രാജപുരം: യുഎഇയിലെ റാസല്‍ ഖൈമ ആശുപത്രിയില്‍ കഴിയുന്ന ഒരു മലയാളി കുടുംബത്തിന്റെ ദുരവസ്ഥ ആരെയും കരളലയിപ്പിക്കുന്നു. അന്യദേശത്തെ ആശുപത്രി കിടക്കയില്‍ ബോധമറ്റ് കിടക്കുന്ന അമ്മ. അമ്മയെ ശയ്യാവലംബയാക്കിയ ദുരന്തം നേരില്‍ക്കണ്ട നടുക്കത്തില്‍ രണ്ടു മക്കള്‍. എല്ലാറ്റിനും മൂക സാക്ഷിയായി ഭാര്യയുടെ ജീവന് രക്ഷിക്കാന്‍ പ്രാര്‍ത്ഥനയോടെ കഴിയുന്ന ഭര്‍ത്താവ്. പ്രതീക്ഷയോടെ ഗള്‍ഫിലെത്തിയ മകളുടെ ദുരവസ്ഥയില്‍ കളളാര്‍ കൊട്ടോടി പേരടുക്കം തോട്ടത്തില്‍ വീടും ദു:ഖസാന്ദ്രമാണ്. റാസല്‍ ഖൈമയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ശശിധരനോടൊപ്പം അവധിക്കാലമാഘോഷിക്കാന്‍ മക്കളായ ശശിനയും അശ്വജിത്തിനും കൂടെ ഒരാഴ്ച മുമ്പാണ് ചുളളിക്കരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന അര്‍ച്ചന സന്ദര്‍ശന വിസയില്‍ ഗള്‍ഫിലേക്കെത്തിയത്. പക്ഷെ അവധിയാഘോഷിക്കാനെത്തിയ അര്‍ച്ചനക്ക് ഗള്‍ഫില്‍ നേരിടേണ്ടി വന്നത് വന്‍ ദുരന്തമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 6ന് ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അമിതവേഗതയില്‍ വന്ന വാഹനം അര്‍ച്ചനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
രണ്ട് മക്കളെയും അപകടത്തില്‍ നിന്നും ശശിധരന് രക്ഷപ്പെടുത്തിയെങ്കിലും ഭാര്യയെ രക്ഷപ്പെടുത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ റാസല്‍ ഖൈമയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അര്‍ച്ചന ഇപ്പോള്‍. അപകടത്തില്‍ തലച്ചോറിലേറ്റ ക്ഷതം മൂലം മൂന്ന് മേജര്‍ ഓപ്പറേഷനുകള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. യു എ ഇയിലെ വിവിധ സന്നദ്ധ സംഘടനകള്‍ അര്‍ച്ചനയുടെ ജീവന് രക്ഷിക്കാനായി രംഗത്തിറങ്ങിയിട്ടുണ്ട്.
കാല്‍ക്കോടിയോളം രൂപ ഇതിനോടകം തന്നെ ചികിത്സയ്ക്കായി ചിലവാക്കി കഴിഞ്ഞു. വെന്റിലേറ്ററില്‍ കഴിയുന്ന അര്‍ച്ചനയുടെ ചികിത്സയ്ക്കായി പ്രതിദിനം 2 ലക്ഷത്തോളം രൂപ ആവശ്യമാണ്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയാല്‍ മാത്രമേ നാട്ടിലേക്ക് കൊണ്ടു വരാന്‍ സാധിക്കുകയുളളു. ഇതുവരെയും യുവതിയുടെ ബോധം തിരിച്ചു കിട്ടിയിട്ടില്ല. അര്‍ച്ചനയുടെ ജീവന് രക്ഷിക്കണമെങ്കില്‍ ഏകദേശം 75 ലക്ഷത്തോളം രൂപ ഇനിയും വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സാമ്പത്തിക പിന്നോക്കം നില്ക്കുന്ന ശശിധരന്റെ കുടുംബത്തിന് ഇത്രയും ഭീമമായ തുക താങ്ങാവുന്നതിലും അപ്പുറമാണ്. ഗള്‍ഫിലുള്ള സുഹൃത്തുക്കളും നാട്ടുകാരും യുവതിയുടെ ജീവന് രക്ഷിക്കാന്‍ ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. ശശിധരന്റെ ചെറിയ വരുമാനത്തില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് ചികിത്സാ ചിലവും കുടുംബത്തിന്റെ ഉത്തരവാദിത്വവും ഒരുമിച്ച് കൊണ്ടു പോവാനാവാത്ത അവസ്ഥ വന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ കുടുംബത്തെ സഹായിക്കുന്നതിനായി കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ചെയര്‍മാനും കെ.ഗോവിന്ദന് മാസ്റ്റര്‍ കൊട്ടോടി കണ്‍വീനറുമായി ഉദാരമതികളുടെ നേതൃത്വത്തില്‍ അര്‍ച്ചന ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കാരുണ്യമതികളായ നാട്ടുകാര്‍ നല്കുന്ന സാമ്പത്തിക സഹായമാണ് അര്‍ച്ചനയുടെ ജീവന് രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം. ചികിത്സാ സഹായ കമ്മറ്റി ചുളളിക്കര സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 470222 00084988 ഐ എഫ് എസ് സി കോഡ്: എസ്.വൈ.എന്‍.ബി. 0004702 സിന്‍ഡിക്കേറ്റ് ബാങ്ക് ചുളളിക്കര ബ്രാഞ്ച്. ഫോണ്‍ നമ്പര്‍. ചെയര്മാന്: 9496049748 കണ്‍വീനര്‍: 9946667433
പ്രതികരിക്കാൻ ഇവിടെ എഴുതുക: