ബാഗ്‌ദാദ്: ഇറാഖിൽ ഐഎസ് ഭീകരർ രാസായുധവുമായി സൈനികരെ നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഐഎസ് ഭീകരർ മൊസൂളിൽ നടത്തിയ രാസായുധ പ്രയോഗത്തിൽ ആറ് ഇറാഖി സൈനികർക്കും നിരവധി സാധാരണക്കാർക്കുമാണ് പരിക്കേറ്റത്. ഐഎസിന്റെ രണ്ടാമത്തെ മാരകമായ രാസായുധ പ്രയോഗമായിരുന്നു ഇതെന്ന് ഇറാഖി സൈനിക വക്താക്കൾ അറിയിച്ചു.
മൊസൂൾ ഭൂരിഭാഗവും ഐഎസിൽ നിന്നും സൈന്യം മുക്തമാക്കിയെങ്കിലും ചില ഭാഗങ്ങളിൽ ഭീകരർ തമ്പടിക്കുന്നുണ്ട്. ഇവരെ പരമാവധി തുരത്താൻ സൈന്യം ശ്രമിക്കുന്നതിനിടെയാണ് ഭീകരർ രാസായുധ പ്രയോഗവുമായി രംഗത്തെത്തിയത്. ഞായറാഴ്ചയാണ് സൈന്യം തമ്പടിച്ചിരുന്ന പ്രദേശത്ത് ഭീകരർ രാസായുധം പ്രയോഗിച്ചത്.
ഇതേ തുടർന്ന് ആറ് സൈനികർക്ക് കനത്ത രീതിയിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബ്രിഗേഡിയർ ജനറൽ യാഹ്യാ റസൂൽ പറഞ്ഞു. ഭീകരർ ഏത് തരത്തിലുള്ള രാസായുധമാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല, ഇതിനായി അന്വേഷണം നടത്തും- അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യത്തിന്റെ ആക്രമണത്തെ ചെറുക്കാൻ ഭീകരർ രാസായുധത്തിലൂടെ ശ്രമം തുടരുകയാണ്. എന്നാൽ മൊസൂളിലെ ഭീകരരുടെ എല്ലാ സങ്കേതങ്ങളും തകർക്കാൻ തങ്ങൾക്കാകുമെന്നാണ് സൈന്യത്തിന്റെ വാദം. മൊസൂളിലെ ഉറോബാ, ബാബാ ജദീദ് ജില്ലകളിൽ നിന്നുമാണ് രാസായുധം പ്രയോഗിച്ചതെന്ന് സൈന്യം പറഞ്ഞു. നാല് ലക്ഷം മുതൽ അഞ്ച ലക്ഷം വരെ സാധാരണക്കാർ ഈ പ്രദേശങ്ങളിൽ വസിക്കുന്നുണ്ടെന്നാണ് സൈന്യം പറയുന്നത്. ഇവരെ ഉടൻ തന്നെ ഭീകരരുടെ പക്കൽ നിന്നും മോചിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നും സൈനിക വക്താക്കൾ അറിയിച്ചു.
















