മുന്നില്‍ സൈനികര്‍ കെട്ടിയിട്ടത്. സൈനികര്‍ക്കില്ലാത്ത മനുഷ്യാവകാശമാണ് രാജ്യത്തെ തലതിരിഞ്ഞ ബുദ്ധിജീവികള്‍ പാക്കിസ്ഥാന് ചാവേറുകള്‍ക്ക് നല്‍കുന്നത്.
സ്വാതന്ത്ര്യം, സ്വയംനിര്‍ണയാവകാശം, സ്വയംഭരണം തുടങ്ങിയ വാക്കുളൊക്കെ കശ്മീരുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇടത്പക്ഷം ഉള്‍പ്പെടെയുള്ള ‘ബ്രേക്കിംഗ് ഇന്ത്യ ശക്തികള്‍’ എടുത്തിടാറുണ്ട്. ഡമോക്രാറ്റിക് യൂത്ത് ഫെഡറേഷന് ഓഫ് ഇന്ത്യ എന്ന ഡിവൈഎഫ്ഐ ജമ്മു കശ്മീരില്‍ ഡമോക്രാറ്റിക് യൂത്ത് ഫെഡറേഷന് ഓഫ് ജമ്മു ആന്റ് കശ്മീര്‍ എന്നാണ്. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായിപ്പോലും ഡിവൈഎഫ്ഐ കണക്കാക്കുന്നില്ല. സര്‍ക്കാരിനെ മറികടന്ന് വിഘടനവാദി നേതാക്കളുമായി ചര്‍ച്ചക്ക് പോയി നാണംകെട്ട് മടങ്ങിയ യച്ചൂരിയുടെയും രാജയുടെയും ദയനീയ ചിത്രവും നമുക്ക് മുന്നിലുണ്ട്. കശ്മീരിലേത് ഇന്ത്യയും കശ്മീരികളും തമ്മിലുള്ള പോരാട്ടമാണെന്ന് പ്രചരിപ്പിക്കുന്നത് പാക്കിസ്ഥാനാണ്. ഇന്ത്യയെ പലതായി വിഭജിക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്ന ‘അഫ്സല് ഗുരുവിന്റെ മക്കള്‍’ ഇത് ഏറ്റുപാടുന്നുമുണ്ട്. കശ്മീരിലെ യഥാര്‍ത്ഥ പ്രശ്നത്തെ തന്ത്രപൂര്‍വ്വം ഒളിപ്പിച്ചുവെക്കാനുള്ള ഗൂഡാലോചനയാണ് ഇതെല്ലാം.
കശ്മീരിലെ സംഘര്‍ഷം കശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടമല്ല. ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ജിഹാദ് മാത്രമാണത്. കശ്മീരികളും ഇന്ത്യയും തമ്മിലല്ല പോരാട്ടം. മറിച്ച് ഇസ്ലാമും മതേതരത്വവും തമ്മിലാണ്. തെരുവ് കത്തിക്കാനും സൈന്യത്തെ ആക്രമിക്കാനും മുസ്ലിങ്ങളെ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. ഒരു മതവിഭാഗത്തിന്റെ വിഘടനവാദം എങ്ങനെയാണ് കശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടമാകുന്നത്. 68.31 ശതമാനമാണ് ജമ്മു കശ്മീരിലെ മുസ്ലിം ജനസംഖ്യ. (എങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും ഭൂരിപക്ഷ മുസ്ലിങ്ങള്‍ക്കാണ് ലഭിക്കുന്നത്.) മറ്റ് മതക്കാരും മതമില്ലാത്തവരുമായി 31.69 ശതമാനം ജനങ്ങളുണ്ട്. ഇവരില്‍ ഒരാളെപ്പോലും കല്ലേറ് സംഘത്തില്‍ കാണാനുമില്ല. മതേതരത്വത്തെയും ജനാധിപത്യത്തെയും അംഗീകരിക്കാന്‍ സാധിക്കാത്ത രാഷ്ട്രീയ ഇസ്ലാമാണ് കശ്മീരില്‍ പ്രതിസ്ഥാനത്ത്. മതേതരത്വവും ജനാധിപത്യവും അന്യമായ മുസ്ലിം രാജ്യങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാണ് കശ്മീരും.
പ്രവാചക ഭരണത്തിനായി ലോകമെങ്ങും പലരൂപത്തില്‍ കൂട്ടക്കൊലകള്‍ നടമാടുന്നതിന്റെയും സ്വാതന്ത്ര്യത്തിനായി മതരാജ്യം വെട്ടിക്കീറി നല്‍കേണ്ടി വന്നതിന്റെയും തുടര്‍ച്ചയാണിത്. കശ്മീരിന് വേണ്ടിയുള്ള സ്വാതന്ത്ര്യമല്ല, ഇസ്ലാമിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ സക്കീര്‍ റഷീദ് ഭട്ട് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ആസാദിയല്ല, ജിഹാദാണ് ലക്ഷ്യമെന്നതിന് ഇതില്‍പ്പരം തെളിവെന്തിന്. ജിഹാദിനുള്ള കൃത്യമായ മറുപടി ഇന്നത്തെ ഇന്ത്യന്‍ സര്‍ക്കാരിനുണ്ട്. അതാണ് കശ്മീരില്‍ കാണുന്നതും. നെഹ്റുവല്ല, മോദിക്ക് പട്ടേലാണ് മാതൃക. ബുര്‍ഹാന്‍ വാനിയുടെ പിതാവിന്റെ അഭിമുഖം എക്സ്ക്ലുസീവാക്കി നിര്‍ഭയം നിരന്തരം പടച്ചുവിടുന്ന കേരളത്തിലെ മാധ്യമങ്ങള്‍ക്കാണ് ഇതിനിയും മനസിലാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: