കാസര്‍കോട്: കാസര്‍കോട് നഗരസഭ കെട്ടിടത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കഫെ ശ്രീ കാന്റീന് രണ്ട് ആഴ്ചയായിലധികമായി അടച്ചു പൂട്ടി. കുടുംബശ്രീ സിഡിഎസിന്റെ അഞ്ച് പേര് ചേര്‍ന്നാണ് കഫെ ശ്രീ കാന്റീന് ആരംഭിച്ചത്. തുടക്കത്തില്‍ നഷ്ടത്തിലായിരുന്നുവെങ്കിലും പിന്നീട് കാന്റീന് ചെറിയ ലാഭത്തിലാണ് മുന്നോട്ട് പോയിരുന്നത്. ഇതിനിടയിലാണ് കാന്റീന് അടച്ചുപൂട്ടിയത്. കഫെ ശ്രീ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് താത്കാലികമായി അടച്ചിട്ടതെനാനാണ് അധികൃതര്‍ പറയുന്നത്. കുടുംബശ്രീ സ്റ്റേറ്റ് മിഷനില്‍ നിന്നും ലഭിച്ച കുറേ സാധനങ്ങള്‍ കഫെ ശ്രീ കാന്റീനിലാണ് സൂക്ഷിച്ചിരുന്നത്. കുറച്ച് സാധനങ്ങള്‍ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിലും സൂക്ഷിച്ചിട്ടുണ്ട്. ഇതെല്ലാം ക്രമീകരിക്കാനും നവീകരിക്കുന്നതിനുമായാണ് താത്കാലികമായി അടച്ചിട്ടത്. തൊട്ടടുത്തുള്ള കൃഷി ഓഫീസിന്റെ ഒരു മുറിയും കഫെ ശ്രീക്കായി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഇത് അടുക്കളയാക്കി മാറ്റാനാണ് തീരുമാനം. ഇതിന്റെയെല്ലാം പണി നടന്നുകൊണ്ടിരിക്കുകയാണ്. കഫെ ശ്രീക്ക് 8,700 രൂപയാണ് മാസവാടകയായി നിശ്ചയിച്ചിട്ടുള്ളത്. ഈ വാടക കൂടുതലാണെന്നുള്ള പരാതിയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുണ്ട്.
രണ്ട് കുടുംബശ്രീ യൂണിറ്റുകള്‍ കഫെ ശ്രീ നടത്തിപ്പിന് താത്പര്യം പ്രകടിപ്പിച്ച് വന്നിട്ടുണ്ടെന്നും എന്നാല്‍ മുമ്പ് കഫെ ശ്രീ നടത്തിയവര്‍ തന്നെ തങ്ങള്‍ക്ക് വീണ്ടും കഫെ ശ്രീ നടത്തിക്കൊണ്ടുപോകന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് തന്നെ വീണ്ടും കഫെ ശ്രീ നടത്തിപ്പ് ചുമതല നല്‍കാനാണ് തീരുമാനം. മൂന്ന് മാസത്തിനുള്ളില്‍ നല്ല രീതിയില്‍ നടത്തിയാല്‍ മാത്രമേ തുടര്‍ന്ന് നടത്താന്‍ അനുവദിക്കുകയുള്ളൂവെന്നും അല്ലെങ്കില്‍ താത്പര്യം പ്രകടിപ്പിച്ച മറ്റു യൂണിറ്റുകള്‍ക്ക് നല്‍കുമെന്നും സിഡിഎസ് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കുന്നു. നഗര സഭയില്‍ നടന്ന നിരവധി അഴിമതികള്‍ സംബന്ധിച്ച് നിലവില്‍ വിജിലന്‍സ് അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: